പിവിസി നിയമനത്തിലെ അസംതൃപ്തി
ഡിലിറ്റ് ബിരുദദാനത്തിൽ മന്ത്രി പങ്കെടുക്കില്ല

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ നിർദേശം പാലിക്കാത്തതിനാൽ ചൊവ്വാഴ്ച നടക്കുന്ന ഡിലിറ്റ് ബിരുദദാന ചടങ്ങിൽനിന്ന് പ്രോ ചാൻസലർകൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിട്ടുനിൽക്കും. ബിരുദദാന ചടങ്ങിന്റെ കാര്യപരിപാടിയിൽ പേരുണ്ടെങ്കിലും മന്ത്രി വരില്ലെന്ന് സർവകലാശാലയെ അറിയിച്ചതായാണ് സൂചന. പിവിസിയായി സർക്കാരും മുസ്ലിംലീഗും നിലവിലെ കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈനെ നിയമിക്കാനാണ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനോട് നിർദേശിച്ചതെന്നാണ് വിവരം. എന്നാൽ ഇത് മറികടന്ന് തനിക്ക് താല്‍പ്പര്യമുള്ള ഡോ. പി റഷീദ് അഹമ്മദിനെ പിവിസിയാക്കി. ഗത്യന്തരമില്ലാതെ കോൺഗ്രസ് സിൻഡിക്കറ്റംഗങ്ങൾക്ക് വിസിയുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. നിയമനത്തിൽ സർക്കാരിനുള്ള കടുത്ത അതൃപ്തി മന്ത്രിതന്നെ ഫോണിലൂടെ വിസിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിയമനത്തിൽ വിസി ഉറച്ചുനിന്നു. പിവിസി നിയമനം നടന്ന് മാസങ്ങളായിട്ടും സർക്കാർ റഷീദ് അഹമ്മദിന് എഒസി നൽകിയിട്ടില്ലെന്നതും എതിർപ്പിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് എൻഒസി നൽകേണ്ടത്. മന്ത്രിയായതിനുശേഷം റോജി എം ജോൺ മറ്റ് സർവകലാശാലകളിലെല്ലാം വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കലിക്കറ്റിൽ എത്തിയിട്ടില്ല. ചാൻസിലറുടെ പൂർണ പിന്തുണയുള്ളതിനാൽ പിവിസി നിയമനത്തിൽനിന്ന് പിറകോട്ട് പോകാൻ വിസി തയ്യാറായേക്കില്ല.









0 comments