യുവനടൻ അഖിൽ വിശ്വനാഥ് അന്തരിച്ചു

തൃശൂർ: യുവനടൻ അഖിൽ വിശ്വനാഥ് (29) അന്തരിച്ചു. സനല്‍കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്.
രാജ്യാന്തര ചലച്ചിത്ര മേളകളിൽ സാന്നിധ്യമാവുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത ചിത്രമാണ് ‘ചോല’
നിമിഷ സജയനും ജോജു ജോര്‍ജും മുഖ്യ വേഷങ്ങളിലെത്തിയ ‘ചോല’ വെനീസ്, ജനീവ, ടോക്കിയോ എന്നീ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഓപ്പറേഷൻ ജാവ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മരണം. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറിനെ വിളിച്ച് അഖിലിന്റെ അനിയനാണ് മരണവിവരം ആദ്യം പങ്കുവെച്ചത്. അഖിൽ (ഞങ്ങളുടെ മാങ്ങാണ്ടി) യാത്രയായി എന്നാണ് മനോജ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വാർത്ത ഹൃദയം പിളർക്കുന്നതാണെന്ന് സനൽ കുമാർ ശശിധരൻ പ്രതികരിച്ചു.
ബാലതാരമായും അഖിൽ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോൾ സഹോദരൻ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ പ്രകടനത്തിന് ഇരുവർക്കും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കൗമാരക്കാരിയായ സ്‌കൂള്‍ പെണ്‍കുട്ടിയും കാമുകനും പട്ടണത്തിലേക്ക് പോവുന്നതും അവിടെവെച്ച് കാമുകന്റെ ആശാനെ കണ്ടുമുട്ടുന്നതും അയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതുമാണ് ചോലയിലെ പ്രമേയം. ഇതിലെ കാമുകന്റെ വേഷമാണ് അഖില്‍ ഗംഭീരമാക്കിയത്. വേഷവും അഭിനയവും നിരൂപകപ്രശംസയും നേടി. ഭാവിയുള്ള നടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
പിതാവ് ചുങ്കാൽ ചെഞ്ചേരിവളപ്പിൽ വിശ്വനാഥൻ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അമ്മ ഗീത കോടാലി വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരഭവനിലെ ജീവനക്കാരിയാണ്. കോടാലിയിൽ മൊബൈൽ ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അഖിൽ. അമ്മ ഗീത ജോലിക്ക് പോകാനായി ഒരുങ്ങുന്നതിനിടെയാണ് അഖിലിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.










0 comments