കോഡ് അടിച്ചാൽ, പെട്ടുപോകുമേ

എൻ കെ സുജിലേഷ്
Published on Sep 12, 2026, 12:39 AM | 1 min read
മലപ്പുറം
ഓൺലൈനിൽ സാധനങ്ങൾ വാങ്ങാത്തവർ ഇന്ന് അപൂർവമായിരിക്കും. വിലക്കുറവും നമുക്കിഷ്ടമുള്ള ഉൽപ്പന്നങ്ങൾ വീട്ടിലെത്തുമെന്നതുമൊക്കെയാണ് ഓൺലൈനിൽ സാധനങ്ങളെടുക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ കൊറിയർ വന്നിട്ടുണ്ടെന്നുപറഞ്ഞ് വിളിവന്നാൽ രണ്ടാമതൊന്ന് ആലോചിക്കണം. കൊറിയറിന്റെ പേരിലും തട്ടിപ്പുകാർ വലവിരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഇത്തരക്കാരുടെ വലയിൽപ്പെട്ട് ഫോണിലെ വിവരങ്ങളും പണവും നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പാർട്ട് ടൈം ജോലിയും ഷെയർ ട്രേഡിങ്ങിൽ ഇരട്ടി ലാഭവും വാഗ്ദാനംചെയ്തുള്ള തട്ടിപ്പുകൾക്കുപിന്നാലെയാണ് കൊറിയർ തട്ടിപ്പും.
ഫോണിൽ വിളിച്ച്, പാഴ്സലുണ്ടെന്നും കൈമാറുന്നതിന് ലൊക്കേഷൻ ലഭ്യമാക്കണമെന്നും അറിയിച്ചാണ് തട്ടിപ്പിന്റെ തുടക്കം. വീടിന്റെയോ സ്ഥാപനത്തിന്റെയോ ലൊക്കേഷൻ ലഭിക്കുന്നതിന്, ഫോണിൽ വന്ന ലിങ്കിൽ അവർ നിർദേശിക്കുന്ന കോഡ് നമ്പർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. കോഡ് ടൈപ്പ് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണവും അതിലെ വിവരങ്ങളും തട്ടിപ്പുകാർക്കും ലഭിക്കും. ക്ലോൺ ആപ്പുകൾ ഉപയോഗിച്ചാണ് ഇൗ രീതിയിൽ ഫോണിലെ വിവരങ്ങൾ ചോർത്തുന്നത്. നിലവിലുള്ള ഓൺലൈൻ വ്യാപാര ആപ്പുകൾക്ക് സമാനമായ പേരും മറ്റും ഉൾപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് കൂടുതലായും തട്ടിപ്പ്. ലിസ്റ്റിലുള്ളവരുമായി സമൂഹമാധ്യമങ്ങൾവഴിയും മറ്റും ബന്ധപ്പെട്ട് പണം കടംചോദിച്ചും തട്ടിപ്പുനടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. എസ്ബിഐ പോലുള്ള സ്ഥാപനങ്ങളുടേതടക്കം റിവാർഡുകൾ ലഭിച്ചുവെന്നും നിലവിലുള്ള അക്കൗണ്ടിന് ബോണസ് തുകയുണ്ടെന്നും മറ്റുമുള്ള സന്ദേശമയച്ചും പണം തട്ടുന്നുണ്ട്.
പരിചയമുള്ള നമ്പറിൽനിന്ന് വരുന്ന സന്ദേശങ്ങളെ അവിശ്വസിക്കാതിരിക്കുന്നവരാണ് വലയിൽ കുടുങ്ങുന്നത്. തട്ടിപ്പിലൂടെ സംഘടിപ്പിച്ച നമ്പറുകളുപയോഗിച്ചാണ് ആളുകളെ വലയിലാക്കുന്നത് എന്നതിനാൽ പൊലീസിനും അന്വേഷണം പാതിവഴിയിൽ നിർത്തേണ്ടിവരുന്നു. യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്തിക്കാനാകില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്. തട്ടിപ്പിൽ ഒരു പങ്കുമില്ലാത്തവരാണ് പ്രതികളാകുകയെന്നതിനാൽ ഫോൺ ഉപയോഗത്തിൽ പരമാവധി ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ ഉപദേശം.









0 comments