സെപ്തംബർ 10 മുതൽ 16 വരെ
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നെടുങ്കണ്ടത്ത് ഒരുക്കങ്ങളായി


സ്വന്തം ലേഖകൻ
Published on Aug 25, 2025, 12:17 AM | 1 min read
നെടുങ്കണ്ടം
ആർമി റിക്രൂട്ട്‌മെന്റ് റാലി സെപ്തംബർ 10 മുതൽ 16 വരെ നെടുങ്കണ്ടം ഹൈ ആൾട്ടിട്യൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് റിക്രൂട്ട്‌മെന്റ് റാലി. ഏഴ് ജില്ലകളിൽനിന്നായി 4,000 ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആർമി ഉദ്യോഗസ്ഥർക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. റാലിയ്ക്ക് മുന്നോടിയായി ചേർന്നയോഗത്തിൽ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷനായി. ഉടുമ്പൻചോല തഹസിൽദാരുടെ ചേമ്പറിൽ അവലോകന യോഗം ചേർന്നു. ആർമി റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളും യോഗം ചർച്ച ചെയ്തു. റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സബ് കലക്ടർ അനൂപ് ഗാർഗ്, ഉടുമ്പൻചോല തഹസിൽദാർ കെ ആർ ജോൺ പ്രിൻസ്, ആർമി റിക്രൂട്ടിങ് ഓഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ റിക്രൂട്ട്‌മെന്റ് നടക്കുന്ന നെടുങ്കണ്ടം ഹൈ ആൾട്ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലിയിരുത്തി. ആർമി ഓഫീസർമാർക്ക് താമസ സൗകര്യം ഒരുക്കുന്ന നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും സന്ദർശിച്ചു. താമസസ്ഥലത്ത് ഒരുക്കേണ്ട സൗകര്യങ്ങളും, വാഹന പാർക്കിങ് സൗകര്യങ്ങളും സംഘം വിലയിരുത്തി.










0 comments