മുന്നേറ്റത്തിന് മൂര്‍ച്ച കൂട്ടിയ മിച്ചഭൂമി സമരം

പി എ സജീഷ്
Published on Sep 29, 2026, 12:43 AM | 1 min read
പൊന്നാനി
ജന്മിത്തം കൊടികുത്തിവാണ കാലം. പൊന്നാനി താലൂക്കിലെ ഭൂരിഭാഗം ഭൂമിയും ജന്മിമാരുടെ കൈവശമായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയിട്ടും മിച്ചഭൂമി വിട്ടുകൊടുക്കാൻ അവര്‍ തയ്യാറായില്ല. കുടിൽകെട്ടി താമസിക്കുന്ന 10 സെന്റ് കുടിയിരിപ്പായി നൽകണമെന്ന നിയമത്തോട് ജന്മിമാർ മുഖംതിരിച്ചു. ഇതോടെ ഭൂമി പിടിച്ചെടുക്കാൻ കർഷക തൊഴിലാളികൾ തിരുമാനിച്ചു. മൊയ്തീൻ കോയ, കൊളാടി അപ്പുമേനോൻ, വെള്ളശേരി വേണുഗോപാല മേനോൻ, തൊഴുവാലിൽ രാമൻകുട്ടി മേനോൻ, അളപ്പൂര് നാരായണൻകുട്ടി മേനോന്റെ സഹോദരി ഗൗരിയമ്മ ഉൾപ്പെടെയുള്ള ജന്മിമാരില്‍നിന്ന് ഭൂമി വിട്ടുകിട്ടാന്‍ സമരത്തിനിറങ്ങി.
പാവപ്പെട്ടവർക്ക് കിടപ്പാടമൊരുക്കാൻ നടത്തിയ ഐതിഹാസിക സമരത്തില്‍ പങ്കെടുത്ത വെളിയങ്കോട് പത്തുമുറിയിലെ കുമ്പളത്തുകായിൽ ഹസൻ കോയയുടെ ഓര്‍മയില്‍ ഇന്നും ആ ദിവസമുണ്ട്. "ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടിലായിരുന്നു ആലോചനായോഗം. പൊന്നാനി മാറഞ്ചേരി കരിങ്കല്ലത്താണിയിലെ കൊളാടിയുടെയും പുതുപൊന്നാനി അഴീക്കലിലെ കിഴക്കേതിൽ മൊയ്തീൻകോയയുടെയും ഭൂമി കൈയേറി കൊടികെട്ടാൻ തീരുമാനിച്ചു. ഏഴ് സംഘമായി തിരിഞ്ഞ് ഏഴ് തെങ്ങുകളില്‍ കയറി കൊടികെട്ടണം. ഇതിനായി തെങ്ങുകയറ്റ തൊഴിലാളിയായ സമരവളന്റിയര്‍ കെ അടിമ (അടിമ സഖാവ്)യെയും സംഘത്തെയും ചുമതലപ്പെടുത്തി. അഴീക്കലിലെ ഭൂമിയില്‍ കയറിയാൽ തലവെട്ടി പുഴയിൽ ഒഴുക്കുമെന്നായിരുന്നു ജന്മിയുടെ ഭീഷണി. ഇത് വകവയ്ക്കാതെ തൊഴിലാളികൾ സമരമുഖത്തെത്തി. സമരഭൂമിക്ക് ഇരുവശത്തും പാർടി പ്രവർത്തകരും ജനങ്ങളും തടിച്ചുകൂടി.
സമരക്കാർ എത്തുമ്പേഴേക്ക് പൊലീസിന്റെ വലിയപട നിലയുറപ്പിച്ചിരുന്നു. പൊലീസ് മർദനം നേരിടണമെന്ന ഉറച്ച മനസ്സോടെയാണ് ഞങ്ങള്‍ സമരത്തിനെത്തിയത്. മിച്ചഭൂമി കെെവശപ്പെടുത്തി, 10 സെന്റ് വളച്ചുകെട്ടി. മണ്ണിനുവേണ്ടിയുള്ള സമരം കടുത്ത അടിച്ചമർത്തലുകൾ നേരിട്ടു. നിരവധിപേര്‍ അറസ്റ്റിലായി. എങ്കിലും ഈ പോരാട്ടം പൊന്നാനിയുടെ രാഷ്ട്രീയചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി മാറി. ഇ കെ ഇമ്പിച്ചിബാവ, കെ ശ്രീധരൻ, ഇ കേശവൻ, എം പി എം, എ കെ മുഹമ്മദുണ്ണി, പി വി ജി (ഗോപു പണിക്കർ) എന്നിവരായിരുന്നു നേതൃത്വം നൽകിയത്'– ഹസൻ കോയ ഓര്‍ത്തെടുത്തു. കർഷക തൊഴിലാളി യൂണിയന്‍ നേതൃത്വത്തിൽ നടത്തിയ മിച്ചഭൂമി സമരത്തിനുമുമ്പിൽ കോണ്‍ഗ്രസ് സർക്കാരിനും ജന്മിവര്‍ഗത്തിനും കീഴടങ്ങേണ്ടിവന്നതും ചരിത്രമാണ്.









0 comments