ad
Deshabhimani

ഇടുക്കി കണക്‍ട‍ഡ് @ കെ ഫോണ്‍

k fon

മന്നാംകണ്ടം ഗവ. ഹൈസ്‍കൂളില്‍ വിദ്യാര്‍ഥികള്‍ കെ ഫോണ്‍ നെറ്റ്‍വര്‍ക്ക് കണക്‍ട് ചെയ്‍ത ലാപ്‍ടോപ്പില്‍ പഠനത്തിനിടെ

avatar
നന്ദു വിശ്വംഭരന്‍

Published on Mar 20, 2026, 12:30 AM | 2 min read

ഇടുക്കി

സ്‍മാര്‍ട് ക്ലാ‍സ് മുറികളും ഐടി ലാബുകളും...റോബോട്ടിക്‍സ്, നിര്‍‍മിതബുദ്ധി പരിശീലനങ്ങള്‍... കൊരങ്ങാട്ടി, മന്നാംകണ്ടം ഗവ. ഹൈസ്‍കൂളില്‍ എല്ലാം ഹൈ ടെക്കാണ്. ഡി‍ജിറ്റല്‍ അടിസ്ഥാനസൗകര്യം വളരെ കുറവായ ആദിവാസി ഗ്രാമമായ കൊരങ്ങാട്ടിയില്‍ ഇവയെല്ലാം സാധ്യമാകുക എളുപ്പമല്ലായിരുന്നു. കെ ഫോണിലൂടെ അതിവേഗ ഇന്റര്‍നെറ്റെത്തി. കുട്ടികൾക്ക് കാലത്തിന്റെ ചലനങ്ങൾക്കൊപ്പം വളരാൻ സാഹചര്യമൊരുങ്ങി. സമഗ്ര പ്ലസ് ഉപയോഗിച്ചുള്ള പഠനം ക്ലാസ് മുറികളിലെത്തിയതിന് പിന്നിലും കെ ഫോണ്‍. ഇപ്പോള്‍ കുട്ടികളും അധ്യാപകരും ഒരുപോലെ ഹാപ്പി...അധ്യാപിക ഡോ. എം കെ സുമി പറഞ്ഞുതീര്‍ത്തപ്പോഴും കെ ഫോണ്‍ നെറ്റ്‍വര്‍ക്കില്‍ കണക്ട്‌ ചെയ‍്‍ത ലാപ്ടോപ്പില്‍ കുട്ടികള്‍ പഠനത്തിരക്കിലായിരുന്നു.

ഇടുക്കിയുടെ 
കെ ഫോണ്‍

സാധാരണക്കാർക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ജില്ലയില്‍ സൃഷ്‍ടിച്ചത് ഇത്തരം നിരവധി മാറ്റങ്ങളാണ്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി നാടിന് സുപരിചിതമാണിപ്പോള്‍ കെ ഫോൺ. ജില്ലയില്‍ ആകെ 671൨ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് കെ ഫോണ്‍ അധികൃതര്‍ പറഞ്ഞു. 2142 കിലോമീറ്ററില്‍ കേബിള്‍ സ്ഥാപിച്ചു. ഇതില്‍ 1796 കിലോമീറ്ററും കെഎസ്‍ഇബി പോസ്റ്റുകളിലൂടെ. 346 കിലോമീറ്റര്‍ കെഎസ്‍ഇബി ട്രാൻസ്‍മിഷൻ ടവറുകളിലൂടെയും. ജില്ലയിലെ 1220 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോൺ നെറ്റ്‍വർക്കാണ് ഉപയോഗിക്കുന്നത്. ഏഴ് ഐഎൽഎൽ കണക്ഷനും നൽകിയിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 402 ബിപിഎൽ വീടുകളിലാണ് കെ ഫോൺ കണക്ഷനുള്ളത്. 214 വാണിജ്യ കണക്ഷനുകളും ജില്ലയിൽ നൽകി. കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ് 492.85 കിലോമീറ്റര്‍ കെ ഫോണിന്റെ ഡാർക്ക് ഫൈബർ ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയിൽ 118 കേബിൾ ടിവി ഓപ്പറേറ്റർമാരാണ് ഇതിനായുള്ളത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ​

അതിവേഗ മാറ്റം

ചെലവുകുറഞ്ഞ് ഇന്റര്‍നെറ്റ് എത്തിയത് ഇടുക്കിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. മൊബൈല്‍ കവറേജില്ലാത്ത സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്‍കൂളുകളും ഓഫീസുകളും കെ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ തടസ്സരഹിതമായി പ്രവര്‍ത്തിക്കുന്നു. പുതിയ ഗാർഹിക കണക്ഷനെടുക്കാൻ എന്റെ കെ ഫോൺ മൊബൈൽ ആപ്പിലൂടെയോ www.kfon.in വെബ്സൈറ്റിലൂടെയോ രജിസ്റ്റർചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും രജിസ്‍ട്രേഷൻ സാധ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home