സന്തോഷം നിറഞ്ഞൊഴുകുന്ന ഏലംകുളം

ഹരിതകേരളം പദ്ധതിയിൽ ഏലംകുളം പഞ്ചായത്ത് നവീകരിച്ച നാരായണികുളം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്യുന്നു (ഫയല്‍ചിത്രം)
എ രാധാകൃഷ്ണന്‍
Published on Sep 21, 2025, 01:32 AM | 2 min read
ഏലംകുളം
"വീട്ടിലേക്കുള്ള കുടിവെള്ളം ദൂരെനിന്ന് തലച്ചുമടായാണ് എത്തിച്ചിരുന്നത്. ഇനി അതിന്റെ ആവശ്യമില്ല. പൈപ്പ് വെള്ളം കിട്ടാന്‍ തുടങ്ങി' –ഏലംകുളം പഞ്ചായത്ത് ചങ്ങണമ്പറ്റ നഗറിലെ മിനിയുടെ ഉള്ളില്‍ സന്തോഷം നിറഞ്ഞൊഴുകുകയാണ്. ഇവര്‍ക്കുമാത്രമല്ല, കുടിവെള്ളം തലച്ചുമടായി എത്തിക്കേണ്ട ഗതികേടിന് അറുതിയായതിന്റെ ആശ്വാസം ചങ്ങണമ്പറ്റ നഗറിലെ ഓരോരുത്തര്‍ക്കുമുണ്ട്. നാടിന്റെ ഏറെക്കാലത്തെ ആവശ്യമാണ് പഞ്ചായത്തും സംസ്ഥാന സർക്കാരും നിറവേറ്റിയതെന്ന് മിനി പറയുന്നു. 35 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. നെല്ലിയാംകുന്നിലെ 30 കുടുംബങ്ങളും കുടിവെള്ളം വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ്. റെയിൽപാളം മുറിച്ചുകടന്ന് ദൂരെനിന്നാണ് ഇവിടുള്ളവര്‍ വെള്ളമെത്തിച്ചിരുന്നത്. മൂന്നുഭാഗവും തൂതപ്പുഴയാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. നിലവിലെ എല്‍ഡിഎഫ് ഭരണസമിതി ജൽ ജീവൻ മിഷൻ മുഖേനെ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിച്ചു. 16.44 കോടി രൂപ ചെലവഴിച്ച് 36.75 കിലോമീറ്റർ പൈപ്പിട്ടു. 5706 കുടുംബങ്ങള്‍ക്ക് വീട്ടുമുറ്റത്ത് കുടിവെള്ളം ലഭിച്ചു. പെരുമ്പാറയിലും പറക്കുന്നത്തും ജലസംഭരണിയും പമ്പ് സെറ്റും സ്ഥാപിച്ചു.
മറ്റ് പ്രവര്‍ത്തനങ്ങള്‍
ലൈഫ് പദ്ധതിയിൽ 387 വീടുകള്‍ പൂര്‍ത്തിയാക്കി
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് 25 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നു. സിദ്ധ ഡിസ്‌പെൻസറിക്ക് 45 ലക്ഷവും ആയുർവേദ ഡിസ്‌പെൻസറിക്ക് 30 ലക്ഷവും ചെലവഴിച്ചും കെട്ടിടം നിർമിക്കും.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ആറാം വാർഡിലെ പാപ്പാറയിൽ 33 കെവി സബ് സ്റ്റേഷൻ നിര്‍മിക്കും
മുതുകുർശി കുളം, ചിറക്കുളം എന്നിവ നവീകരിച്ചു. 34 ലക്ഷം രൂപ ചെലവിൽ പാറക്കൽ മുക്കില്‍ നാരായണി കുളം നവീകരിച്ചു
24 ലക്ഷം രൂപ ചെലവിൽ പകൽവീടിന് സ്വന്തം കെട്ടിടം നിര്‍മിച്ചു
ചെറുകരയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം ഉടന്‍ പ്രവർത്തനം തുടങ്ങും
പതിനൊന്നാം വാർഡ് അമ്പാട്ടക്കണ്ടത്തിൽ ഓപ്പൺ ജിം സ്ഥാപിച്ചു
ഉൾനാടൻ മത്സ്യബന്ധനത്തിന് വള്ളവും വലയും നൽകി
തരിശുരഹിത പഞ്ചായത്ത് പദ്ധതിയിൽ 10 ഏക്കർ സ്ഥലം കൃഷിയിടമാക്കി
ഇ എം എസ് ആശുപത്രിയുമായി സഹകരിച്ച് എല്ലാമാസവും മാനസിക രോഗികൾക്ക് മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു
വിജ്ഞാനകേരളം പദ്ധതിയിൽ 1000 പേർക്ക് തൊഴിൽ കണ്ടെത്താൻ നടപടികൾ ആരംഭിച്ചു
"ലക്ഷ്യം ശുചിത്വ പഞ്ചായത്ത്'
പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് പൊതുശ്മശാന വളപ്പിൽ മാലിന്യം കൂട്ടിയിട്ടത് വലിയ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. 100 ടണ്‍ മാലിന്യമാണ് എൽഡിഎഫ് ഭരണസമിതി നീക്കംചെയ്തത്. എംസിഎഫ് അനുവദിക്കുന്നതിന് അപേക്ഷയും നല്‍കി. മാലിന്യസംസ്കരണത്തിന് കെഎസ്ഡിപിയുടെ 85 സെന്റ് ഏറ്റെടുക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്.
പി സുധീർ ബാബു (ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ്)










0 comments