ad
Deshabhimani

യാത്രാസംഘം 15–-ാം വയസിലേക്ക്

വായിച്ചതെല്ലാം കണ്ടറിഞ്ഞ്‌...

What if you could directly see all the places in the books you read?

പുന്നക്കാട് ‘കാഴ്ച’ യാത്രാസംഘം യാത്രക്കിടെ

avatar
കെ പി ഭാസ്കരൻ

Published on Jan 24, 2025, 01:30 AM | 1 min read

കരുവാരക്കുണ്ട്

വായിച്ച പുസ്‌തകങ്ങളിലെ സ്ഥലങ്ങളെല്ലാം നേരിട്ട്‌ കണ്ടറിഞ്ഞാലോ? അങ്ങനെയൊരു കൂട്ടരുണ്ട്‌. പുന്നക്കാട് പ്രതിഭാ ഗ്രന്ഥശാലയ്ക്കുകീഴിലെ ‘കാഴ്ച’ യാത്രാസംഘമാണവർ. വായിച്ച പുസ്‌തകങ്ങളിലെ സ്ഥലങ്ങൾ തേടി ഇവർ യാത്രതിരിക്കും. അവിടുത്തെ കാഴ്‌ചകൾ അനുഭവിച്ചറിയും. വായനയും കാഴ്‌ചയും നിറയുന്ന അനുഭവത്തിന്റെ രസം നുണയും. 15 വർഷംമുമ്പാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്ക്‌ തുടക്കമിട്ടത്‌. അന്ന്‌ വായനശാലക്കുകീഴിൽ പരിമിത അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. വായനയിൽ പരിചയപ്പെടുന്ന സ്ഥലങ്ങൾ തേടിപ്പോവുകയാണ്‌ രീതി. ഇതിനകം നൂറിലധികം യാത്രകൾ. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറിലേറെ പേർ സംഘത്തിലുണ്ട്. യുവതീയുവാക്കളും വീട്ടമ്മമാരും സർവീസിൽനിന്ന്‌ വിരമിച്ചവരും ഉൾപ്പെടെ വിപുലമാണ്‌ സംഘം. നോവലുകൾ, യാത്രാവിവരണങ്ങൾ, ചരിത്ര കൃതികൾ എന്നിവയിൽ പരാമർശിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ്‌ യാത്ര. യാത്രാവിവരണങ്ങളാണ്‌ പ്രധാനമായും പിന്തുടരുന്നത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളെല്ലാം ഇതിനകം കണ്ടു. നേപ്പാൾ ഉൾപ്പെടെ അയൽരാജ്യങ്ങളും സന്ദർശിച്ചു. ഒരുമാസംമുമ്പ്‌ മുംബൈയിലേക്കായിരുന്നു അവസാന യാത്ര. യാത്രക്ക്‌ യൂണിഫോമും ഉണ്ട്. യാത്രയുടെ 15–-ാം വാർഷികാഘോഷ ഭാഗമായി ശനിയാഴ്‌ച പ്രതിഭാ ഗ്രന്ഥശാലയിൽ യാത്രീസംഗമം ഒരുക്കിയിട്ടുണ്ട്. കെ റഹിയാൻബി പ്രസിഡന്റും രാജൻ അറുതല സെക്രട്ടറിയുമായാണ്‌ പ്രവർത്തനം. സി അബ്ദുൾ റഷീദ്, എൻ ടി കബീർ, ഡോ. നിർമല ജോൺ, റിയാസ്‌ കുന്നത്ത്, ഒ പി ഇസ്മായിൽ, ബാപ്പുട്ടി കോഴിപ്പാടൻ, ഡോമിനിക് എന്നിവരടങ്ങിയ കമ്മിറ്റിയാണ് യാത്രാസംഘത്തിന് നേതൃത്വംനൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home