നിർത്തിയിട്ട വാഹനത്തിന് മുകളിൽ മരംവീണു
അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ ഗതാഗത സ്തംഭനം

അങ്ങാടിപ്പുറം കോട്ടപ്പറമ്പിൽ വാഹനത്തിന് മുകളിൽ മരം പൊട്ടിവീണ നിലയിൽ
പെരിന്തൽമണ്ണ
അങ്ങാടിപ്പുറം–-വളാഞ്ചേരി സംസ്ഥാനപാതയിൽ കോട്ടപ്പറമ്പിൽ നിർത്തിയിട്ട വാഹനത്തിന് മുകളിൽ കൂറ്റൻ മരം പൊട്ടിവീണു. മരം വീഴുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരൻ വാഹനത്തിൽനിന്ന് ഇറങ്ങിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളി വൈകിട്ട് 5.30ഓടെ പ്രദേശത്തുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് അപകടം. ഈ സമയം വാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. മാവ് പൊട്ടിവീണതോടെ പാതയിൽ വാഹനഗതാഗതം നിലച്ചു.
പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പൊലീസും ട്രോമാ കെയർ വളന്റിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം ഭാഗിയമായി പുനഃസ്ഥാപിച്ചു. ഈ മരത്തിനോട് ചേർന്ന് ഏതുസമയവും നിലംപൊത്താവുന്ന വിധം തേക്കുമരം കൂടി റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നുണ്ട്. പെരിന്തൽമണ്ണ ഹൈസ്കൂളിന് സമീപവും മരം പൊട്ടിവീണിട്ടുണ്ട്. അങ്ങാടിപ്പുറം വൈലോങ്ങരയിലും മരം അപകടഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.










0 comments