Deshabhimani

സിപിഐ എം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി

വര്‍‌ഗീയശക്തികളുടെ സ്വാധീനം ചെറുത്തുതോല്‍പ്പിക്കണം

a

പൊന്നാനിയില്‍ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കംകുറിച്ച് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തുന്നു. പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍ സമീപം

വെബ് ഡെസ്ക്

Published on Oct 04, 2026, 12:27 AM | 2 min read


പൊന്നാനി

ജില്ലയില്‍ രൂപപ്പെടുന്ന വര്‍ഗീയശക്തികളുടെ സ്വാധീനം ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം വര്‍ഗീയശക്തികളുടെ സ്വാധീനത്തിന്റെകൂടി ഫലമാണ്.

സംഘപരിവാര്‍ രാഷ്ട്രീയ പ്രചാരണവും മുസ്ലിം ന്യൂനപക്ഷ ഏകീകരണവും ഒരുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘപരിവാറിനും ഇതര വര്‍ഗീയ താല്‍പ്പര്യക്കാര്‍ക്കും മുഖ്യശത്രു ഇടതുപക്ഷമാണ്. ലീഗും ജമാഅത്തെ ഇസ്ലാമിയും കുറച്ചുകാലമായി യോജിപ്പോടെയാണ് പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷം ഭരണത്തില്‍ പങ്കാളിത്തമില്ലാത്തത് ലീഗിനെ പൊറുതിമുട്ടിച്ചിരുന്നു. അതുകൊണ്ടാണ് എല്ലാ മുസ്ലിം സംഘടനകളെയും കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനമെന്ന ലക്ഷ്യത്തോടെ അവര്‍ പ്രവര്‍ത്തിച്ചത്. നിശ്ശബ്ദമായ വിമോചന സമരമാണ് കേരളത്തില്‍ നടന്നത്. തിരുന്നാവായയില്‍ നടന്ന കുംഭമേള ജില്ലയെ ലക്ഷ്യംവച്ചുള്ള സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയാണ്. വര്‍ഗീയതയ്ക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദപരമായ സമീപനമാണ്. സഹവര്‍ത്തിത്വത്തിലും സഹോദര്യത്തിലും ഊന്നിയുള്ള സാമൂഹ്യജീവിതം തകര്‍ത്ത്, മതപരമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഈ വര്‍ഗീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് അണിനിരക്കണമെന്നും വിപുലീകൃത ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.


a



തീരദേശത്തെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമം മുസ്ലിംലീഗ് ഉപേക്ഷിക്കണം

തീരദേശമേഖലയെ സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമം മുസ്ലിംലീഗ് ഉപേക്ഷിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ലീഗ് ക്രിമിനലുകള്‍ തീരദേശമേഖലയില്‍ നിരന്തരം ആക്രമണം നടത്തുകയാണ്. താനൂര്‍ ഉണ്യാലിലെ സിപിഐ എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ജംഷീര്‍ ബാബുവിനെ വെട്ടിക്കൊല്ലാനുള്ള ശ്രമമാണ് അവസാനത്തെ ഉദാഹരണം. പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തുന്നത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് ഉണ്യാലിലെ 16 പാര്‍ടി പ്രവര്‍ത്തകരെ ലീഗ് ക്രിമിനലുകള്‍ മൃഗീയമായി ആക്രമിച്ചിരുന്നു. അവരില്‍ പലരും ശയ്യാവലംബികളാണ്.

പ്രദേശത്തെ സമാധാനത്തിന്റെ പാതയിലേക്കെത്തിച്ചത് കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമാണ്. ഉണ്യാല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിനോദസഞ്ചാര വികസനം സാധ്യമാക്കി. ഇതിലൂടെ സമാധാനപരമായി തൊഴിലെടുക്കാനും കുടുംബജീവിതം നയിക്കാനും സാഹചര്യമൊരുക്കി. എന്നാല്‍, ഭരണം മാറിയതോടെ ലീഗ് ക്രിമിനലുകള്‍ ആക്രമണവും ആരംഭിച്ചു. ഇത് പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ പറഞ്ഞു.


aസിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നവര്‍

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമം അപലപനീയം

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കയറി കന്റോണ്‍മെന്റ് പൊലീസ് നടത്തിയത് ക്രൂരമായ നരനായാട്ടാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കല്ലും തീപ്പന്തവുമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷമായിരുന്നു പൊലീസ് അതിക്രമം. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു പൊലീസ് – കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ അക്രമം. ജന്തർമന്തറിൽ മോദി സർക്കാർ നടത്തുന്ന വിദ്യാർഥി വേട്ടയ്ക്ക് സമാനമാണിത്. യുഡിഎഫ് മന്ത്രിമാരെ തടഞ്ഞ് ഔദ്യോഗിക വാഹനത്തില്‍നിന്ന് ഇറക്കിവിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നിസ്സംഗതയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ബിജെപി നയങ്ങള്‍ക്ക് കീഴ്പ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ പ്രകടമായത്. ഇടതുപക്ഷത്തിനെതിരെ അക്രമാസക്തമാവുകയും സംഘപരിവാര്‍ സംഘടനകളോട് സന്ധിചെയ്യുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് നടത്തിയ നിഷ്ഠുര നടപടിയെ അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിപുലീകൃത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home