എന്താകും.... കലോത്സവവും മേളകളും

ai
മലപ്പുറം
റവന്യൂ ജില്ലാതല സ്‌കൂൾ മേളകളെക്കുറിച്ച് ആലോചിക്കാൻ അഞ്ചാം തവണ വിളിച്ചുചേർത്ത ക്യുഐപി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി മേളകളുടെ ചുമതലകൾ നിശ്‌ചയിച്ചതും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ വർഷത്തെ കണക്ക് അവതരിപ്പിക്കാത്തതുമാണ് യോഗം തീരുമാനമാകാതെ പിരിയാൻ കാരണം. രാഷ്‌ട്രീയപ്രേരിതമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് മേളകളുടെ നടത്തിപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.
കൂടിയാലോചനകളില്ലാതെ വിവിധ കമ്മിറ്റികൾ ഏറ്റെടുക്കണമെന്നാണ് ഡിഡിഇ (ഇൻചാർജ്) അധ്യാപക സംഘടനകളോട് നിർദേശിച്ചത്. ഇതേത്തുടർന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ലീവിൽ പോയതിനെ തുടർന്ന് വണ്ടൂർ ഡിഇഒ സലാഹുദ്ദീനാണ് ചുമതല നൽകിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യോഗങ്ങൾ ചേർന്നത്. എന്നാൽ ഓരോ യോഗത്തിലും രാഷ്ട്രീയപ്രേരിതമായി തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ അഭിപ്രായം പരിഗണിക്കാതെ ഏകപക്ഷീയ രീതിയിൽ കമ്മിറ്റികൾ ഏറ്റെടുക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്.
സ്കൂൾ കലോത്സവത്തിന്റെ (സബ് ജില്ല, ജില്ല, സംസ്ഥാനതലങ്ങൾ) സുഗമമായ നടത്തിപ്പിനായി അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും നിശ്ചിത തുകവീതം ഫെസ്റ്റിവൽ ഫണ്ട് സമാഹരിക്കാറുണ്ട്. കണക്കുകൾ കൃത്യമായി അവതരിപ്പിക്കാറുമുണ്ട്. എന്നാൽ ഇൗ വർഷത്തെ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നുതവണ ചേർന്ന യോഗത്തിലും കഴിഞ്ഞ വർഷം അധ്യാപക മേഖലയിൽനിന്ന് സമാഹരിച്ച തുകയും അതിന്റെ ചെലവുസംബന്ധിച്ചുമുള്ള കൃത്യമായ കണക്കുകൾ അവതരിപ്പിക്കാൻ ഡിഡിഇ ഓഫീസ് തയ്യാറായില്ല. ഇതും പ്രതിഷേധത്തിന് കാരണമായി. ശനിയാഴ്‌ച ചേർന്ന യോഗത്തിലും കണക്ക് വിവരങ്ങൾ നൽകിയില്ല. തുടർന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ യോഗം ബഹിഷ്‌കരിച്ചത്. ഉപജില്ല, ജില്ലാതലങ്ങളിലൊന്നുംതന്നെ മേളകൾ നടത്തി പരിചയമില്ലാത്ത ഡിഇഒയുടെ രാഷ്ട്രീയ പക്ഷപാത നിലപാടുകൾ അംഗീകരിക്കില്ലെന്നും കെഎസ്‌ടിഎ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ അറിയിച്ചു.









0 comments