നഗരസഭ ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചപ്പോള്‍
കട്ടപ്പന
ലോകോത്തര പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ ആരോഗ്യ മേഖലയെ അധിക്ഷേപിച്ചുള്ള കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സന്റെ പരാമര്‍ശത്തില്‍ ബജറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫ് പ്രതിഷേധം. ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ജോയി വെട്ടിക്കുഴി കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ഇതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു. ചെയര്‍പേഴ്‌സണ്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കരുതെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തുരങ്കംവച്ചത് നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയാണെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി. നഗരസഭയുടെ ഒന്നാംവര്‍ഷ ബജറ്റ് മുതല്‍ ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കാന്‍ തുക വകയിരുത്തുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇത്തവണയും അതേ പ്രഖ്യാപനം ഉള്‍പ്പെടുത്തി ജനത്തെ കബളിപ്പിക്കുന്നു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതും മൂന്നരക്കോടിയിലേറെ രൂപ മുതല്‍മുടക്കില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, ആവശ്യമായ സ്ഥലം ലഭ്യമാക്കാത്ത നഗരസഭ, ആശുപത്രി വികസനത്തെ പിന്നോട്ടടിച്ചു. പുതിയ ബ്ലോക്ക് നിര്‍മിക്കാന്‍ കിഫ്ബിയിലൂടെ 13.72 കോടി രൂപ ആദ്യഘട്ടം അനുവദിച്ചിരുന്നു. തുടര്‍ന്ന് പദ്ധതി കൂടുതല്‍ വിപുലീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ 20 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. നഗരസഭാപരിധിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കാതെ മുടക്കാന്‍ ശ്രമിച്ചതും മലയോര ഹൈവേയുടെ ഭാഗമായ ഇരുപതേക്കര്‍ പാലം പുതുക്കിപ്പണിയുന്നതിന് തടസമുണ്ടാക്കിയതും യുഡിഎഫ് ഭരണസമിതികളാണെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി.










0 comments