തീ പിടിക്കുന്ന ഉടലുകൾ

കോഴിക്കോട് ജൂബിലി ഹാളിൽ ആ സായാഹ്നത്തിൽ വെളിച്ചം മങ്ങി. വേദിയിൽ ഒരു സ്ത്രീ. കൈകളിൽ ചങ്ങലകളില്ല. പക്ഷേ, ശരീരമാകെ തടവിന്റെ അടയാളങ്ങളുണ്ട്. അവൾ സംസാരിക്കുമ്പോൾ ശബ്ദം വിറയ്ക്കുന്നു, ചിലപ്പോൾ തീപിടിക്കുന്നു. ഒരുനിമിഷം അവൾ തടവുകാരി; അടുത്ത നിമിഷം അവളെ ചോദ്യം ചെയ്യുന്ന മതപൊലീസുകാരനായി മാറുന്നു. വീണ്ടും മുറിവേറ്റ സ്ത്രീയായി തിരികെ. കഥാപാത്രങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു. മാറാത്തത് പ്രേക്ഷകരുടെ നിശ്ശബ്ദത മാത്രം. അത് ഒരു അഭിനേത്രിയുടെ സമർപ്പണത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. ‘ഉടലുകൾക്ക് തീപിടിക്കുമ്പോൾ' എന്ന ഏകാങ്ക നാടകം അവസാനിച്ചിട്ടും പ്രേക്ഷകർ എഴുന്നേറ്റില്ല. ആരോ മനസ്സിന്റെ ആഴങ്ങളിൽ ഒരു ചോദ്യം വച്ചുപോയതുപോലെ. ആ ചോദ്യത്തിന്റെ മുഖമായിരുന്നു അഞ്ജലി ആരവ്.
അഞ്ജലിയെക്കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ അഭിനയമികവുമാത്രം പറയുന്നത് അപൂർണമാണ്. കാരണം, വേദിയിൽ കാണുന്ന അഞ്ജലി, വർഷങ്ങളായി രൂപപ്പെട്ട ഒരു മനുഷ്യന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ യാത്രയുടെ ഫലമാണ്. അവരുടെ ശബ്ദത്തിൽ കേൾക്കുന്ന ഉറപ്പിനും കണ്ണുകളിൽ കാണുന്ന തീക്ഷ്ണതയ്ക്കും പിന്നിൽ പുസ്തകങ്ങളുണ്ട്, കവിതകളുണ്ട്, രാഷ്ട്രീയസംവാദങ്ങളുണ്ട്, ബാല്യത്തിൽ വീടിന്റെ അകത്തളങ്ങളിൽ കേട്ട പാട്ടുകളും പ്രസംഗങ്ങളുമുണ്ട്. അഞ്ജലിയുടെ കലാജീവിതത്തിന്റെ ആദ്യ പാഠശാല സ്വന്തം വീടായിരുന്നു.
സാഹിത്യകാരൻ വിശ്വനാഥനും ഗായികയും ചിത്രകാരിയുമായ ലീലലക്ഷ്മിയും ചേർന്നൊരുക്കിയ ആ കുടുംബാന്തരീക്ഷത്തിൽ കല ഒരു പ്രത്യേക വിഷയമായിരുന്നില്ല; ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കായിരുന്നു. പുസ്തകങ്ങൾ അലങ്കാരവസ്തുക്കളല്ലായിരുന്നു. അവ സംഭാഷണങ്ങളുടെ ഭാഗമായിരുന്നു. അച്ഛന്റെ സാഹിത്യവായനകളും രാഷ്ട്രീയചർച്ചകളും അമ്മയുടെ സംഗീതവും ചിത്രരചനയും– ഇവയൊക്കെ ചേർന്നതാണ് അഞ്ജലിയുടെ ബാല്യം. സഹോദരൻ അമൽ കായികരംഗത്തേക്കാണ് തിരിഞ്ഞത്. അഞ്ജലി നാടകത്തെ ഭാഷയാക്കി.
വേദിയുമായുള്ള ആദ്യ പരിചയം നാലാം ക്ലാസിലാണ്. പിന്നീടുള്ള വർഷങ്ങളിലും നാടകങ്ങൾ തുടർന്നു. സ്കൂൾ കലോത്സവങ്ങൾ, മോണോ ആക്ടുകൾ, ചെറിയ വേദികൾ—എല്ലാം അഞ്ജലിയുടെ ആത്മവിശ്വാസം വളർത്തി. പത്താം ക്ലാസിൽ ‘ഈ ഭൂമിന്റെ പേരാണ് നാടകം...' എന്ന നാടകത്തിന്റെ ഭാഗമായി. പിന്നീട് ‘ലങ്കാലക്ഷ്മി'. ഒരു ഏകാങ്കനാടകം. ഒരൊറ്റ അഭിനേത്രിയുടെ ശരീരത്തിൽ മുഴുവൻ കഥയും ശ്വസിക്കുന്ന നാടകം. അഭിനയജീവിതത്തിലെ വഴിത്തിരിവ്. ഓരോ അവതരണവും അഞ്ജലിയെ കൂടുതൽ പക്വയാക്കി. പ്രേക്ഷകരുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ പഠിച്ചു. ബികോം ബിരുദധാരിയായ അഞ്ജലി പഠനത്തിനൊപ്പം കലാജീവിതവും മുന്നോട്ടുകൊണ്ടുപോയി.
2010-ൽ അവസാനമായി ഒരു സോളോ ഡ്രാമ. പിന്നീട് നീണ്ട പതിനാറു വർഷത്തെ ഇടവേള. പ്രഭാഷകയായി. മോഡറേറ്ററായി. ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങളിലും സ്വതന്ത്രചിന്തയുടെ വേദികളിലും സജീവമായി. പേരെടുത്ത ഡബ്ബിങ് ആർട്ടിസ്റ്റായി. അമ്മയിൽ നിന്ന് ലഭിച്ച വരയുടെ ലോകം ഏറെ പ്രിയപ്പെട്ടതായിരുന്നു. അഭിനയം അവരുടെ ജീവിതത്തിലെ ഏക അടയാളമല്ല. സമൂഹത്തോട് സംവദിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ അവർ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കും ഒരു രാഷ്ട്രീയമുണ്ട്.
വനിതാ സാഹിതി നാടകീയോത്സവത്തിനായി ഒരു നാടകം ഒരുക്കണമെന്ന ആലോചന വന്നപ്പോൾ, മറ്റൊരു പതിവ് കഥ പറയാൻ അഞ്ജലിക്കും സംവിധായകൻ റഫീഖ് മംഗലശേരിക്കും താൽപ്പര്യമുണ്ടായിരുന്നില്ല. ലോകം മുഴുവൻ നോക്കിനിൽക്കുന്ന ഒരു യാഥാർഥ്യത്തെ മലയാള നാടകവേദിയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അവരുടെ തീരുമാനം. ഇറാനിലെ മഹ്സ അമീനിയുടെ മരണം ലോകമെമ്പാടും പ്രതിഷേധങ്ങൾക്ക് വഴിവച്ച കാലം. പതിനാറ് വർഷത്തെ ഇടവേളയ്ക്കുശേഷം നാടകം–‘ഉടലുകൾക്ക് തീപിടിക്കുമ്പോൾ'.
"അത് ഇറാന്റെ മാത്രം കഥയല്ല’. ആ ഒരു വാചകത്തിൽ അവരുടെ മുഴുവൻ കലാദർശനവുമുണ്ടായിരുന്നു. സ്ത്രീയുടെ ശരീരത്തിന്മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന എല്ലാ സമൂഹങ്ങളുടെയും കഥയാണ് ഇറാൻ. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന ഓരോ സ്ത്രീയുടെയും മുഖമാണ് മഹ്സ അമീനി. അതുകൊണ്ടാണ് അതിലെ അമീറ സെയ്ദും നമ്മുടേതാകുന്നത്. "ആ രംഗങ്ങളിൽ ഞാൻ അഭിനയിച്ചില്ല. ഞാൻ ശരിക്കും കരയുകയായിരുന്നു’– അതുകൊണ്ടുതന്നെയാകണം ആ കണ്ണുനീർ പ്രേക്ഷകരുടേതുമായി ചേർന്നത്.
അവർ തുടർന്നു: "ഞാൻ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം, എങ്ങനെ ജീവിക്കണം—ഇതെല്ലാം തീരുമാനിക്കാനുള്ള അവകാശം എന്റേതാണ്. ചെറിയ തീരുമാനങ്ങളിൽപ്പോലും മറ്റൊരാൾ അധികാരം സ്ഥാപിക്കാൻ തുടങ്ങുന്ന നിമിഷംമുതൽ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. ഈ കാഴ്ചപ്പാടാണ് നാടകത്തിലെ ഏറ്റവും ശക്തമായ രംഗത്തെ നിർവചിക്കുന്നത്. അമീറ ശരീരം പൂർണമായും മൂടിയിരുന്ന കറുത്ത തുണി ഊരിയെറിയുന്ന നിമിഷം.
മതമാകട്ടെ, ഭരണകൂടമാകട്ടെ, കുടുംബമാകട്ടെ, സമൂഹമാകട്ടെ—ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസത്തിൽപ്പോലും സ്വന്തം അധികാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അവിടെ സ്വാതന്ത്ര്യം തടവിലാകുന്നുവെന്ന വിശ്വാസമാണ് അഞ്ജലിയുടേത്. അതുകൊണ്ടുതന്നെ ഇറാനിലെ സ്ത്രീകളുടെ പോരാട്ടം അവർക്ക് ഒരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയമല്ല. ലോകത്തിന്റെ ഏത് കോണിലായാലും സ്വന്തം ജീവിതം സ്വയം തീരുമാനിക്കാൻ ആഗ്രഹിക്കുന്ന ഓരോ സ്ത്രീയുടെയും കഥയാണത്. ‘ഉടലുകൾക്ക് തീപിടിക്കുമ്പോൾ' കണ്ടിറങ്ങിയ ശേഷം പ്രേക്ഷകർ ഓർത്തുവയ്ക്കുന്നത് ഒരു ഡയലോഗോ ഒരു രംഗമോ മാത്രമല്ല. സ്വന്തം ശരീരത്തെ പ്രതിരോധത്തിന്റെ ഭാഷയാക്കിയ കലാകാരിയുടെ മുഖമാണ്.








0 comments