കാക്കിക്കപ്പുറം കാൽപ്പന്തുകാലത്തെ ബന്ധം

ജിജോ ജോര്‍ജ്
Published on May 23, 2026, 12:15 AM | 2 min read
മലപ്പുറം
‘മുപ്പത്തിയെട്ട് വർഷംമുന്പ് തുടങ്ങിയ ബന്ധമാണ്. 1988ൽ പാലക്കാട് നടന്ന ദേശീയ ജൂനിയർ ഫുട്‌ബോളിൽ കേരളത്തിനായി ഒരുമിച്ച് കളിച്ചു. പാലക്കാടായിരുന്നു കളി. ക്യാന്പ് മലപ്പുറത്തും. എംഎസ്‌പി ഹെഡ് ക്വാർട്ടേഴ്‌സിനുമുന്നിലെ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു താമസം. അന്നു കിട്ടിയ കൂട്ട് ഇപ്പോഴും തുടരുന്നു’. എംഎസ്‌പിയിൽനിന്ന് വിരമിക്കുന്ന ഫുട്‌ബോൾ താരങ്ങളായ ഹബീബ് റഹിമാന്റെയും കെ രാജേഷിന്റെയും സൗഹൃദത്തിന്റെ തുടക്കമിതാണ്. ജൂനിയർ ദേശീയ ചാന്പ്യൻഷിപ്പിലെ കളിയുടെ മികവിലാണ് ഇരുവരും കേരള പൊലീസിലെത്തുന്നത്. 1990 ജനുവരി എട്ടിന് ഹെഡ് കോൺസ്‌റ്റബിളായി ഹബീബ് ജോലിയിൽ പ്രവേശിച്ചു. 1990 തൃശൂർ ഫെഡറേഷൻ കപ്പിൽ കേരള പൊലീസ് ആദ്യമായി കിരീടം ചൂടുന്പോൾ ഹബീബ് ടീമിലുണ്ടായിരുന്നു. 1990 മെയ് 25ന് രാജേഷും ഹെഡ് കോൺസ്‌റ്റബിളായി. 2002ൽ പൊലീസ് ഫുട്‌ബോൾ ടീം പിരിച്ചുവിടുന്നതുവരെ ഇരുവരും ഒരുമിച്ച് കളിച്ചു. വൈകാതെ രണ്ടുപേരും മലപ്പുറം എംഎസ്‌പിയിലെത്തി. മിക്കവാറും ഒരുമിച്ചായിരുന്നു ജോലി. വിരമിക്കുന്നതും ഒരേ ദിവസം. വി പി സത്യൻ, യു ഷറഫലി, സി വി പാപ്പച്ചൻ, ഐ എം വിജയൻ, കെ ടി ചാക്കോ, കുരികേശ് മാത്യു, പി പി തോബിയാസ് തുടങ്ങിയ വന്‍നിരയുടെകൂടെയാണ് കളിച്ചത്. എ എം ശ്രീധരൻ, വി ചാത്തുണ്ണി തുടങ്ങിയവരുടെ കീഴിലായിരുന്നു പരിശീലനം. അന്ന് ഇന്ത്യൻ ടീമിൽ ഇടംനേടുന്നതിനെപ്പറ്റി ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ലെന്ന് ഹബീബ് റഹിമാൻ ഓർക്കുന്നു. ഐ എം വിജയൻ, സി വി പാപ്പച്ചൻ, ബ്രൂണോ കുട്ടീഞ്ഞോ, റോയ് ബാരറ്റോ, ശിശിർഘോഷ് എന്നിവർക്കൊപ്പം ആറാമത്തെ സ്‌ട്രൈക്കറായി ക്യാന്പിലുണ്ടാവുക വലിയകാര്യമായിരുന്നു. പിന്നീട് കേരള പൊലീസ് ഫുട്‌ബോൾ ടീമിന്റെ മാനേജരായും അസി. മാനേജരായും ഹബീബ് പ്രവർത്തിച്ചു. അരീക്കോട് പുവഞ്ചേരി പരേതനായ അബൂബക്കറിന്റെയും ഉണ്ണീപാത്തുട്ടിയുടെയും മകനാണ്. ഭാര്യ: റീഫത്ത്. മക്കൾ: ഫാത്തിമ ഇഷ, മുഹമ്മദ് ഷാൻ. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ബേപ്പൂർ നടുവട്ടം പരേതനായ കോട്ടക്കുന്നുമ്മൽ വേലായുധന്റെയും തങ്കമണിയുടെയും മകനായ രാജേഷ് വർഷങ്ങളായി മലപ്പുറം ഡിപിഒ റോഡിലാണ് താമസം. ഭാര്യ: കെ പി പ്രീത. മക്കൾ: വൈഷ്‌ണവി (അസി. പ്രൊഫസർ, സിഎംആർ സർവകലാശാല, ബംഗളൂരു), വിഷ്‌ണു രാജേഷ് (ഫുട്‌ബോൾ താരം). മരുമകൻ: വൈശാഖ് (ഗവേഷകൻ, എൻഐടി).
സൗഹൃദ മത്സരം ഇന്ന്
ഹബീബ് റഹിമാനും കെ രാജേഷും സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കും. വെറ്ററൻസ് ഫുട്‌ബോൾ അസോസിയേഷനാണ് സംഘാടകർ. വൈകിട്ട് അഞ്ചിന് കാവുങ്ങൽ ബൈപാസിലെ അറീന ടർഫിൽ നടക്കുന്ന മത്സരത്തിൽ കേരള പൊലീസും വെറ്ററൻസ് ഫുട്‌ബോൾ അസോസിയേഷൻ ടീമും ഏറ്റുമുട്ടും. പൊലീസ് ടീമിനായി യു ഷറഫലി, കുരികേശ് മാത്യു, കെ ടി ചാക്കോ, ഹബീബ് റഹിമാൻ, കെ രാജേഷ്, യു അബ്ദുൾകരീം, ഫിറോസ് കളത്തിങ്ങൽ, മാർട്ടിൻ ഡിക്രൂസ്, റഷീദ്, ശശി തുടങ്ങിയവരും വെറ്ററൻസ് അസോസിയേഷനായി ആസിഫ് സഹീർ, സുരേന്ദ്രൻ മങ്കട, ഹമീദ് ടൈറ്റാനിയം, അൻവർ ടൈറ്റാനിയം തുടങ്ങിയവരും കളത്തിലിറങ്ങും.









0 comments