തൊഴിലാളി മനസ്സുകളിൽ ഇടംനേടി കെ സലിംകുമാർ

ഏലപ്പാറയിൽ എൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാറിന്റെ പൊതുപര്യടനം സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് ഷോ
കെ എ അബ്‌ദുൾ റസാഖ്
Published on Apr 02, 2026, 12:15 AM | 2 min read
പീരുമേട്
പുള്ളിക്കാനം എസ്‌റ്റേറ്റിൽ തൊഴിലാളികൾ നേരം പുലരുംമുമ്പെ സ്വീകരണ കേന്ദ്രത്തിൽ തടിച്ചുകൂടി. ജനകീയനായ സാരഥി കെ സലിംകുമാറിന്റെ വാഹനം കോടമഞ്ഞിലൂടെ രാവിലെ ഏഴോടെ കടന്നുവന്നു. കൊന്നപ്പൂവും രക്തഹാരവുമായി അവർ സ്വീകരിച്ചു. തോട്ടംലയങ്ങളുടെ പുനരുദ്ധാരണം, തോട്ടം ഇതര വരുമാന വർധനയ്‌ക്കുള്ള കൃഷികൾ, ടൂറിസംമേഖലയുടെ വികസനം തുടങ്ങി വാഴൂർ സോമൻ എംഎൽഎ നടപ്പാക്കിയ പദ്ധതികളും ചർച്ചയായി. കോൺഗ്രസിന്റെ നുണപ്രചാരണങ്ങൾക്ക് കുറച്ചുസമയത്തിനുള്ളിൽ സ്ഥാനാർഥി മറുപടി പറഞ്ഞു. തുടർന്ന് കാർഷിക മേഖലയായ ഉളുപ്പൂണി, നാരകക്കുഴി, ചോറ്റുപാറ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. കാർഷികോൽപ്പന്ന വിപണന മേഖലയിലെ പ്രശ്‌നങ്ങളും കർഷകർ സലിംകുമാറുമായി സംവദിച്ചു. കോൺഗ്രസ് സർക്കാരിന്റെ നവ ഉദാരവൽക്കരണനയങ്ങളും സ്വതന്ത്രവ്യാപാര കരാറുകളും തകർത്ത എംഎംജെ പ്ലാന്റേഷനിലൂടെയായിരുന്നു പര്യടനം. പ്രതീക്ഷിച്ചതിലും അരമണിക്കൂർ വൈകിയാണ് കോട്ടമലയിലെത്തിയത്.
ആരതി ഉഴിഞ്ഞായിരുന്നു തൊഴിലാളികളുടെ സ്വീകരണം. കുട്ടികൾക്ക് പാഠം പുസ്‌തകം, ഓണം, ക്രിസ്‌മസ് സഹായങ്ങളുമൊക്കെ നൽകിയ എൽഡിഎഫ് സർക്കാരിന് തൊഴിലാളികൾ നന്ദി പറഞ്ഞു. വട്ടപ്പതാലിലെ സ്വീകരണത്തിന് ശേഷം ഇൗരാറ്റുപേട്ട– വാഗമൺ ഹൈവേയിലൂടെ ടൗണിലെത്തി. തകർന്നുകിടന്ന റോഡുകളൊക്കെ നന്നാക്കി. ടൂറിസം പാർക്ക്, കാരവാൻ ടൂറിസം വികസനം തുടങ്ങിയ കാര്യങ്ങൾ സഞ്ചാരികളുമായും വ്യാപാരികളുമായും ചർച്ചചെയ്‌തു. തുടർന്ന് കോലാഹലമേട്, നല്ലതണ്ണി എന്നിവിടങ്ങളിലാണ് സ്വീകരണം നൽകുന്നത്. കൊച്ചു കരിന്തരുവി, ചെമ്മണ്ണ്, കിഴക്കേ ചെമ്മണ്ണ്, ചിന്നാർ, വള്ളക്കടവ്, ഹെലിബറിയാ, കിളിപാടി, കിഴക്കേ പുതുവൽ, കോഴിക്കാനം രണ്ടാം ഡിവിഷൻ, കോഴിക്കാനം ഒന്നാം ഡിവിഷൻ, തണ്ണിക്കാനം, ഫെയർ ഫീൽഡ്, കാവക്കുളം, ബോണാമി, ടൈഫോർഡ്, ഉപ്പുകുളം തുടങ്ങിയ തൊഴിലാളി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഏലപ്പാറയിൽ റോഡ് ഷോയോടെ സമാപിച്ചു. ലയം ഹൗസിങ് പദ്ധതി തുടങ്ങി. തോട്ടം മേഖലയെ വ്യവസായ വാണിജ്യ വകുപ്പിൽ ലയിപ്പിച്ച് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചു. മുമ്പ് ലയങ്ങളുടെ നിർമാണം–പുനരുദ്ധാരണം മാനേജ്മെന്റുകളാണ് നടത്തിയിരുന്നത്. പ്രതിസന്ധിയായതോടെ സർക്കാർ ഏറ്റെടുത്തതും ചർച്ചചെയ്‌തു. ഏലപ്പാറ, കൊക്കയാര്‍, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍ കോവില്‍, ചക്കുപള്ളം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ മുൻ എംഎൽഎ ഇ എസ് ബിജിമോൾ, സിപിഐ ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ്, പി എസ് രാജൻ, ആർ തിലകൻ, വി ആർ ശശി, സി എസ് രാജേന്ദ്രൻ, നിശാന്ത് വിചന്ദ്രൻ, വി സജീവ് കുമാർ, ആന്റപ്പൻ എൻ ജേക്കബ്, പി ജെ റെജി തുടങ്ങിയവർ സംസാരിച്ചു.









0 comments