മറയൂർ
കാന്തല്ലൂർ പെരുമല ഗ്രാമത്തിൽ കാട്ടുകൊമ്പൻ വാഹനവും വീടിന്റെ ഗേറ്റും തകർത്തു. പെരുമല ഗ്രാമത്തിൽ മുരുകന്റെ ബൊലേറോ ജീപ്പും കൃഷ്ണന്റെ വീടിന്റെ മുൻവശത്തുള്ള ഗേറ്റുമാണ് തകർത്തത്. ബുധൻ രാത്രി പത്തരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറി പാടങ്ങളിൽ കൃഷിനാശം വരുത്തുന്ന ഒറ്റയാൻ ആണ് ഗ്രാമത്തിലെ തെരുവുകളിൽ കയറിയിറങ്ങി നടന്നത്. ഇരുന്നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമമാണിത്.
വനം വകുപ്പിനെ അറിയിച്ചെങ്കിലും അടിയന്തരമായി എത്തിയില്ലെന്നും ഗ്രാമവാസികൾ പറയുന്നു. കാന്തല്ലൂർ മേഖലയിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി 13 കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നതായും കർഷകർ പറയുന്നു. ഇതേ തുടർന്ന് രാത്രികാലങ്ങളിൽ ഇറങ്ങുന്ന കാട്ടാനയെ തുരത്താനും സുരക്ഷ ഉറപ്പാക്കാനും കാന്തല്ലൂർ ടൗണിൽ ആർആർടി ടീം ഉണ്ടെങ്കിലും ഇവർ കാര്യക്ഷമമായ പ്രവർത്തനത്തിൽ ഇറങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്.
0 comments