print edition ബെർലിൻ മതിലിലെ ചെമ്പൂക്കൾ

ബെർലിൻ സ്‌റ്റേറ്റ് പാർലമെന്റിൽ ഡീ ലിങ്കെ പാർടിയുടെ വിജയത്തിനുശേഷം സംസ്ഥാന നേതൃയോഗത്തിനെത്തിയ എലിഫ് എറാൾപ് സഹപ്രവർത്തകർക്കൊപ്പം

വിജേഷ് ചൂടൽ
Published on Sep 27, 2026, 12:00 AM | 4 min read
ജർമൻ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് അലക്സാണ്ടർ പ്ലാറ്റ്സിനുസമീപം തലയുയർത്തി നിൽക്കുന്ന ചരിത്രസ്മാരകമുണ്ട്– ‘റോതസ് റാത്തൗസ്' (റെഡ് ടൗൺഹാൾ). ചുവന്ന ചുടുകട്ടകളാൽ പടുത്തുയർത്തിയ മനോഹരമായ മന്ദിരത്തിന് ആ പേര് ലഭിച്ചത് രാഷ്ട്രീയനിറംകൊണ്ടല്ല. നിർമാണ വൈശിഷ്ട്യം കൊണ്ടുമാത്രം. എന്നാൽ, ചരിത്രം ചില നിയോഗങ്ങളെ കാത്തുവയ്ക്കാറുണ്ട്. ഇന്ന് ബെർലിൻ നഗരത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ ചുവരുകൾക്ക് കേവലം ചുടുകട്ടകളുടെ നിറംമാത്രമല്ല; ജർമൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ചെന്പതാകയുടെ പോരാട്ടവീര്യത്തിന്റെ നിറംകൂടിയാണത്. നവഫാസിസവും വംശീയതയും കരിനിഴൽവീഴ്ത്തുന്ന യൂറോപ്യൻ രാഷ്ട്രീയത്തിന്റെ ഒത്തമധ്യത്തിൽ, ജനകീയ പ്രതിരോധത്തിന്റെ മതിലായി ബെർലിനെ മാറ്റി ‘ഡീ ലിങ്കെ' (ദ ലെഫ്‌റ്റ്) പാർടി അധികാരം പിടിച്ചെടുത്തിരിക്കുന്നു. കോർപറേറ്റുകളുടെയും വംശീയവാദികളുടെയും നെഞ്ചിൽ ചവിട്ടി അമരത്തേക്ക് നടന്നുകയറുന്നത് ലോകമെമ്പാടുമുള്ള അരികുവൽക്കരിക്കപ്പെട്ട ജനതയുടെ ഇടതുപക്ഷപ്രതിനിധി– നാൽപ്പത്തഞ്ചുകാരിയായ ജനകീയ അഭിഭാഷക എലിഫ് എറാൾപ്. വിദ്വേഷത്തിന്റെ മതിലുകളെ മാനവികതയുടെ തലോടലാൽ തകർത്തെറിയാൻ കഴിയുമെന്ന് ലോകത്തോട് വിളിച്ചുപറയുന്നു ബെർലിനിലെ മനുഷ്യർ.
ഐക്യജർമനിയുടെ ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരത്തിന്റെ മേയർപദവിയിലേക്ക് ഇടതുപക്ഷം എത്തുന്പോൾ അത് കുടിയേറ്റക്കാരുടെകൂടി പ്രതിനിധിയാകുന്നത് കാലത്തിന്റെ അനിവാര്യതയാകാം. അപരർ എന്നു മുദ്രകുത്തി അതിരുകെട്ടിയകറ്റുന്ന നവനാസികൾ വെറുപ്പിന്റെ പുതിയ വെളിപാടുകൾ പ്രഖ്യാപിക്കുന്ന രാജ്യത്തുനിന്ന് ഇതാ യൂറോപ്പ് മാനവികതയുടെ ശബ്ദം കേൾക്കുന്നു. തുർക്കിയിലെ സെെനിക ഭീകരതയിൽനിന്ന് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ട അഭയാർഥിയുടെ മകൾ യൂറോപ്പിന്റെ ഹൃദയഭൂമി ഭരിക്കാൻ ഒരുങ്ങുമ്പോൾ, അത് ലോകത്തെമ്പാടുമുള്ള മർദിത ജനവിഭാഗങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല. വലതുപക്ഷ തീവ്രവാദത്തിന്റെ വേരറുത്ത്, ജർമനിയുടെ തലസ്ഥാനനഗരിയെ പിടിച്ചടക്കിയ ഇടതുപക്ഷത്തിന്റെ വിജയം വെറുമൊരു തെരഞ്ഞെടുപ്പുഫലമല്ല; വംശീയതയ്ക്കെതിരെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയപ്രതിരോധമാണ്.
അഭയാർഥിപ്രവാഹത്തിൽ വളർന്ന ബാല്യം
പത്താംവയസ്സിൽ കൂട്ടുകാരെ കൂട്ടി താമസസ്ഥലത്തിന്റെ ഗ്യാരേജിലിരുന്ന് പരിസ്ഥിതിസംരക്ഷണത്തിനായി പോസ്റ്ററുകൾ വരച്ചുണ്ടാക്കിയ ഒരു പെൺകുട്ടിയുണ്ടായിരുന്നു മ്യൂണിക്കിലെ അഭയാർഥിക്യാന്പുകളിലൊന്നിൽ. അതായിരുന്നു അവളുടെ ആദ്യത്തെ സമരമുഖം. മാതാപിതാക്കൾ പങ്കെടുത്ത പ്രതിഷേധറാലികളിൽ അവരുടെ കൈപിടിച്ച് നടന്നാണ് അവൾ ആദ്യമായി മുദ്രാവാക്യം വിളിച്ചത്. നിയമപഠനം പൂർത്തിയാക്കിയപ്പോൾ തെരഞ്ഞെടുത്തത് ക്രിമിനോളജിയും കുടിയേറ്റനിയമങ്ങളും. പണമുള്ളവർക്കുവേണ്ടി കോടതികളിൽ വാദിക്കുന്നതിനേക്കാൾ അവൾ ഇഷ്‌ടപ്പെട്ടത് പണമില്ലാത്തതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന അഭയാർഥികളുടെ നീതിക്കായി ശബ്ദമുയർത്താനാണ്.
യൂറോപ്പിന്റെ സുഖലോലുപതയിൽനിന്ന് വളർന്നുവന്ന നേതാവല്ല എലിഫ് എറാൾഡ്. അവരുടെ ചോരയിൽ വിപ്ലവത്തിന്റെ കനലുകൾ പകർന്നത് സ്വന്തം ജീവിതമാണ്. 1980- സെപ്തംബറിൽ തുർക്കിയിലുണ്ടായ സൈനിക അട്ടിമറിയെ തുടർന്ന്, ജീവൻ രക്ഷിക്കാൻ പശ്ചിമ ജർമനിയിലേക്ക് പലായനം ചെയ്യേണ്ടിവന്ന സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തകരായിരുന്നു എലിഫിന്റെ മാതാപിതാക്കൾ. ജയിലിൽനിന്നിറങ്ങി അഭയംതേടി ഓടിക്കിതയ്ക്കുന്പോൾ അമ്മയുടെ വയറ്റിൽ എലിഫിന്റെ കുഞ്ഞുജീവൻ തുടിക്കുന്നുണ്ടായിരുന്നു. അവൾ ജനിച്ചുവീണത് മ്യൂണിക്കിലെ അഭയാർഥിക്യാമ്പിന്റെ ദുരിതത്തിലേക്കായിരുന്നു. അന്യരാജ്യത്ത് പൗരത്വമില്ലാതെ, സ്വന്തമെന്നു പറയാൻ മണ്ണും മനുഷ്യരുമില്ലാതെ അലഞ്ഞ കുട്ടിക്കാലമാണ് അവളെ മനുഷ്യരുടെ വേദനയറിയുന്നവളാക്കി മാറ്റിയത്.
ഹാംബർഗ് സർവകലാശാലയിൽനിന്ന് നിയമപഠനം പൂർത്തിയാക്കിയ എലിഫ്, മനുഷ്യാവകാശ–-അഭയാർഥി പ്രസ്ഥാനങ്ങളിൽ സജീവമായി. 2010ൽ ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിലെ ‘ഡീ ലിങ്കെ' പാർടിയുടെ പാർലമെന്ററി ഗ്രൂപ്പിന്റെ നിയമോപദേശകയായി ചുമതലയേറ്റു. 2021 വരെ 11 വർഷം പാർടിയുടെ നയരൂപീകരണത്തിലും കുടിയേറ്റ-–വംശീയ വിരുദ്ധ നിയമപോരാട്ടങ്ങളിലും അണിയറയിൽ നിർണായകസാന്നിധ്യമായി. 2012-ൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ബെർലിനിലെ കുടിയേറ്റകേന്ദ്രമായ ക്രൂസ്ബെർഗിലേക്ക് താമസം മാറിയ അവർ, 2018ൽ ഡീ ലിങ്കെ ബെർലിൻ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റ പശ്ചാത്തലമുള്ളവരുടെ പ്രാതിനിധ്യം പാർടിയിൽ ഉറപ്പാക്കാൻ സവിശേഷമായ പ്രവർത്തനത്തിന് ചുക്കാൻപിടിച്ചു. 2020-ൽ ഹനാവുവിൽ നടന്ന വംശീയ ആക്രമണമാണ് തന്നെ അണിയറയിൽനിന്ന് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് എലിഫ് വ്യക്തമാക്കിയിട്ടുണ്ട്.
2021-ൽ ബെർലിൻ സംസ്ഥാന നിയമസഭയിലേക്ക് ഡീ ലിങ്കെയുടെ സ്ഥാനാർഥിപ്പട്ടികയിലെ ഏഴാംസ്ഥാനക്കാരിയായി ആദ്യമായി ജനപ്രതിനിധിയായി. തുടർച്ചയായ ജനകീയ ഇടപെടലിലൂടെ 2024-ൽ പാർടിയുടെ ഡെപ്യൂട്ടി പാർലമെന്ററി ലീഡറായും 2025-ൽ സംസ്ഥാന കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർപേഴ്സണായും ഉയർന്നു. 2025 ഒക്ടോബർ ഒന്പതിന് എലിഫ് എറാൾപിനെ മേയർസ്ഥാനാർഥിയായി പാർടി ഒറ്റക്കെട്ടായി തീരുമാനിച്ചു. ഡീ ലിങ്കെയെ ബെർലിനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ എലിഫിന്റെ ജനകീയ നേതൃത്വത്തിന് സാധിച്ചു.
വംശീയതയുടെ മതിലുകൾ തകർത്ത സ്‌നേഹതരംഗം
"എന്നെപ്പോലുള്ള മനുഷ്യർ സത്യത്തിൽ ഈ രാജ്യത്ത് ജനപ്രതിനിധിയാകേണ്ടവരല്ല. പക്ഷേ, എനിക്കിപ്പോൾ ജയിച്ചേ മതിയാകൂ...’ കഴിഞ്ഞ ശരത്കാലത്ത് തെരഞ്ഞെടുപ്പുപ്രചാരണത്തിന് തുടക്കംകുറിച്ച് എലിഫ് പറഞ്ഞ വാക്കുകളാണിത്. ഒരു കുടിയേറ്റക്കാരിയുടെ മകൾ, ഇടതുപക്ഷക്കാരി– ജർമൻ രാഷ്ട്രീയത്തിന്റെ പരമ്പരാഗത വരേണ്യ സമവാക്യങ്ങൾക്ക് ഒട്ടും ചേരുന്നതായിരുന്നില്ല പശ്ചാത്തലം. എന്നാൽ, വിലക്കുകളെയും വംശീയ വേർതിരിവുകളെയും കാറ്റിൽ പറത്തി തുർക്കിയിൽനിന്നുള്ള രാഷ്ട്രീയ അഭയാർഥികളുടെ മകളായ അഭിഭാഷക ബെർലിന്റെ അടുത്ത മേയറാകാൻ ഒരുങ്ങുകയാണ്.
‘ദാരിദ്ര്യമുണ്ടെങ്കിലും മനോഹരമായ നഗരം' എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട ബെർലിൻ വൻകിട റിയൽ എസ്റ്റേറ്റ് കൊള്ളക്കാരുടെ പിടിയിലാണിന്ന്. സാധാരണക്കാർക്ക് വീട്ടുവാടക കൊടുക്കാൻ കഴിയാത്തവിധം വരേണ്യവർഗത്തിന്റേതായി മാറിയ നഗരത്തിലാണ് ഡീ ലിങ്കെ വിപ്ലവകരമായ നിലപാടുമായി രംഗത്തെത്തിയത്. നഗരത്തിലെ വൻകിട കോർപറേറ്റുകളുടെ കൈവശമുള്ള രണ്ടുലക്ഷത്തിലധികം ഫ്ലാറ്റുകൾ സർക്കാർ ഏറ്റെടുത്ത് സാധാരണക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് നൽകുമെന്ന പാർടിയുടെ പ്രഖ്യാപനം ജനങ്ങൾ നെഞ്ചേറ്റി. ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ് ഉൾപ്പെടെയുള്ള വലതുപക്ഷ നേതാക്കൾ ഇതിനെ ‘സോഷ്യലിസ്റ്റ് തീവ്രവാദം' എന്നു പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, കോർപറേറ്റുകളുടെ ഭീഷണിക്കുമുന്നിൽ എലിഫും കൂട്ടുകാരും വഴങ്ങിയില്ല.
സെപ്‌തംബർ 20-ന് നടന്ന തെരഞ്ഞെടുപ്പിൽ 25.70 ശതമാനം വോട്ടുകൾ നേടി 158ൽ 47 സീറ്റുകളോടെ ‘ഡീ ലിങ്കെ' ബെർലിൻ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യുവതലമുറയുടെ 49 ശതമാനം വോട്ടുകളും ഇടതുപക്ഷത്തേക്കാണ് ഒഴുകിയെത്തിയതെന്നത് ശ്രദ്ധേയമാണ്. ന്യൂയോർക്ക് മേയറായി ചരിത്രം സൃഷ്‌ടിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സൊഹ്‌റാൻ മംദാനിയുടെ പ്രചാരണശൈലിയെ ഓർമിപ്പിക്കുന്നതായിരുന്നു എലിഫിന്റെ ജനകീയ ഇടപെടലും സമൂഹമാധ്യമ പ്രചാരണവും. ദശലക്ഷങ്ങളാണ് ഇന്റർനെറ്റിലൂടെ അവരുടെ സന്ദേശങ്ങൾ സ്വീകരിച്ചത്.
വിജയത്തിനിടയിലും കടുത്ത രാഷ്ട്രീയവേട്ടയാടലാണ് എലിഫ് നേരിടുന്നത്. വംശീയ വിദ്വേഷ ആരോപണങ്ങളെയും ഇടതുപക്ഷ തീവ്രവാദത്തെയും മുൻനിർത്തി വലതുപക്ഷ മാധ്യമങ്ങൾ തളർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, താൻ എല്ലാ ബെർലിൻകാരുടെയും മേയറാണെന്നും നവഫാസിസത്തിനും മുതലാളിത്തത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഉറച്ച ഭാഷയിൽ എലിഫ് വ്യക്തമാക്കി. "നമ്മുടെ നഗരത്തിൽ വിദ്വേഷത്തിനുമേൽ സ്നേഹവും നീതിയും വിജയം വരിച്ചിരിക്കുന്നു. ഈ സന്ദേശം ലോകം മുഴുവൻ പടരട്ടെ...’– വിജയത്തിനുശേഷം വികാരാധീനയായി എലിഫ് പറഞ്ഞ വാക്കുകൾ ലോകമെമ്പാടുമുള്ള പൊരുതുന്ന മനുഷ്യരുടെ ഹൃദയത്തിലാണ് പതിച്ചത്.
ചുവപ്പിനെ നയിച്ച പെൺകരുത്ത്
ഭരണാധികാരികളുടെ നവലിബറൽ നയങ്ങൾക്കെതിരെയും തീവ്ര വലതുപക്ഷത്തിന്റെ വംശീയരാഷ്ട്രീയത്തിനെതിരെയും പ്രതിരോധമൊരുക്കാൻ മുന്നിൽനിന്ന് പോരാടിയ വനിതകളുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് ബെർലിനിലെ ചെങ്കൊടിയേറ്റം. ഡീ ലിങ്കെ പാർടിയെ ചരിത്രത്തിലാദ്യമായി ഒരു സർക്കാരിനെ നയിക്കാൻപാകത്തിൽ ജനപ്രിയമാക്കിയതിന്റെ ക്രെഡിറ്റ് അവർക്ക് അവകാശപ്പെട്ടതാണ്. വലതുപക്ഷ മാധ്യമങ്ങളും വരേണ്യ രാഷ്ട്രീയശക്തികളും വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും ഇവർ നയിച്ച പ്രത്യയശാസ്ത്രപോരാട്ടമാണ് ബെർലിനിലെ യുവതലമുറയെയും കുടിയേറ്റ ജനവിഭാഗങ്ങളെയും ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്. ഡീ ലിങ്കെ ബെർലിന്റെ ഭരണത്തിലേക്ക് നടന്നുകയറുമ്പോൾ, അത് യൂറോപ്യൻ രാഷ്ട്രീയത്തിൽ സ്ത്രീപക്ഷ ഇടതുപക്ഷ മുന്നേറ്റത്തിന്റെ പുതിയ അധ്യായമായി മാറുകയാണ്.
ഹൈഡി റെയ്ചിനെക്
ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിൽ ഡീ ലിങ്കെയുടെ പാർലമെന്ററി ഗ്രൂപ്പ് ലീഡറായ ഹൈഡി റെയ്ചിനെകാണ് ബെർലിനിലെ ചുവപ്പുവസന്തത്തിന്റെ ദേശീയ മുഖം. പാർലമെന്റിൽ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ഹൈഡി, ബെർലിനിലെ തെരഞ്ഞെടുപ്പുപ്രചാരണത്തിൽ സജീവസാന്നിധ്യമായിരുന്നു. എലിഫിന്റെ ജനകീയനയങ്ങൾക്ക് ദേശീയതലത്തിൽ വലിയ രാഷ്ട്രീയപിന്തുണ ഉറപ്പാക്കാൻ മുപ്പത്തെട്ടുകാരിയായ യുവനേതാവിന് സാധിച്ചു. അണികളെ ഒന്നിച്ചുനിർത്തുന്നതിൽ ഹൈഡിയുടെ നേതൃത്വം നിർണായകമായി.
ഐനെസ് ഷ്വെർട്‌നർ
ഡീ ലിങ്കെയുടെ ഫെഡറൽ കോ–-ലീഡറായ ഐനെസ് ഷ്വെർട്‌നർ പാർടിയുടെ ദേശീയതലത്തിലുള്ള ഉയിർത്തെഴുന്നേൽപ്പിന് ബൗദ്ധികവും സംഘടനാപരവുമായ കരുത്തുപകർന്ന യുവനേതാവാണ്. പ്രസിദ്ധമായ ഇടതുപക്ഷ പ്രസിദ്ധീകരണമായ ‘ജാക്കോബിൻ' ജർമൻ പതിപ്പിന്റെ മുൻ ചീഫ് എഡിറ്ററാണ്. വീട് പൊതുമുതലാകണമെന്ന പാർടി നിലപാടിനെ മാധ്യമങ്ങളിലും പൊതുവേദികളിലും ശക്തമായി അവതരിപ്പിക്കാൻ മുപ്പത്തേഴുകാരിക്ക് കഴിഞ്ഞു. പാർടിയുടെ ദേശീയനയങ്ങളെ പ്രാദേശിക ക്യാമ്പയിനുമായി കൂട്ടിച്ചേർക്കുന്നതിൽ ഐനെസ് വഹിച്ച പങ്ക് നിർണായകമായി.
ക്രിസ്റ്റിൻ ബുഖ്‌ഹോൾസ്
മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായിരുന്ന ക്രിസ്റ്റിൻ ബുഖ്‌ഹോൾസ് ബെർലിൻ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച പ്രധാന നേതാവാണ്. യുദ്ധവിരുദ്ധപ്രസ്ഥാനങ്ങളുടെ മുൻനിരപ്പോരാളിയായ ക്രിസ്റ്റിൻ, ബെർലിനിലെ കുടിയേറ്റ ജനവിഭാഗങ്ങൾക്കിടയിലും സാധാരണ തൊഴിലാളികൾക്കിടയിലും പാർടിയുടെ സ്വാധീനം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വംശീയതയ്ക്കും അധിനിവേശങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള അവർ, എലിഫ് എറാൾപിന്റെ യുവത്വമാർന്ന പ്രചാരണശൈലിക്ക് ആശയപരമായ അടിത്തറയൊരുക്കിനൽകി ഒപ്പംനിന്നു.









0 comments