കാഴ്‌ചയുടെ വിസ്‌മയമൊരുക്കും പുഷ്‌പമേള മൂന്നാറിൽ

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഗ്ലാസ് ബ്രിഡ്ജിന്റെ രാത്രിദൃശ്യം
മൂന്നാർ
തെക്കിന്റെ കാശ്മീരായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുഷ്പമേള കണ്ടു മടങ്ങാം. മെയ് ഒന്നു മുതൽ പത്തുവരെ കൊച്ചി– ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം റോഡിലെ ഡിടിപിസിയുടെ കീഴിലുള്ള മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള അരങ്ങേറുന്നത്. രാവിലെ ഒന്പത് മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പുഷ്പമേള സന്ദർശിക്കാനെത്തുന്നവർക്ക് ഇത്തവണ വൈവിധ്യങ്ങളായ സൗകര്യങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ ഗ്ലാസ് ബ്രിഡ്ജ്, റെയിൻബോ റൈഡ് എന്നിവ മേളയുടെ ആകർഷകങ്ങളാണ് . 1500 ലധികം പൂച്ചെടികളുടെ ശേഖരം ഉദ്യാനത്തിലുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കുന്നതിന് സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ, കണ്ണടകൾ ഉപയോഗിക്കാതെ 360 ഡിഗ്രിയിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ സഞ്ചാരികളെ മറ്റൊരു ലോകത്തേയ്‌ക്ക് കൊണ്ടുപോകുന്നു. ആശ്‌ചര്യപ്പെടുത്തുന്നതും ത്രസിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്. ആംഫി തീയറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ, ഫിഷ് സ്പ, ചെയർ മസാജ്, 16 ഡി തീയറ്റർ, കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, കോഫി ഷോപ്പ്, സെൽഫി പോയിന്റ്, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരം, കുട്ടികൾക്ക് സമയം ചെലവഴിക്കാൻ പ്രത്യേക വിനോധോപാദികൾ, എന്നിവയെല്ലാം ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ വിവിധ കലാപരിപാടികൾ നടക്കും. മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് മേള സന്ദർശിക്കാനെത്തിയത്.










0 comments