ആരോഗ്യ ശാസ്ത്ര സർവകലാശാല കലോത്സവം
വംശഹത്യയുടെ ഭീകരതയും ഭരണകൂടത്തിന്റെ നിലപാടും; ചോദ്യങ്ങളുയര്‍ത്തി ‘വംശഹത്യ’

നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ് ടീം
മഞ്ചേരി : വംശീയത, മതം, ഭാഷ, ഭൂമിശാസ്ത്രപരമായ അവകാശങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന വംശീയ കലാപങ്ങളോട് ഭരണകൂടം സ്വീകരിക്കുന്ന നിലപാടെന്തെന്ന ശക്തമായ ചോദ്യമുയർത്തി ‘വംശഹത്യ’ മികച്ച നാടകം. കേരള ആരോഗ്യ ശാസ്ത്ര ശാസ്ത്ര സർവകലാശാല നോർത്ത് സോൺ കലോത്സവത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച വംശഹത്യ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. ജെന്നി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എ അനഘ മികച്ച നടിയായി. അച്ഛമ്മയുടെ വേഷം ചെയ്ത സ്വാതി പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.
അനന്ദു ഗോപി, നയൻ മേനോൻ, ജോർജ് ഡൊമിനിക്, ബെഞ്ചമിൻ തോമസ്, ബി എസ് സ്വാതി, റെജി ക്രിസ്തൂരജ്, പി ജെ രേവതി, വി നന്ദന, എ അനഘ, എമിൽ തോമസ് എന്നിവരാണ് അഭിനേതാക്കൾ.
വംശഹത്യ നാടകത്തില്‍ നിന്ന്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട എ അനഘ
മണിപ്പൂർ വംശീയ സംഘർഷങ്ങൾ, ഗുജറാത്ത് കലാപം, ശ്രീലങ്കയിലെ വംശീയകലാപം തുടങ്ങി ഇന്ത്യയിലും പുറത്തും നടക്കുന്ന കലാപങ്ങളുടെ സൂചനകൾ നാടകത്തിൽ കാണാം. നവീനമായ രംഗഭാഷയാണ് നാടകത്തിന്റെ മറ്റൊരു പ്രത്യേകത. ഛന്ദസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ ആർട്ട് എം എം അലോക് ആണ്. സനോജ് മാമോയാണ് ലൈറ്റ് ചെയ്തിരിക്കുന്നത്. മലയിൽ ഹർഷാദ് മേക്കപ്പും എ വി അനുഭവ് അസിസ്റ്റന്റ് ഡയറക്ടറുമാണ്. എം സായിജയാണ് കോസ്റ്റും ഒരുക്കിയത്.
കാണികളെ ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തിയാണ് നാടകം അരങ്ങേറിയത്. ജെന്നി എന്ന കൊച്ചുമകൾ തന്റെ മുത്തശ്ശി മരണത്തിന് തൊട്ടുമുമ്പ് വെളിപ്പെടുത്തിയ വംശഹത്യയുടെ ഭീകരതയുടെ പിന്നാമ്പുറങ്ങൾ നേടി പ്രതികാരത്തിനായി ഇറങ്ങുന്നു. മുൻ തലമുറകൾ നേരിട്ട പീഡനങ്ങളും അതിക്രമങ്ങളും ഒരു ലൂപ് എന്ന പോലെ ആവർത്തിക്കപ്പെടുന്നതുമാണ് നാടക ഇതിവൃത്തം.










0 comments