സംസ്കാരം തെല്ലില്ല അടച്ചുപൂട്ടിയിട്ട് 10 വർഷം

----------------------------------------------------------------------------------------------------------പുൽപ്പള്ളി
മാരപ്പൻമൂലയിൽ സാംസ്‌കാരിക നിലയം താഴിട്ട് പൂട്ടിയിട്ട് ഒരു പതിറ്റാണ്ട്. പുൽപ്പള്ളി –-നടവയൽ റോഡിനോട് ചേർന്ന് രാജീവ് നഗറിൽ 2012–-13 വർഷത്തിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് പുൽപ്പള്ളി പഞ്ചായത്ത് നിർമിച്ച സാംസ്‌കാരിക നിലയമാണ് അനാഥമായി നശിക്കുന്നത്. ജനലുകൾ തകർന്നു. വാതിലുകൾ ദ്രവിച്ചു. സാമൂഹ്യവിരുദ്ധരുടെ താവളമായി സാംസ്‌കാരിക നിലയവും പരിസരവും മാറുകയാണ്. നിർമിച്ച ഉടൻ ഗ്രാമസഭ ചേരാനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും കെട്ടിടം ഉപയോഗിച്ചിരുന്നു. പിന്നീട് ഉപേക്ഷിച്ചു. ഇതോടെ കാടുകയറി മൂടി. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായി. ആളുകൾ ഭീതിയിലുമായി. രാജീവ് നഗർ ഉന്നതി ഇതിന് സമീപത്തായതിനാൽ ഇവിടുത്തെ കുട്ടികൾ കളിക്കാനായി ഇവിടേക്ക് എത്തും. പ്രദേശവസികളുടെ നിരന്തര പരാതിയെ തുടർന്ന് അടുത്തിടെ കാട് വെട്ടിമാറ്റി.
ഉന്നതിയിലുള്ളവരുടെ ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു സാംസ്‌കാരിക കേന്ദ്രം നിർമിച്ചത്. എന്നാൽ പിന്നീട് കെട്ടിടം ഉപയോഗപ്പെടുത്താനുള്ള നടപടിയുണ്ടായില്ല. നിലവിൽ നാഥനില്ലാത്ത അവസ്ഥയാണ്. ലക്ഷങ്ങൾ വിനിയോഗിച്ച് നിർമിച്ച കെട്ടിടം നശിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കെട്ടിടം സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. സാംസ്‌കാരിക നിലയമായോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.










0 comments