പ്രതിസന്ധിയെ മറികടന്ന മഹാവിജയം

എസ്എസ്എല്‍സി പരീക്ഷ വിജയിച്ച നിലമ്പൂർ ഐജിഎംഎംആർഎസ് സ്കൂൾ വിദ്യാർഥികൾ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം

എം സനോജ്
Published on May 16, 2026, 12:15 AM | 1 min read
നിലമ്പൂർ
മലയും പുഴയും കടന്ന് പഠിക്കാനെത്തിയ കാടിന്റെ മക്കള്‍ നേടിയെടുത്തത് 100 ശതമാനം വിജയം. വെളിയന്തോടിലെ നിലന്പൂര്‍ ഐജിഎംഎംആര്‍ സ്കൂളാണ് പന്ത്രണ്ടാംതവണയും 100 ശതമാനം വിജയം കൈവരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പട്ടികവര്‍ഗ വികസന വകുപ്പും സ്കൂള്‍ അധികൃതരും നടപ്പാക്കിയ പ്രത്യേക പഠനക്ലാസുകളും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് വിജയത്തിനുപിന്നിൽ. കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകം ഉള്‍പ്പെടെയുള്ളവ നേരത്തെ നല്‍കുകയും അധ്യാപകരുടെ പിന്തുണ ഉറപ്പാക്കുകയുംചെയ്‌തു. ഐജിഎംഎംആർ സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. എസ്എസ്എൽസി പരീക്ഷയെഴുതുന്ന എല്ലാവരും വിജയിക്കണം. ആ അധ്വാനം ഫലംകണ്ടു. കുട്ടികൾക്ക് പ്രഭാതഭക്ഷണംവരെ ഒരുക്കി രാവിലെ ഏഴുമുതൽ പ്രത്യേക പഠനക്ലാസുകൾ നടത്തി. പ്രധാന വിഷയങ്ങളിൽ രാത്രിയിലും ക്ലാസെടുത്തു. പരീക്ഷയെഴുതിയ 17 പെൺകുട്ടികളും 22 ആൺകുട്ടികളും വിജയിച്ചു. ഉൾവനങ്ങളിലെ പ്രാക്തന ഗോത്രവിഭാഗങ്ങളിലെ കുട്ടികൾ താമസിച്ചുപഠിക്കുന്ന വിദ്യാലയമാണ് ഇന്ദിരാഗാന്ധി സ്മാരക റസിഡൻഷ്യൽ സ്‌കൂൾ. സംസ്ഥാന സർക്കാരിന്റെ പിന്തുണയാണ് വിജയത്തിനുപിന്നിലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.










0 comments