നീരൊഴുക്ക് നിലച്ചു
ആഢ്യന്‍പാറയില്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തി

ആഢ്യന്‍പാറ ചെറുകിട വൈദ്യുതി നിലയം, വേനലിനുമുമ്പുള്ള ദൃശ്യം

എം സനോജ്
Published on May 01, 2026, 12:02 AM | 1 min read
നിലമ്പൂർ
വേനല്‍ കടുത്തതോടെ കെഎസ്‌ഇബി ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തി. കാഞ്ഞിരപ്പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെയാണ് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിയത്. ഇതോടെ നിലന്പൂര്‍ സബ് സ്റ്റേഷനിലേക്കുള്ള ഫീഡിങ്ങും നിര്‍ത്തി. ഈ വര്‍ഷം റെക്കോഡ് ഉല്‍പ്പാദനമാണ് ആഢ്യന്‍പാറയില്‍ ലഭിച്ചത്. 11.24 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 2025– 26 സാന്പത്തികവര്‍ഷമുണ്ടായത്. 2022– 23ല്‍ 11.95 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചു. പ്രളയങ്ങളിൽ ജനറേറ്റിങ് സ്റ്റേഷനിലേക്ക് വെള്ളംവരുന്ന തുരങ്കമുഖവും മൂന്ന് ജനറേറ്ററുകളും മണ്ണിനിടയിൽപ്പെട്ടിരുന്നു. കഠിനാധ്വാനംചെയ്താണ് ജീവനക്കാരും ഉദ്യോഗസ്ഥരും 2015ൽ ആരംഭിച്ച പവർസ്റ്റേഷനെ ജീവസുറ്റതാക്കിയത്. കാഞ്ഞിരപ്പുഴക്കുകുറുകെ ചെക്ക്ഡാം നിർമിച്ച് ഒരുകിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർഹൗസിലെത്തിക്കും. വൈദ്യതി ഉൽപ്പാദനത്തിനുശേഷം വെള്ളം ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചുവിടും. 3.5 മെഗാവാട്ട് ശേഷിയുള്ള ആഢ്യൻപാറയിൽ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരുദിവസത്തെ ഉൽപ്പാദനശേഷി. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവർഹൗസിലുള്ളത്.










0 comments