print edition തളർന്നേക്കാം പക്ഷേ പറക്കാതിരിക്കരുത്...

ഡോ. അശ്വനി ആർ ജീവൻ
അജ്നാസ് അഹമ്മദ്
Published on Sep 27, 2026, 12:00 AM | 2 min read
കോളേജ് കാന്റീൻ നടത്തുന്ന, ഏഴുവർഷത്തോളമായി ഡയാലിസിസ് ചെയ്യുന്ന ഒരു സാധാരണക്കാരന്റെ മകൾക്ക് എത്രത്തോളം പഠിക്കാം? ദേ ഇത്രത്തോളം! നമുക്കും ചിറകുകളുണ്ട്. തളർന്നേക്കാം പക്ഷേ പറക്കാതിരിക്കരുത്’– ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്‌എസ്‌ആർ) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നേടിയ ഡോ. അശ്വനി ആർ ജീവൻ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളിൽ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും കരുത്തുണ്ട്. അഞ്ചാംക്ലാസ് മുതൽ ബത്തേരി സെന്റ് മേരീസ് കോളേജ് കാന്റീനിലായിരുന്നു അശ്വനിയുടെ ജീവിതം. രോഗിയായ അച്ഛൻ രാജീവിനും അമ്മ വിലാസിനിക്കും സഹോദരിക്കുമൊപ്പം ആ ഇടുങ്ങിയ മുറിയിൽ കിടന്നുറങ്ങുമ്പോഴും അവളുടെ സ്വപ്‌നങ്ങളുടെ ആകാശത്തിന് അതിരുകളില്ലായിരുന്നു.
കാന്റീനിൽനിന്ന് ക്ലാസ്‌മുറിയിലേക്ക്
അശ്വനി ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ രാജീവിന് പക്ഷാഘാതം ബാധിച്ച് കുടുംബം പ്രതിസന്ധിയിലാകുന്നത്. ഏഴുവർഷമായി ആഴ്‌ചയിൽ മൂന്നുദിവസംവീതം ഡയാലിസിസ് ചെയ്യുകയാണ്. അച്ഛൻ തളർന്നപ്പോൾ താങ്ങായി ഇടവും വലവും അമ്മയും മക്കളും നിന്നു. കാന്റീനിലെ ജോലികൾ ഇവരും ഏറ്റെടുത്തു. സ്‌കൂൾ കഴിഞ്ഞ് കാന്റീനിലെത്തി ജോലികൾക്കിടയിലും സമയം കണ്ടെത്തിയായിരുന്നു അശ്വനിയുടെ പഠനം.
അസൗകര്യങ്ങൾക്ക് നടുവിലും ചിട്ടയായി പഠിച്ചു. മികച്ച മാർക്കോടെ പ്ലസ്ടു വിജയിച്ചു. കാന്റീനിൽനിന്ന് വിദ്യാർഥിയായി സെന്റ് മേരീസ് കോളേജിൽത്തന്നെ ക്ലാസ്‌മുറിയിലേക്ക് കയറിച്ചെന്നു. ഇവിടെനിന്ന് ബിഎ ഇംഗ്ലീഷ് പൂർത്തിയാക്കി. മടപ്പള്ളി ഗവ. കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയുമായി. നെറ്റ് യോഗ്യത നേടി സെന്റ് മേരീസ് കോളേജിൽത്തന്നെ ഒരുവർഷം അധ്യാപനജോലിയും ചെയ്‌തു. ഹൈദരാബാദിലെ സ്വകാര്യ കോളേജിലും അധ്യാപികയായി. ചെന്നൈയിൽ മുഹമ്മദ് സതക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപികയാണിപ്പോൾ. അധ്യാപനത്തിനൊപ്പം എഴുത്തിലും മികവ് തെളിയിച്ചു. ‘ഒരു ദാഹം അല്ലികൾ അടർത്തുന്നു’ എന്നപേരിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്ത് പത്തുപേരിൽ ഒരാളായി
മടപ്പള്ളിയിലെ പിജി പഠനത്തിനുശേഷം നെറ്റ് യോഗ്യത നേടി പിഎച്ച്‌ഡി പഠനത്തിന് എൻസിഇആർടി ഫെലോഷിപ്പും അശ്വനി സ്വന്തമാക്കി. രാജ്യത്ത് പത്തുപേരിൽ ഒരാളായാണ് ഫെലോഷിപ് നേടിയത്. കലിക്കറ്റ് സർവകലാശാലയ്ക്കുകീഴിൽ ഫറൂഖ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽനിന്ന് ഗോത്രഭാഷാ കവിതകളിലായിരുന്നു ഗവേഷണം. വയനാട്ടിലെ അടക്കം ഗോത്രകവിതകളെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന് ഇടപെടൽ നടത്തി.
ജൂണിൽ ഡോക്‌ടറേറ്റ് നേടിയതിനുപിന്നാലെയാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് സ്വപ്‌നത്തിലേക്ക് ചുവടുവയ്ക്കുന്നത്. ‘പണിയ ഭാഷയും നിർമിത ബുദ്ധിയും’ വിഷയത്തിലാണ് പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഫറൂഖ് കോളേജിലെ ഡോ. റിസ്‌വാന സുൽത്താനയാണ് ഗൈഡ്. സഹോദരി ഐശ്വര്യ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ എംഎ പൂർത്തിയാക്കി. ഭർത്താവ് ഡോ. രജീഷ് രാമകൃഷ്‌ണൻ ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണ്.









0 comments