ad
Deshabhimani

പുകഞ്ഞുതീര്‍ന്നത് കൊടിയ ചൂഷണം

s
avatar
പി എ സജീഷ്

Published on Sep 28, 2026, 12:05 AM | 1 min read

പൊന്നാനി

വര്‍ഷം 1939. പൊന്നാനിയുടെ തെരുവിൽ ഐതിഹാസികമായൊരു സമരകാഹളം മുഴങ്ങി. പകലന്തിയോളം പണിയെടുത്താലും കൂലി ലഭിക്കാത്ത ബീഡിതെറുപ്പ് തൊഴിലാളികള്‍ സംഘടിച്ചു. പട്ടിണിയും ദുരിതവും വര്‍ധിച്ച വീട്ടകങ്ങളില്‍നിന്ന് തെരുവിലേക്ക് പ്രതിഷേധക്കാറ്റുയർന്നു. ജാതിമത വ്യത്യാസമില്ലാതെ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി.

കനോലി കനാലിന്റെ തീരത്ത് പൊന്നാനി, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ അക്കാലത്ത് നിരവധി ബീഡി കമ്പനികളുണ്ടായിരുന്നു. ആന ബീഡി, കോഹിനൂർ ബീഡി, മംഗളൂരു ഗണേശ് ബീഡി തുടങ്ങിയവ ചിലതുമാത്രം. കമ്പനി ഉടമകള്‍ മുസ്ലിം പ്രമാണിമാരായിരുന്നു. പുരുഷന്മാർ കമ്പനിയിൽ ജോലിക്കുപോകുമ്പോള്‍ സ്ത്രീകൾ വീട്ടിലിരുന്ന് ബീഡിതെറുക്കും. ആയിരം ബീഡിക്ക് ഒന്നരയണയാണ് കൂലി. മുതലാളിമാര്‍ക്ക് ലാഭം കുന്നുകൂടുമ്പോഴും തൊഴിലാളികളുടെ വീടുകളിൽ ദുരിതംമാത്രമായിരുന്നു ബാക്കി. അങ്ങനെയാണ് കമ്യൂണിസ്റ്റ് പാർടി സ്ഥാപകനേതാക്കളിലൊരാളായ കെ ദാമോദരന്റെ നേതൃത്വത്തില്‍ സമരത്തിന് തുടക്കംകുറിച്ചത്.

പ്രതിഷേധം മുറുകിയതോടെ ഉടമകൾ കമ്പനികൾ പൂട്ടി. ഇതോടെ ഉന്തുവണ്ടി തൊഴിലാളികളും ചുമട്ട് തൊഴിലാളികളും കർഷക തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കഞ്ഞിപ്പാർച്ചകളുമായി (പട്ടിണിയിലായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സൗജന്യമായി കഞ്ഞിവച്ച് വിതരണംചെയ്യൽ) നാടും ഒപ്പംനിന്നു. മുസ്ലിം സ്ത്രീകൾ രാത്രികാലങ്ങളില്‍ പർദയിട്ട് കുടചൂടി പ്രകടനത്തിൽ അണിനിരന്നു. ഇങ്ക്വിലാബ് വിളികള്‍ക്കൊപ്പം തക്ബീർധ്വനികളും മുഴങ്ങി. മുസ്ലിം സ്ത്രീകൾ സമരത്തിനിറങ്ങുന്നത് മതവിരുദ്ധമെന്ന് ഫത്വയിറക്കിയെങ്കിലും ഫലമുണ്ടായില്ല. സഹോദരൻ കുഞ്ഞൻ ബാവ, കമ്മാലിക്കാനകത്ത് മറിയക്കുട്ടി (അക്കുമ്മ), ആമിനക്കുട്ടി, ബീവാത്തു ഉമ്മ എന്നിവര്‍ മികച്ച സംഘാടകരായി. കണ്ണൂരിൽനിന്ന് സി കണ്ണനും പട്ടാമ്പിയിൽനിന്ന് ഇ പി ഗോപാലനും സമരത്തിന്റെ ഭാഗമായി. എം പി ഭട്ടതിരിപ്പാടെന്ന പ്രേംജിയുടെ മുദ്രാവാക്യങ്ങള്‍ സമരത്തിന് ഊർജം പകര്‍ന്നു.

സമരക്കാരെ നേരിടാന്‍ പൊലീസിനെ ഇറക്കി. നിരവധിപേർ ജയിലിലായി. സമരക്കാരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സ്ഥലമില്ലാതായതോടെ പൊന്നാനി അങ്ങാടിയിലെ കമ്മാലിക്കാനകം തറവാട് യൂണിയൻ ഓഫീസായി മാറി. തുടര്‍ച്ചയായ പോരാട്ടത്തിനൊടുവില്‍ മുതലാളിവര്‍ഗം മുട്ടുമടക്കി. പാരമ്പര്യബോധ്യത്തിൽനിന്ന് പൊന്നാനിയിലെ ജനങ്ങളെ വർഗബോധത്തിലേക്ക് നയിക്കുന്നതില്‍ ബീഡിത്തൊഴിലാളി സമരം വഴിത്തിരിവായി. സമരവിജയത്തിലൂടെ പൊന്നാനിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൂടുതലാളുകളെത്തി. സമരത്തിന് മുദ്രാവാക്യമെഴുതിയ പ്രേംജി പിന്നീട് കമ്യൂണിസ്റ്റ് പാർടി പൊന്നാനി താലൂക്ക് സെക്രട്ടറിയായതും ചരിത്രം.


a



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home