തെളിഞ്ഞ മാനത്ത് രക്തചന്ദ്രന്‍: മനസ്സുനിറച്ച് ദൃശ്യവിരുന്ന്

കട്ടപ്പനയില്‍ ദൃശ്യമായ രക്തചന്ദ്രന്‍. ഫോട്ടോഗ്രാഫര്‍ ടി എന്‍ പ്രണവ് പകര്‍ത്തിയ ചിത്രം
അജിന്‍ അപ്പുക്കുട്ടന്‍
Published on Sep 09, 2025, 12:15 AM | 1 min read
കട്ടപ്പന
മാനത്തെ കൊട്ടാരത്തില്‍ രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) ദൃശ്യവിരുന്നൊരുക്കി. തെളിഞ്ഞ ആകാശമായിരുന്നതിനാല്‍ ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ആളുകള്‍ വിസ്മയക്കാഴ്ച ആസ്വദിച്ചു. വാനനിരീക്ഷകരും ഫോട്ടോഗ്രഫര്‍മാരും ഈ അപൂര്‍വ പ്രതിഭാസം ക്യാമറയില്‍ പകര്‍ത്തി. അടുത്തുകാണാനും ചിത്രങ്ങള്‍ പകര്‍ത്താനും സൂമിങ് കപ്പാസിറ്റിയുള്ള ക്യാമറകളും മൊബൈല്‍ ഫോണുകളുമായി വിവിധ ഇടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. രാത്രി ഒമ്പതോടെയാണ് പൂര്‍ണചന്ദ്രഗ്രഹണം ആരംഭിച്ചത്. 11.45 ഓടെ ഗ്രഹണം പൂര്‍ണതയിലെത്തി. ഭൂമിയുടെ നിഴല്‍ മറച്ചതോടെ ചന്ദ്രന്‍ ചുവപ്പും ഓറഞ്ചും കലര്‍ന്ന നിറത്തില്‍ തിളങ്ങിനിന്നു. ഗ്രഹണത്തിന്റെ ആരംഭസമയത്ത് മൂടല്‍മഞ്ഞ് തടസ്സമുണ്ടാക്കിയെങ്കിലും അരമണിക്കൂറില്‍ മാനം തെളിഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലും മലഞ്ചെരുവികളിലുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. വീടുകളുടെ ടെറസുകളിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം ഇടംപിടിച്ച് ആളുകള്‍ ‘ചന്ദ്രോത്സവം’ വീക്ഷിച്ചു.










0 comments