ad
Deshabhimani

എന്തോരം കളിക്കളം

a
avatar
ജിജോ ജോര്‍ജ്

Published on Mar 03, 2026, 01:29 AM | 2 min read


മലപ്പുറം

കായിക മേഖലയിൽ സമാനകളില്ലാത്ത വികസനമാണ്‌ നടക്കുന്നത്‌. ജില്ലയുടെ കായിക മുഖഛായതന്നെ മാറ്റുകയാണ്‌ സംസ്ഥാന സർക്കാർ. സ്‌റ്റേഡിയങ്ങളും മൾട്ടിപർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയങ്ങളും ഫുട്‌ബോൾ ടർഫുകളും ഫിറ്റ്‌നസ്‌ സെന്ററുകളും ഉൾപ്പെടെ കായികരംഗത്ത്‌ വ്യത്യസ്‌തങ്ങളായ വികസന പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. സ്‌പോർട്‌സ്‌ കേരള ഫ‍ൗണ്ടേഷൻ (എസ്‌കെഎഫ്‌) നേതൃത്വത്തിൽ 46.06 കോടിയുടെ പ്രവൃത്തികളാണ്‌ ജില്ലയിൽ പുരോഗമിക്കുന്നത്‌. ഇതിനുപുറമേ മലപ്പുറത്ത്‌ മൾട്ടി യൂട്ടിലിറ്റി സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌ ഒന്നാംഘട്ടത്തിന്‌ സംസ്ഥാന ബജറ്റിൽ അഞ്ച്‌ കോടി അനുവദിച്ചിട്ടുണ്ട്‌. പദ്ധതിയ്ക്ക്‌ 24 കോടിയാണ്‌ ആകെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

കലിക്കറ്റ്‌ സർവകലാശാലയിൽ ഫിഫ നിലവാരമുള്ള സ്‌റ്റേഡിയം നിർമിക്കാൻ കിഫ്‌ബിയിൽ ആദ്യ ഗഡുവായി 125 കോടിയും അനുവദിച്ചിട്ടുണ്ട്‌. സംസ്ഥാന ബജറ്റ്‌, കിഫ്‌ബി, പ്ലാൻ ഫണ്ട്‌, എംഎൽഎമാരുടെ ആസ്‌തി വികസന ഫണ്ട്‌ തുടങ്ങി വ്യത്യസ്‌തങ്ങളായ ഫണ്ടുകളിലാണ്‌ ജില്ലയിലെ കായിക വികസനം നടക്കുന്നത്‌. കിഫ്‌ബി ഫണ്ടിൽ നിർമാണം നടക്കുന്ന പൊന്നാനി നിളാതീരം അക്വാട്ടിക് സ്‌പോർട്സ് കോംപ്ലക്‌സിനാണ്‌ കൂടുതൽ തുക. 18 കോടി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഏഴ്‌ പ്രവൃത്തി പുരോഗമിക്കുന്നു.

​​നിളാതീരം അക്വാട്ടിക് സ്‌പോർട്സ് *കോംപ്ലക്‌സ്‌

​പൊന്നാനി ഈശ്വരമംഗലത്താണ്‌ മലബാറിലെ ഏറ്റവും വലിയ അക്വാട്ടിക് സ്പോർട്സ് കോംപ്ലക്‌സ്‌ ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം. നിർമാണം പുരോഗമിക്കുകയാണ്‌. 18 കോടി ചെലവിട്ടാണ്‌ പദ്ധതി യാഥാർഥ്യമാക്കുന്നത്‌. കബഡി കോർട്ട് ഉൾപ്പെടെയുള്ള മൾട്ടിപർപ്പസ് ഇൻഡോർ സ്‌റ്റേഡിയം, അക്വാട്ടിക് നീന്തൽകുളം, വോളിബോൾ, ബാഡ്മിന്റൺ, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, റോളർ സ്കേറ്റിങ്‌ ട്രാക്ക്, ചിൽഡ്രന്‍ സ്‌പോർട്സ് പാർക്ക്, വിശാലമായ പാർക്കിങ്‌ സൗകര്യവും ഉൾപ്പെടെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.

ഒരു പഞ്ചായത്ത്‌ *ഒരു കളിക്കളം

​പദ്ധതിയിൽ പ്രാദേശിക കളിക്കളങ്ങൾ ഒരുങ്ങുകയാണ്‌. ചോക്കാട്‌ പഞ്ചായത്ത്‌ ഉദിരംപൊയിൽ മിനിസ്‌റ്റേഡിയം നവീകരണം (80 ലക്ഷം), വെട്ടം പഞ്ചായത്ത്‌ കളിക്കളം നവീകരണം (ഒരുകോടി), താനൂർ നാരിയാരകുന്ന്‌ ഗ്ര‍ൗണ്ട്‌ നവീകരണവും ചെറിയമുണ്ട്‌ പഞ്ചായത്ത്‌ അനുബന്ധ പ്രവൃത്തികളും (ഒരുകോടി), വഴിക്കടവ്‌ പഞ്ചായത്ത്‌ പാലാട്‌ ഗ്ര‍ൗണ്ട്‌ നിർമാണം (ഒരുകോടി), അമരന്പലം പഞ്ചായത്തിലെ കവളമുക്കട്ട ഗ്ര‍ൗണ്ട്‌ വികസനം (50 ലക്ഷം), എ ആർ നഗർ പഞ്ചായത്തിൽ ചെണ്ടപ്പുറായ സ്‌റ്റേഡിയം വികസനം (ഒരുകോടി), മുതുവല്ലൂർ പഞ്ചായത്ത്‌ മുണ്ടക്കുളം സ്‌റ്റേഡിയം വികസനം (ഒരുകോടി) എന്നിവയാണ്‌ പുരോഗമിക്കുന്നത്‌.

മറ്റ്‌ പദ്ധതികൾ

​ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിലിന്‌ ആസ്ഥാനമന്ദിരം (1.06 കോടി), വണ്ടൂർ ഫുട്‌ബോൾ സ്‌റ്റേഡിയവും ഗാലറിയും (രണ്ട്‌ കോടി), മാറഞ്ചേരി ഫുട്‌ബോൾ കോർട്ട്‌ (2.17 കോടി), ദേവധാർ സ്‌കൂളിൽ സെവൻസ്‌ സിന്തറ്റിക്‌ ടർഫും മൾട്ടിപർപ്പസ്‌ ഇൻഡോർ കോർട്ടും (2.45 കോടി), താനൂർ ഫിഷറീസ്‌ ഗവ. സ്‌കൂളിൽ കായിക വികസനം (30 ലക്ഷം), കരിങ്ങപ്പാറ ജിയുപി സ്‌കൂളിൽ സിന്തറ്റിക്‌ ഫുട്‌ബോൾ ടർഫും അനുബന്ധ പ്രവൃത്തികളും (23.35 ലക്ഷം), താനൂർ ഗവ. ആർട്‌സ്‌ സയൻസ്‌ കോളേജിൽ കളിക്കള വികസനം (2.13 കോടി), കാട്ടിലങ്ങാടി ജിഎച്ച്‌എസ്‌എസ്‌ ഗ്ര‍ൗണ്ട്‌ നവീകരണം (1.46 കോടി), മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിനുതാഴെ മൾട്ടി സ്‌പോർട്‌സ്‌ ഫെസിലിറ്റി സെന്റർ (92 ലക്ഷം), ദേവധാർ മേൽപ്പാലത്തിനുതാഴെ മൾട്ടി സ്‌പോർട്‌സ്‌ ഫെസിലിറ്റി സെന്റർ (92 ലക്ഷം), മഞ്ചേരി പയ്യനാട്‌ ജില്ലാ സ്‌പോർട്‌സ്‌ ഹോസ്‌റ്റൽ അറ്റകുറ്റപ്പണികൾ, ഡൈനിങ്‌ ഹാൾ നവീകരണം, ഇന്റർലോക്ക്‌, ബാസ്‌കറ്റ്‌ ബോൾ കോർട്ട്‌ നവീകരണം (74.41 ലക്ഷം), പെരുവള്ളൂർ പഞ്ചായത്ത്‌ സ്‌റ്റേഡിയം നവീകരണവും ഫ്‌ളഡ്‌ ലിറ്റ്‌ പ്രവൃത്തിയും (35 ലക്ഷം), നിലന്പൂർ മാനവേദൻ ജിഎച്ച്‌എസ്‌എസിൽ ഗാലറിയും മതിലും (2.5 കോടി), അരീക്കോട്‌ പഞ്ചായത്ത്‌ സ്‌റ്റേഡിയം വികസനം (രണ്ട്‌ കോടി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home