കൊച്ചിയിൽ ഇനി ഇടുക്കിയിലെ ഉരുളക്കിഴങ്ങും

കൊച്ചി
ജൈവഗുണങ്ങളടങ്ങിയ ഇടുക്കിയിലെ ഉരുളക്കിഴങ്ങും വെളുത്തുള്ളിയും ഇനി എറണാകുളം കൃഷിവിജ്ഞാനകേന്ദ്രത്തിലെ (കെവികെ) ഫാം ഷോപ്പിയിലും. മൂന്നാർ, വട്ടവട, മറയൂർ എന്നിവിടങ്ങളിലെ സ്വയംസഹായ കർഷകസംഘങ്ങൾ ഉൽപ്പാദിപ്പിച്ച നാടൻ ഉരുളക്കിഴങ്ങാണ് കൊച്ചി നഗരവാസികൾക്ക് ലഭ്യമാക്കുന്നത്.
നാടൻ ഉൽപ്പന്നം കൂടുതലായും തമിഴ്നാട്ടിലെ വിപണികളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കെവികെ ഇവ നാട്ടിലും ലഭ്യമാക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് വിൽപ്പന. ‘റെഡി ടു കുക്ക്’ രൂപത്തിൽ കഴുകി അരിഞ്ഞ് പാക്ക് ചെയ്ത വിവിധയിനം പച്ചക്കറികളും ഫാം ഷോപ്പിയിൽ ലഭ്യമാണ്. ജില്ലയിലെ കർഷകസംഘങ്ങൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ച പച്ചക്കറികളാണ് വിളവെടുത്ത ഉടനെ മുറിച്ച് പായ്ക്കറ്റുകളിലാക്കി ഷോപ്പിയിലെത്തുന്നത്. സാമ്പാർ, അവിയൽ, വിവിധതരം തോരനുകൾ എന്നിവയ്ക്കുള്ള പായ്ക്കറ്റുകൾ ലഭ്യമാണ്. വാഴപ്പിണ്ടി, വാഴക്കൂമ്പ്, ചേനത്തണ്ട് തുടങ്ങി മുപ്പതോളം പച്ചക്കറി പായ്‌ക്കറ്റുകൾ ഇവിടെനിന്ന് വാങ്ങാം. ആവശ്യക്കാർക്ക് ഓർഡർപ്രകാരം എത്തിച്ചുകൊടുക്കും. ഫോൺ: 8281757450.
തൊഴിലാളികൾ പിടിച്ച, അവരുടെ വീടുകളിൽത്തന്നെ വൃത്തിയാക്കി പായ്‌ക്ക് ചെയ്ത, മായം കലരാത്ത മീനും ഫാം ഷോപ്പിയിലുണ്ട്. ഇടനിലക്കാരെ ഒഴിവാക്കിയാണ് ഇവ വിപണിയിലെത്തുന്നത്. നാടൻകോഴി, കരിങ്കോഴി, താറാവ് എന്നിവയുടെ മുട്ട, വെളിച്ചെണ്ണ, തേൻ, പൊക്കാളി പുട്ടുപൊടി, പൊക്കാളി അരി, ഉണക്കമീൻ, ഉണക്കച്ചെമ്മീൻ, നെയ്യ്, മറയൂർ ശർക്കര തുടങ്ങി പലതരം ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്.










0 comments