പരിരക്ഷയോടെ പുലാമന്തോള്‍

ചെമ്മലശേരിയിലെ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം
എ രാധാകൃഷ്ണന്‍
Published on Sep 13, 2025, 01:47 AM | 2 min read
പുലാമന്തോൾ
കോഴിപ്പള്ളിയാലിൽ അലവിയുടെ ജീവിതത്തില്‍ 30 വര്‍ഷംമുമ്പാണ് ആ ദുരന്തമുണ്ടായത്. ജോലിക്കിടെ മരത്തില്‍നിന്ന് വീണ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. യൗവനകാലത്തെ ആഘാതം മാനസികമായി തളര്‍ത്തിയെങ്കിലും, ഇന്ന് 72–ാം വയസില്‍ പുലാമന്തോള്‍ പഞ്ചായത്ത് നല്‍കുന്ന "പരിരക്ഷ'യുടെ ആശ്വാസത്തിലാണ് അലവി. 12 വർഷംമുമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി മുച്ചക്രവാഹനം നല്‍കി. ഉത്സവപ്പറമ്പുകളിലും മറ്റും അത്തറ് കച്ചവടംചെയ്താണ് വരുമാനം കണ്ടെത്തുന്നത്. പിന്നീട് സ്വന്തമായി മുച്ചക്രവാഹനം വാങ്ങി. ആരോഗ്യമേഖലയില്‍ പഞ്ചായത്തിന്റെ പദ്ധതികള്‍ ഏറെ ആശ്വാസമാണെന്ന് അലവി പറയുന്നു. പഞ്ചായത്തിന്റെ "പരിരക്ഷ' പദ്ധതിയില്‍ മികച്ച പരിചരണമാണ് ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി അവശ്യസേവനങ്ങള്‍ നല്‍കും. ഭാര്യക്കും തനിക്കും പെന്‍ഷന്‍ ലഭിക്കുന്നതും ആശ്വാസമാണ്. നിലവില്‍ 108 ഗുണഭോക്താക്കള്‍ പഞ്ചായത്തിന്റെ "പരിരക്ഷ' പദ്ധതിയുടെ ഭാഗമാണ്. പൊതുജനാരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുലാമന്തോള്‍ പഞ്ചായത്തിന്റെ പദ്ധതികൾ. അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സാ കേന്ദ്രങ്ങളുടെ വികസനത്തിന് മുന്‍ഗണന നല്‍കിയാണ് എല്‍ഡിഎഫ് ഭരണസമിതി പ്രവര്‍ത്തനം. കുടുംബാരോഗ്യകേന്ദ്രത്തിന് 2.92 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചത് കഴിഞ്ഞ ഭരണസമിതിയാണ്. വടക്കൻ പാലൂർ, കട്ടുപ്പാറ, ചീരട്ടാമല, മലാപ്പറമ്പ്, വളപുരം എന്നീ ഉപകേന്ദ്രങ്ങളും വികസിപ്പിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിൽ ഒപി സേവനത്തിനായി പ്രതിദിനം ശരാശരി നാന്നൂറോളം പേരെത്തുന്നുണ്ട്. മികച്ച ലാബും ഇവിടെയുണ്ട്. ജീവിതശൈലീരോഗ നിയന്ത്രണത്തിന് 2971 പേർക്ക് മരുന്ന് നൽകുന്നു. വളപുരത്തെ ആയുർവേദ ആശുപത്രിയിലേക്ക് നാല് വര്‍ഷത്തിനിടെ 48 ലക്ഷം രൂപയുടെ മരുന്നെത്തിച്ചു. കുരുവമ്പലത്തെ ഹോമിയോ ഡിസ്‌പെൻസറിയിലേക്ക് 7.5 ലക്ഷം രൂപയുടെ മരുന്നും എത്തിച്ചു. നിര്‍ധനരുടെ പ്രസവരക്ഷക്കായി 2500 രൂപവീതവും ആയുർവേദ മരുന്നും നൽകുന്നുണ്ട്.
മറ്റ് പദ്ധതികള്‍
• ബഡ്സ് സ്കൂളിന് 17.5 ലക്ഷം രൂപയ്ക്ക് ബസ് വാങ്ങി. സ്മാർട് ക്ലാസിന് 15.9 ലക്ഷവും ആയയുടെയും അധ്യാപികയുടെയും ശമ്പളത്തിന് 22.86 ലക്ഷവും നൽകി • എട്ട് പാടശേഖരങ്ങളിലെ 200 ഹെക്ടർ നെൽകൃഷിക്ക് വിത്ത്, വളം, കൂലി, ചെലവ് ഇനങ്ങളിൽ 2.16 ലക്ഷം നല്‍കി. കേരകര്‍ഷകര്‍ക്ക് കേരഗ്രാമം പദ്ധതിയിൽ 54 ലക്ഷവും സമഗ്ര തെങ്ങുകൃഷി പദ്ധതിയിൽ 6.56 ലക്ഷവും വിതരണംചെയ്തു • 5497 ഗുണഭോക്താക്കൾക്ക് 31.5 ലക്ഷം രൂപ മുട്ടക്കോഴി വിതരണത്തിനും 232 പേർക്ക് പോത്തുകുട്ടി വളർത്തലിന് 43.2 ലക്ഷവും 91 പേർക്ക് ആട്ടിൻകുട്ടി വളർത്തലിന് 5.2 ലക്ഷവും നൽകി • വയോജനങ്ങൾക്കായി പകൽവീട് പ്രവർത്തിക്കുന്നു • വടക്കൻ പാലൂരിലും ചോലക്കുഴിയിലും സ്റ്റേഡിയങ്ങൾ • പഞ്ചായത്തിലെ 34 ഹരിതകർമ സേനാംഗങ്ങള്‍ക്ക് വാഹനം നല്‍കി • ലൈഫ് പദ്ധതിയിൽ അറുന്നൂറോളം വീടുകള്‍ നല്‍കി • മാലാപ്പറമ്പ്, ചീരട്ടാമല, വളപുരം -നീലിക്കാവ് കുളമ്പ് പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിച്ചു • ജല്‍ ജീവൻ മിഷൻ പദ്ധതിയിലൂടെ 2214 വീടുകളില്‍ കുടിവെള്ളമെത്തിച്ചു. വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിന് 14.85 ലക്ഷവും പൊതുകിണർ നവീകരണത്തിന് 9.13 ലക്ഷവും ചെലവഴിച്ചു.










0 comments