ടെക്നോളജി ഡെമോൺസ്ട്രേറ്റർ റോക്കറ്റ് വിക്ഷേപണം നാളെ

പീരുമേട്
പീരുമേട് മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിക്ക് ചരിത്ര നിമിഷം. ടെക്നോളജി ഡെമോൺസ്ട്രേറ്റർ റോക്കറ്റ് വെള്ളിയാഴ്ച കോളേജ് ക്യാമ്പസിൽനിന്ന് വിക്ഷേപിക്കാൻ ഒരുങ്ങുന്നു. വെള്ളി പകൽ 10.22 ന് റോക്കറ്റ് പറന്നുയരും. കോളേജിന്റെ വിവിധ എൻജിനിയറിങ് വകുപ്പുകളിലെ വിദ്യാർഥികൾ ഐഎസ്‌ആർഒയിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ഉമ്മൻ തരകന്റെ മാർഗ നിർദേശത്തിലാണ് റോക്കറ്റ് നിർമിച്ചത്. കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ വിദ്യാർഥികളുടെ ശാസ്ത്രീയ സുസ്ഥിരതയും എൻജിനിയറിങ് കഴിവും പ്രകടിപ്പിക്കുന്നതാണ്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ എൻജിനിയറിങ് തുടങ്ങിയ വകുപ്പുകളിലെ വിദ്യാർഥികൾ ചേർന്നാണ് പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. റോക്കറ്റ് നിർമാണം, വിക്ഷേപണം, പ്രൊപ്പൽഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ, സ്ട്രക്ചറൽ ആൻഡ് ഏവിയോണിക്, പേലോഡ് ഡിപ്പോയിങ് എന്നീ പ്രധാന സങ്കീർണ പ്രക്രിയകളാണുള്ളത്. ഇതിനെ വിദ്യാർഥികൾ ഗ്രൗണ്ട് സ്റ്റേഷൻ വഴി നിയന്ത്രിക്കാനും ഡാറ്റ ശേഖരണം നടത്താനും കഴിയുന്ന വിധത്തിലാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ഐസക്ക് ന്യൂട്ടന്റെ മൂന്നാം പ്രയോഗത്തിലൂടെ വിദ്യാർഥികളുടെ സംയുക്ത ശ്രമം യാഥാർഥ്യമാകുന്ന വിക്ഷേപണം കോളേജിലെ ഗവേഷണ-സാങ്കേതിക മുന്നേറ്റത്തിനും ഫ്രൊഫഷണൽ പരിശീലനത്തിനും ഒരു പുതിയ ദിശാബോധം നൽകുമെന്ന് കോളേജ് അധികൃതർ പറഞ്ഞു.










0 comments