തലശേരിയിൽ മാരുതി ഷോറൂം യാർഡിൽ തീപിടിത്തം; 3 കാറുകൾ കത്തിനശിച്ചു

തലശേരി > കണ്ണൂർ ചിറക്കര പള്ളിത്താഴെ പ്രവർത്തിക്കുന്ന മാരുതി നെക്സഷോറൂം യാർഡിൽ തീപിടിത്തം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ചൊവ്വാഴ്‌ച ഡെലിവറി ചെയ്യാനിരുന്ന കാർ ഉൾപ്പെടെ 3 പുതിയ കാറുകൾ പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സും പൊലീസുമെത്തി മറ്റ് വാഹനങ്ങൾ മാറ്റുകയും തീയണക്കുകയും ചെയ്തതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.
മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെട്രോൾ ഒഴിച്ച് തീ കൊടുത്തതാണോയെന്ന സംശയമുണ്ട്. സിസിടിവി ക്യാമറയിൽ ഒരാളുടെ വിദൂര ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എഎസ്പി കെ എസ് ഷഹൻഷ , എസ്ഐ വി വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
0 comments