കാളകെട്ടുത്സവം; ഒരുമയുടെ ഋഷഭകാന്തി

എം അനിൽ
Published on Oct 11, 2026, 01:01 AM | 3 min read
ഓണം മലയാളിയുടെ ദേശീയ ഉത്സവമാണ്. ഇരുപത്തിയെട്ടാം ഓണം മഹാ ഉത്സവമായി കൊണ്ടാടുന്നൊരു നാടുണ്ടിവിടെ, ആ നാടിന്റെ പേരാണ് ഓണാട്ടുകര. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവം ഒരുമയുടെ ദേശീയ ഉത്സവമാണ്, ദൃശ്യവിരുന്നാണ്. ഓണാട്ടുകരയിലെ 52 കരകളിലും കാളകെട്ട് ഉത്സവത്തിന്റെ കേളികൊട്ടും പോരാട്ടങ്ങളുടെ വീര്യവും കാണാം. മറുനാടൻ മലയാളികൾ പോലും കാളകെട്ടുത്സവത്തിന്റെ ഭാഗമാകാനെത്തും. വിളവെടുപ്പ് മഹോത്സവമാണിത്. അതിൽ ജാതിയില്ല, മതമില്ല. അതുകൊണ്ടുതന്നെ ഓച്ചിറ നൽകുന്ന സന്ദേശം മാനവികതയുടേതാണ്. കൂട്ടായ്മ തന്നെയാണ് ഓച്ചിറ കെട്ടുത്സവത്തിന്റെ പ്രത്യേകത.
തെക്കൻ കേരളത്തിൽ ഏറ്റവും വലിയ എടുപ്പ് കുതിരകൾ അണിനിരക്കുന്ന കെട്ടുകാഴ്ചയുള്ളത് ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ ആണ്. എന്നാൽ, ഏറ്റവും വലിയ കെട്ടുകാളകളെ അണിനിരത്തി ഉത്സവം ഒരുക്കുന്നത് ഓച്ചിറയിലും. കാർഷിക സമൃദ്ധിയുടെ നാടാണ് ഓണാട്ടുകര. ആലപ്പുഴ, കൊല്ലം ജില്ലകളിലെ കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്ക് പ്രദേശങ്ങളും കുന്നത്തൂർ താലൂക്കിലെ ശൂരനാട് പ്രദേശവും ചേരുന്നതാണ് ഓണാട്ടുകര. ചിങ്ങം, -കന്നി മാസങ്ങളിലെ കൊയ്ത്തിനുശേഷമുള്ള വിളവെടുപ്പുത്സവം ആണ് ഇരുപത്തിയെട്ടാം ഓണമായി കരുതിപ്പോരുന്നത്. കൃഷിയും കാളകളും തമ്മിലുള്ള ബന്ധത്തെ ഉൗട്ടിയുറപ്പിക്കാനും കർഷകരും കർഷകത്തൊഴിലാളികളും ഒത്തുചേർന്ന് സന്തോഷം പങ്കിടാനും വിവിധ ദേശങ്ങൾ ഒത്തുചേർന്ന് ഒരു കരയാവുന്നു, ആ കരയുടെ ഉത്സവമാണ് ഇരുപത്തിയെട്ടാം ഓണാഘോഷവും കാളകെട്ടുത്സവവും.
പത്തൊന്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിൽ സർവേ നടത്താൻ എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ വാർഡ് (Ward), കോണർ (Conner) എന്നിവരുടെ റിപ്പോർട്ടുകളിൽ ഓച്ചിറ പടനിലത്തെക്കുറിച്ചും കാർഷിക ഒത്തുചേരലുകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇരുന്നൂറു വർഷങ്ങൾക്ക് മുന്പേ കാളകെട്ടുത്സവവും ആഘോഷങ്ങളും ഓച്ചിറയിലുണ്ട്. ഇക്കുറി ഇരുന്നൂറോളം കാളകളെയാണ് പടനിലത്ത് എത്തിച്ചത്.

കരവിരുതിലെ വിസ്‌മയം
കരവിരുതും കലയും ഒത്തുചേർന്നാണ് കെട്ടുകാളകളെ അണിയിച്ചൊരുക്കുന്നത്. ഇതിൽ പുതുതലമുറയും സജീവം. തടിയും വൈക്കോലുംകൊണ്ട് രൂപം ഉണ്ടാക്കി അതിൽ ചുവപ്പും വെളുപ്പും തുണികൾ പൊതിഞ്ഞ് അലങ്കാരങ്ങൾ പിടിപ്പിച്ചാണ് കാളകെട്ട്. പണ്ട് നെൽക്കതിർ കൊണ്ടുള്ള കതിരുകാളകളായിരുന്നു. ഇവയ്ക്കുള്ള ശിരസ്സുകൾ കുമ്പിൾ, ഊറാവ്, പാല തുടങ്ങിയ തടികൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. കൊത്തുപണികൾകൊണ്ട് അലംകൃതമാക്കി പഞ്ചവർണങ്ങളായ ചുവപ്പ്, വെളുപ്പ്, മഞ്ഞ, പച്ച, കറുപ്പ് നിറങ്ങൾ നൽകി മനോഹരമാക്കുന്നു. ശക്തിയെയും പൗരുഷത്തെയും സൂചിപ്പിക്കുന്ന ആൺകാളയെയാണ് ചുവപ്പ് നിറത്തിൽ അണിയിച്ചൊരുക്കുന്നതെന്നും സമാധാനത്തെയും സൗമ്യതയെയും മാതൃത്വത്തെയും സൂചിപ്പിക്കുന്ന പെൺകാളയെയാണ് വെളുത്ത നിറത്തിൽ നിർമിക്കുന്നതെന്നും പഴമക്കാർ ചൂണ്ടികാട്ടുന്നു. 30 അടി ഉയരമുള്ള കാളയുടെ നെറ്റിപ്പട്ടം നേരത്തേ സ്വർണം പൂശുമായിരുന്നു. ഇതിന് കുറഞ്ഞത് ഒന്പത്, 10 പവൻ വേണ്ടിവരും. പിത്തളയിൽ തീർത്ത പല വലിപ്പത്തിലുള്ള കുമിളകളിൽ പിന്നീടു സ്വർണം പൂശിയ ശേഷം പ്രത്യേകതരം തുണിയിൽ സൂചിയും നൂലും ഉപയോഗിച്ച് തുന്നിപ്പിടിപ്പിക്കുകയായിരുന്നു. എന്നാൽ സ്വർണവില ഉയർന്നതോടെ മാറ്റംവന്നു. ഇപ്പോൾ ഫൈബർ കുമിളകൾ പ്രത്യേകതരം തുണിയിൽ പശ ഉപയോഗിച്ച് ഒട്ടിച്ചുചേർക്കുകയാണ്.

തടിയുടെ കാതലാണ് ചട്ടക്കൂട്ടിനും ഉടലിന്റെ പണിക്കും ഉപയോഗിക്കുന്നത്. തൊലിചെത്തി വെയിലത്തിട്ട് വെള്ളം വലിഞ്ഞശേഷം ഉരുപ്പടിയായി അറുത്തെടുക്കും. പിന്നീട് കൃത്യമായ അളവിൽ തരംതിരിച്ചാണ് നിർമാണം. കാളകളുടെ ആകൃതിവരുത്താൻ നീളൻ വയ്ക്കോലായ ചേറാടി കച്ചിതന്നെ വേണം. ഉണക്കി സൂക്ഷിക്കുന്ന വയ്‌ക്കോൽ വലിയ തിരികളായി തെറുത്താണ് ഉടലിനുള്ളിൽ നിറയ്ക്കുക. ചട്ടക്കൂടിനുള്ളിൽ വയ്ക്കോൽ നിറച്ചാണ് കാലിന്റെ നിർമാണം. കാളകളുടെ അഴകളവുവരുത്തി വയ്ക്കോൽ ഇഴക്കയർ ഉപയോഗിച്ചു കെട്ടിഉറപ്പിക്കും. ഇതിനുമേലെ ചാക്കു പൊതിയുന്നതോടെ ഒന്നാം ഘട്ടം പൂർത്തിയാവും. പിന്നീടു കാളകളെ പ്ലാസ്‌റ്റിക് ചാക്കും ചിലയിടങ്ങളിൽ മുൻവർഷത്തെ തുണിയും ഉപയോഗിച്ചു പൊതിയും. ആദ്യം പൂർത്തിയാക്കുക വലതുഭാഗത്തു ശിവസങ്കൽപ്പത്തിലുള്ള ചുവന്ന കാളയുടെ ജോലികളാവും. കെട്ടുകാളയൊരുക്കൽ ഓരോ കരയുടെയും ഉത്സവമാണ്. കോൽകെട്ടുമുതൽ കാളമൂട്ടിൽ കഞ്ഞിസദ്യയുണ്ടാകും. പുഴുക്കും മധുര വിതരണവും ഉറപ്പാണ്. ശിരസ്സ് ഉറപ്പിക്കൽ ദിനം പായസ സദ്യയും നടത്തും.
ചന്തമേറിയ മുഖത്തെഴുത്ത്
കാളയുടെ മുഖത്തെഴുത്ത് പ്രധാനമാണെന്ന് യുവ ചിത്രകാരനായ ഓച്ചിറ വയനകം വൈഷ്‌ണവത്തിൽ അജിൻ വിഷ്‌ണു ചൂണ്ടിക്കാട്ടുന്നു. പണ്ട് പ്രകൃതിദത്ത നിറങ്ങളായിരുന്നു. ഇപ്പോൾ ഇനാമൽ പെയിന്റ് ഉപയോഗിക്കുന്നു. 12, 14 അടി ഉയരമുള്ള തലകളുടെ പെയിന്റിങ്ങിന് പത്തുദിവസത്തിലേറെ വേണം. ചക്രം, കുറ്റിക്കോൽ, മുട്ടുവല്ലഴി, വല്ലഴി ഉലവുപടി, കാൽ, മുരുത്തുകോൽ, പള്ളക്കോൽ, നാഴി, കഴത്തുകോൽ, കഴുത്തുമുരിത്ത്, പള്ളമുരിത്ത്, അങ്കപ്പലക, കർണക്കോൽ, തല എന്നിങ്ങനെയാണ് കെട്ടുകാളയുടെ ഭാഗങ്ങൾ. 30 അടിയിൽ കൂടുതൽ ഉയരമുള്ള എല്ലാ കാളകൾക്കും ഒരു കോൽ (28 ഇഞ്ച്) ആണ് ചക്രത്തിന്റെ ഉയരം.










0 comments