അഴീക്കോടന്റെ സ‌്മരണ പുതുക്കി

തിരുവനന്തപുരം
കേരളം കണ്ട മികച്ച തൊഴിലാളി സംഘാടകരിലൊരാളായിരുന്ന അഴീക്കോടൻ രാഘവന്റെ 46‐ാം രക്തസാക്ഷിത്വ വാർഷികം വിപുലമായി ആചരിച്ചു. രക്തപതാക ഉയർത്തിയും പ്രഭാതഭേരി മുഴക്കിയും അനുസ‌്മരണ യോഗങ്ങൾ നടത്തിയുമാണ‌് നാടാകെ അഴീക്കോടന്റെ ധീരസ‌്മരണ പുതുക്കിയത‌്. ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക‌് അഴീക്കോടൻ ദിനത്തിൽ തുടക്കമായി. അഴീക്കോടൻ കുത്തേറ്റുവീണ തൃശൂർ ചെട്ടിയങ്ങാടിയിലും കണ്ണൂർ പയ്യാമ്പലത്തെ സ‌്മൃതിമണ്ഡപത്തിലും പുഷ‌്പാർച്ചനയും അനുസ‌്മരണ യോഗവും ചേർന്നു.
എ കെ ജി സെന്ററിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ പതാക ഉയർത്തി. ഛായാചിത്രത്തിൽ പുഷ‌്പാർച്ചനയും നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ‌്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് പതാക ഉയർത്തി.
അഴീക്കോടൻ രാഘവൻ ഹൃദയരക്തം കൊണ്ടു ചുവപ്പിച്ച തൃശൂരിൽ ആയിരങ്ങൾ വികാരനിർഭരമായ സ്മരണാഞ്ജലിയർപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് ചെങ്കൊടി ഉയർത്തി. തുടർന്ന് മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് പ്രവർത്തകർ അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സി രവീന്ദ്രനാഥ് സംസാരിച്ചു.
വൈകിട്ട് തൃശൂരിനെ ചെമ്പട്ടണിയിച്ച ചുവപ്പുസേനാ മാർച്ച് നടത്തി. നഗരത്തിൽ രണ്ടുകേന്ദ്രങ്ങളിൽനിന്നായി അയ്യായിരത്തിലധികം റെഡ് വളന്റിയർമാരെത്തി. ആയിരങ്ങൾ അണിനിരന്ന പ്രകടനവും കോർപറേഷൻ ഓഫീസ് റോഡ്, സ്വരാജ് റൗണ്ടുവഴി പൊതുസമ്മേളന നഗറിലെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റെഡ് വളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പൊതുസമ്മേളനവും കോടിയേരി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, മന്ത്രിമാരായ എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, പി കെ ബിജു എംപി, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർ സംസാരിച്ചു. തൃശൂർ ദേശാഭിമാനി യൂണിറ്റിൽ ജനറൽ മാനേജർ കെ ജെ തോമസ് പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ‌്ണൻ, കെ ജെ തോമസ് എന്നിവർ സംസാരിച്ചു.
കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ രാവിലെ സിപിഐ എം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗംകൂടിയായ മന്ത്രി എം എം മണി, കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അധ്യക്ഷനായി. പി ജയരാജൻ സ്വാഗതം പറഞ്ഞു. സ്റ്റേഡിയം കോർണറിൽനിന്ന് പ്രകടനമായാണ് പാർടി പ്രവർത്തകരും നാട്ടുകാരും പുഷ്പാർച്ചനയ്ക്കെത്തിയത്. വൈകിട്ട് കണ്ണൂർ ബാങ്ക് റോഡിൽ ചേർന്ന അനുസ്മരണ സമ്മേളനം എം എം മണി ഉദ്ഘാടനം ചെയ്തു.










0 comments