കാറ്റാടി-ക്കടവ് ചാത്തമുണ്ട റീച്ച് ടെൻഡർ കമ്മിറ്റിയിൽനിന്ന് പുറത്ത്
മലയോര ഹൈവേക്ക് സർക്കാരിന്റെ ബ്ലോക്ക്

മലയോര ഹൈവേ പ്രവൃത്തി ആരംഭിക്കാത്ത എടക്കര പഞ്ചായത്തിലെ സുൽത്താൻപടി ചാത്തമുണ്ട പ്രദേശം
എടക്കര
മലയോര ഹൈവേയുടെ കാറ്റാടിക്കടവ്- ചാത്തമുണ്ട റീച്ച് ടെൻഡർ കമ്മിറ്റിയിൽനിന്ന് പുറത്ത്. എൽഡിഎഫ് സർക്കാർ 42 കോടി അനുവദിച്ച് ടെന്‍ഡർ നടപടി പൂർത്തിയാക്കിയ പ്രവൃത്തിക്കാണ് യുഡിഎഫ് സർക്കാർ തടയിട്ടത്. ഇതോടെ മലപ്പുറം -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര പാതയാണ് നഷ്‌ടമാവുന്നത്. കിഫ്ബിയിലെ പ്രവൃത്തികളുടെ ടെൻഡർ കമ്മിറ്റി സെപ്തംബർ 22നാണ് ഒടുവിൽ ചേർന്നത്. എന്നാൽ ടെൻഡർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. മലബാർ പ്ലസ് കരാറുകാരനാണ് ടെന്‍ഡർ ലഭിച്ചത്. എന്നാൽ സെലക്ഷൻ നോട്ടീസ് നൽകുന്ന നടപടി മരവിപ്പിച്ചു. ടെന്‍ഡർ കഴിഞ്ഞ് 545 ദിവസംകൊണ്ട് പൂർത്തീകരിക്കേണ്ട റോഡ് ആറ് മാസം പിന്നിട്ടിട്ടും തുടങ്ങാൻ തയ്യാറായിട്ടില്ല. ആര്യാടൻ ഷൗക്കത്ത് എംഎൽഎയായ നിലമ്പൂർ മണ്ഡലത്തിലെ പ്രവൃത്തിയാണ് അട്ടിമറിച്ചത്. റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതംപോലും അസാധ്യമായ നിലയിലാണ്. ആഗസ്ത് ആറിന് അടിയന്തര പ്രാധാന്യത്തോടെ തുടർ നടപടികൾ വേഗത്തിലാക്കാൻ കിഫ്ബി സർക്കാരിന് കത്ത് നൽകിയെങ്കിലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശവാസികൾ വ്യാപക പ്രതിഷേധത്തിലാണ്. യുഡിഎഫ് ഭരിക്കുന്ന എടക്കര പഞ്ചായത്ത് മലയോര ഹൈവേക്ക് സ്ഥലമേറ്റെടുത്ത് നൽകാൻ തയ്യാറായിരുന്നില്ല. തൊട്ടടുത്ത പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തിൽ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതികൾ സ്ഥലം ഏറ്റെടുത്ത് മലയോര ഹൈവേ നിർമാണം മൂന്ന് വർഷംമുമ്പ് പൂർത്തീകരിച്ചു. എടക്കര പഞ്ചായത്തിൽ തുടങ്ങാൻ അനുവദിച്ചില്ല. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ എംഎൽഎയായശേഷം മലയോര ഹൈവേ തുടർ പ്രവർത്തനം നിലച്ച നിലയിലാണ്.








0 comments