മുന്നോട്ട് കുതിക്കാൻ മലപ്പുറം എഫ്‌സി

മലപ്പുറം
കരുത്തരായ കോഴിക്കോട് എഫ്‌സിയുമായി 3–1ന് പിന്നിട്ടശേഷം നടത്തിയ തകർപ്പൻ തിരിച്ചുവരവ്. കോഴിക്കോടിനെ 3–3ന് തളച്ചപ്പോൾ കിട്ടിയ കാണികളുടെ പിന്തുണ. സൂപ്പർ ലീഗ് കേരളയിൽ നാലാം അങ്കത്തിനിറങ്ങുന്പോൾ മലപ്പുറം ആവേശ കൊടുമുടിയിലാണ്. ചൊവ്വ രാത്രി ഏഴരയ്‌ക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ തിരുവനന്തപുരം കൊന്പൻസുമായാണ് മലപ്പുറം കൊന്പ് കോർക്കുക. കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു. ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണ് മലപ്പുറത്തിനുള്ളത്. രണ്ട് തോൽവിയും ഒരു ജയവുമായി മൂന്ന് പോയിന്റ് മാത്രമാണ് കൊന്പൻസിന്റെ സന്പാദ്യം. ഇൗ മത്സരം ജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ മലപ്പുറം ശ്രമിക്കുന്പോൾ കളി ജയിച്ച് ആദ്യ നാലിൽ ഇടംനേടാനാകും തിരുവനന്തപുരത്തിന്റെ ലക്ഷ്യം. കോഴിക്കോടുമായുള്ള കളിയിൽ താരങ്ങൾ ഫോമിലേക്ക് ഉയർന്ന് മലപ്പുറത്തിന്റെ പരിശീലകൻ മിഗ്വേൽ കോറലിന് വലിയ ആശ്വാസമായിട്ടുണ്ട്. ടീം ഇലവനിൽ മാറ്റം വരുത്തിയാകും മലപ്പുറം ഇറങ്ങുക. നവംബർ നാലിന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചിക്കെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. ടിക്കറ്റ് ജീനി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മലപ്പുറം എഫ്സിയുടെ ഹോം മത്സരങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. മത്സര ദിവസങ്ങളിൽ പയ്യനാട് സ്റ്റേഡിയത്തിൽ ടിക്കറ്റ് കൗണ്ടറുകളിലൂടെയുള്ള വിൽപ്പനയുമുണ്ടാകും.










0 comments