ad
Deshabhimani

ചരിത്രത്തിലേക്കൊരു റണ്‍

miland soman

കിഫ്ബി സംഘടിപ്പിച്ച ഹില്‍ ഹൈവേ റൺ

avatar
സ്വന്തം ലേഖകൻ

Published on Feb 23, 2026, 12:30 AM | 2 min read

കട്ടപ്പന

പീരുമേട്- –ദേവികുളം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത്- കട്ടപ്പന റോഡ് നാടിന് സമര്‍പ്പിച്ചു. പരിപാടിയുടെ പ്രചരണാര്‍ഥം കിഫ്ബി സംഘടിപ്പിച്ച ഹില്‍ ഹൈവേ റണ്ണും റോഡിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഹൈറേഞ്ചിന്റെ ആഘോഷമായി മാറി. പരിപാടിയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തവും ബോളിവുഡ് താരം മിലിന്ദ് സോമനും മറ്റ് താരങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ ഉജ്വല വരവേല്‍പ്പുകളും ഏറെ ഹൃദ്യമായി. സംഘാടന മികവും ഏറെ പ്രശംസ പിടിച്ചുപറ്റി. രാവിലെ കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മിലിന്ദിനൊപ്പം കായിക താരങ്ങള്‍, സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍, വനിതാ ബൈക്ക് റൈഡര്‍മാര്‍, സൈക്ലിങ്, സ്‌കേറ്റിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ തുടങ്ങിയ ആയിരത്തിലേറെ പേര്‍ പങ്കാളികളായി. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരം മിലിന്ദ് ഷൂസ് ധരിക്കാതെ നഗ്‌നപാദനായി ഓടി വിജയകരമായി പൂര്‍ത്തീകരിച്ചു. പള്ളിക്കുന്ന്, ഏലപ്പാറ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂറുകണക്കിനാളുകള്‍ പുഷ്പവൃഷ്ടി നടത്തി മിലിന്ദിനെയും താരങ്ങളെയും സ്വീകരിച്ചു. ഹൈവേയുടെ ഇരുവശങ്ങളിലുമായി അഭിവാദ്യമര്‍പ്പിക്കാന്‍ വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാത്തുനിന്നു. മന്ത്രി റോഷി അഗസ്റ്റിനും റണ്ണില്‍ പങ്കാളിയായി. അവസാന പോയിന്റായ ചപ്പാത്തില്‍ നൂറുകണക്കിനാളുകള്‍ വരവേറ്റു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചപ്പാത്തില്‍ വിശ്രമത്തിനുശേഷം മിലിന്ദിനെ തുറന്ന ജീപ്പില്‍ കട്ടപ്പനയിലേക്ക് സ്വീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിനാണ് വാഹനം ഓടിച്ചത്. ഇരുപതേക്കറില്‍നിന്ന് ഇരുചക്ര വാഹന റാലിയുടെയും സ്‌കേറ്റിങ് താരങ്ങളുടെയും അകമ്പടിയില്‍ മന്ത്രിക്കും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ക്കുമൊപ്പം മിലിന്ദ് കാല്‍നടയായി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നഗരം ചുറ്റി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. നഗരത്തിലെത്തിയപ്പോള്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടും പങ്കുചേര്‍ന്നു. സമാപന സമ്മേളനത്തില്‍ റോഡിന്റെ പൂര്‍ത്തീകരണം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. മിലിന്ദ് സോമന്‍ മുഖ്യാതിഥിയായി. പ്രസംഗത്തില്‍ മലയോര ഹൈവേയെ അദ്ദേഹം ഏറെ പ്രശംസിച്ചു. പദ്ധതി പൂര്‍ത്തീകരിച്ച സര്‍ക്കാരിനെയും കിഫ്ബിയേയും അഭിനന്ദിച്ചു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, സംഘാടകസമിതി രക്ഷാധികാരി സി വി വർഗീസ്‌, ഭാരവാഹി കെ സലിംകുമാർ, സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസൽ, മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, വിവിധ സംഘടന പ്രതിനിധികളായ റോമിയോ സെബാസ്റ്റ്യന്‍, വി ആര്‍ ശശി, വി ആര്‍ സജി, മാത്യു ജോര്‍ജ്, കെ പി സുമോദ്, സിജോമോന്‍ ജോസ്, ജോഷി കുട്ടട, ബിജു വാഴപ്പനാടി തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home