പട്ടിക വർഗ വിഭാഗത്തിന്റെ സംരംഭക സ്വപ്-നങ്ങൾക്ക് കൂട്ടായി കെ-–ടിക്
കണ്ണിചേർന്ന് കരുത്തരാകും

സി പ്രജോഷ് കുമാർ
Published on Dec 27, 2025, 12:15 AM | 1 min read
മലപ്പുറം
പട്ടിക വർഗ വിഭാഗത്തിന്റെ സംരംഭക സ്വപ്നങ്ങൾക്ക് നിറംപകരാൻ കുടുംബശ്രീയുടെ കെ-–ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്നൊവേഷൻ സെന്റർ). പദ്ധതി പുതുവർഷത്തിൽ യാഥാർഥ്യമാകും. ജില്ലയിൽ 23 പേരാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാവുക. ഇതിൽ ആറെണ്ണം ഗ്രൂപ്പും അഞ്ചെണ്ണം വ്യക്തിഗത സംരംഭങ്ങളുമാണ്. ആദിവാസി മേഖലയുമായി കണ്ണിചേർന്ന സംരംഭങ്ങൾക്ക് മുൻഗണന നൽകിയാണ് പദ്ധതി തയ്യാറാക്കിയത്.
ഒളൈ ഭംഗിയും ഇക്കോ കോഫിയും
നിലമ്പൂരിന്റെ വനസൗന്ദര്യവും സംസ്‌കാരവും കൊത്തിയ ‘ഒളൈ ഭംഗി’ ബ്രാൻഡഡ് തൂവാലയാണ് ഒന്ന്. തുന്നലും എംബ്രോയ്‌ഡറി പ്രവൃത്തികളും ആദിവാസി വിഭാഗത്തിലെ സ്‌ത്രീകളാണ് നടത്തുക. വനവിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഇക്കോ കോഫി ഷോപ്പുകളാണ് മറ്റൊന്ന്. വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും ഇത് തുടങ്ങുക. ‘മൗണ്ടൻ പീക്ക്’ പേരിൽ മസാലപ്പൊടികൾ ചേരുവകൾ ചേർത്ത് പാചകത്തിന് പാകമായ രീതിയിൽ അവതരിപ്പിക്കും. തദ്ദേശീയ മേഖലയിൽനിന്ന് പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പലഹാര നിർമാണം, വനവിഭവ വിപണനം, സ്വയം കൃഷി ചെയ്യുന്ന മത്സ്യങ്ങൾകൊണ്ടുള്ള വിവിധ വിഭവങ്ങൾ, കരകൗശല വസ്തുക്കളുടെ നിർമാണം എന്നിവയും പദ്ധതിയിലുണ്ട്. ആദ്യഘട്ടത്തിൽ 138 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. അഞ്ച് ഘട്ടമായിരുന്നു പരിശീലനം. അട്ടപ്പാടിയിൽ ഉൾപ്പെടെ ആദിവാസി സംരംഭങ്ങൾ നേരിട്ട് കാണാൻ അവസരമൊരുക്കി. സംരംഭങ്ങളുടെ സ്വഭാവം അനുസരിച്ചുള്ള സാങ്കേതിക സഹായം കുടുംബശ്രീ ലഭ്യമാക്കി.
മൂന്ന് ലക്ഷംവരെ സഹായം
കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ഫണ്ടിൽനിന്ന് 50,000 രൂപമുതൽ മൂന്ന് ലക്ഷംവരെയുള്ള സഹായമാണ് നൽകുക. 18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. 45 വയസ്സുവരെയുള്ള 10 ശതമാനം പേരും ഇതിൽ ഉൾപ്പെടും. പോത്തുകല്ലിലെ നാരങ്ങാപൊയിൽ, ചെമ്പ്ര, എടക്കരയിൽ വെള്ളാരംകുന്ന്, മൂത്തേടത്തെ തീക്കൊടി, നിലമ്പൂരിലെ വല്ലപ്പുഴ, വരേടംപാടം, നല്ലംതണ്ണി, പാടിക്കുന്ന് മമ്പാടിലെ കാരച്ചാൽ, ഊർങ്ങാട്ടിരിയിലെ ഓടക്കയം എടവണ്ണ ഓടണ്ടപ്പാറ, ചാലിയാറിൽ അമ്പുമല, പാലക്കയം എന്നീ ഉന്നതികളിലുള്ളവർ പദ്ധതിയുടെ ഭാഗമാണ്.










0 comments