ഭൂപ്രശ്നം പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ജനവിരുദ്ധരെ ഒറ്റപ്പെടുത്തും: കർഷകസംഘം

ചെറുതോണി
ജില്ലയിലെ സാധാരണക്കാരായ കര്‍ഷകരെ കള്ള പ്രചാരണം നടത്തി വഞ്ചിക്കുന്ന അതിജീവന പോരാട്ടവേദിയെ കര്‍ഷകര്‍ തന്നെ നേരിടുമെന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്രസിഡന്റ് എന്‍ വി ബേബി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സാമൂഹ്യദ്രോഹികളുടെ കൂട്ടമാണ് പോരാട്ടവേദി. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ കര്‍ഷകര്‍ ഒന്നാകെ തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഭൂപ്രശ്നങ്ങള്‍ ഒന്നാകെ സങ്കീര്‍ണമാക്കാനും കോടതി വ്യവഹാരങ്ങളില്‍ തളച്ചിടാനുമാണ് ഇക്കൂട്ടര്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നത്. വിദേശ പണം പറ്റുന്ന പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് കേസുകളില്‍ കുടുക്കി പരിഹാരം കാണാതെ അനധികൃത കൈയേറ്റങ്ങളും വന്‍കിട നിര്‍മാണങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ ഗൂഢാലോചന. പോരാട്ട വേദിയുടെ ചെയര്‍മാന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള അനധികൃത റിസോര്‍ട്ടുകള്‍ സംരക്ഷിക്കുക എന്ന നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി മലയോര ജനതയെ കുരുക്കില്‍ തളച്ചിടാമെന്ന വ്യാമോഹം കര്‍ഷക സംഘം അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.








0 comments