ഓണം ലഹരിയിൽ മുങ്ങില്ല
സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കും; പട്ടികയില്‍ 30 പേര്‍

സ്വന്തം ലേഖകന്‍
Published on Aug 09, 2025, 12:41 AM | 1 min read
മലപ്പുറം
ഓണാഘോഷം ലഹരിയില്‍ മുങ്ങാതിരിക്കാന്‍ എക്‌സൈസ് വകുപ്പ് ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തയ്യാറാക്കിയ കരുതല്‍ തടങ്കല്‍ പട്ടികയില്‍ ജില്ലയില്‍ 30 പേര്‍. ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളോ ലഹരിക്കേസില്‍ പുറത്തിറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ചവരോ ആണ് പട്ടികയിലുള്ളത്. ജില്ലയിലെ എസ്‌സൈസ് ഡിവിഷനുകളില്‍നിന്ന് കരുതല്‍ തടങ്കലിലാക്കേണ്ടവരുടെ വിവരം ശേഖരിച്ച് ക്രോഡീകരിച്ചാണ് പട്ടിക തയ്യാറാക്കിയത്. ആര്‍ഡിഒ വഴി കലക്ടര്‍ക്ക് കൈമാറുന്ന പട്ടിക സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചാണ് തടങ്കലിലാക്കേണ്ടവരെ തെരഞ്ഞെടുക്കുക. ഓണക്കാലത്ത് ജില്ലയിലേക്കുള്ള ലഹരിവ്യാപനം തടയുകയാണ് ലക്ഷ്യം.
തിങ്കളാഴ്ച ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 10വരെ തുടരും. ജില്ലയിലെ മുക്കിലും മൂലയിലും പരിശോധന ശക്തമാക്കി. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവരെയും നിരീക്ഷിക്കുന്നുണ്ട്. ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സര്‍ക്കിള്‍ ഓഫീസുകളും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡുകളും കേന്ദ്രീകരിച്ച് താലൂക്കുതല കണ്‍ട്രോള്‍ റൂമുകളുമുണ്ട്. ലഹരി ഉപയോഗവും വ്യാപനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം നൽകാം.
തിരൂര്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനയും രാത്രികാല വാഹന പരിശോധനയും കാര്യക്ഷമമാക്കി. വഴിക്കടവ് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.
ഓണം ലഹരിമുക്തമാക്കും
ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാണ്. ഓണക്കാലത്ത് ലഹരിവ്യാപനം തടയുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവും ആരംഭിച്ചു. ലഹരിവ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരമറിയിക്കാം.
–പി ജിജു ജോസ്
(എക്‌സൈസ് ഡെപ്യൂട്ടി
കമീഷണര്‍, മലപ്പുറം) 
കണ്‍ട്രോള്‍ റൂം നമ്പര്‍:
പൊന്നാനി: -0494 2664590
തിരൂര്‍: -0494 2424180
തിരൂരങ്ങാടി:- 0494 2410222
മഞ്ചേരി: -0483 2766184
നിലമ്പൂര്‍:- 04931 226323
പെരിന്തല്‍മണ്ണ:- 04933 227653
സ്‌പെഷ്യല്‍ സ്‌ക്വാഡ്:- 0483 2735431










0 comments