ദേശം തദ്ദേശം
തല ഉയർത്തി തലക്കാട്

സ്നേഹകിരണം പദ്ധതി മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)
വിനോദ് തലപ്പള്ളി
Published on Sep 27, 2025, 02:12 AM | 3 min read
തിരൂർ
രണ്ടുവർഷം മുമ്പാണ് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പയെ കാണാൻ ദൈന്യമാർന്ന മുഖവുമായി ഒരു ഉമ്മയെത്തിയത്. നിർബന്ധിച്ച് മുന്നിലെ കസേരയിലിരുത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭിന്നശേഷിക്കാരനായ മകന്റെ മാതാവായ ആ ഉമ്മ തന്റെ ജീവിത പ്രയാസങ്ങൾ കണ്ണീരോടെ പറഞ്ഞപ്പോൾ പ്രസിഡന്റിനും സങ്കടം അടക്കാനായില്ല. ഉടൻ വൈസ് പ്രസിഡന്റ് എ കെ ബാബുവുമായും മെമ്പർമാരുമായും ചർച്ച ചെയ്‌ത് ഭിന്നശേഷിക്കാർക്ക് മാസം തോറും പെൻഷൻ കൊടുക്കുന്ന ‘സ്നേഹകിരണം’ പദ്ധതിക്ക് തുടക്കമിട്ടു.
മാനസിക വെല്ലുവിളി നേരിടുന്ന 66 പേർക്ക് 1000 രൂപ വീതമാണ് പദ്ധതിയിലൂടെ പെൻഷൻ കൊടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആർ ബിന്ദു എല്ലാ പഞ്ചായത്തുകളും എറ്റെടുക്കേണ്ട പദ്ധതിയാണെന്നാണ് പറഞ്ഞത്.
സാമൂഹ്യക്ഷേമ പദ്ധതിക്കുപുറമേ 100 ശതമാനം പദ്ധതി നിർവഹണം നടപ്പാക്കിയതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ആദ്യ പഞ്ചായത്തെന്ന അംഗീകാരവും എൽഡിഎഫ് ഭരണസമിതിക്ക് ലഭിച്ചു. സർക്കാരിൽനിന്ന് ഓരോ സാമ്പത്തിക വർഷത്തിലും ലഭ്യമാക്കുന്ന ഫണ്ടുകൾ ഉപയോഗപ്പെടുത്തി പഞ്ചായത്തിന്റെ തനത് വരുമാനം കൂട്ടിച്ചേർത്ത് കോടികളുടെ ക്ഷേമവികസന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.
നേട്ടങ്ങളുടെ നിറവ്
• 2022–23 സാമ്പത്തിക വർഷത്തിൽ ഫണ്ട് വിനിയോഗത്തിൽ 100 ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്.
• പാർശ്വവൽക്കരിക്കപ്പെട്ട, പ്രത്യേക കഴിവുകളുള്ള വിഭാഗങ്ങൾക്ക് പ്രതിമാസം 1000 രൂപയും സ്‌കോളർഷിപ്പും
• ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പ്രോത്സാഹനം (പെട്ടിക്കട)
• പദ്ധതി വിഹിതം 30 ശതമാനം കൃഷിക്ക് ഏറെ പ്രോത്സാഹനം നൽകി. നെൽകൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാൻ കട്ടച്ചിറയിൽ തടയണ നിർമിച്ചു
• യുനാനി ഡിസ്‌പെൻസറിയും റെജിമെന്ററി തെറാപ്പി യൂണിറ്റും നടപ്പാക്കുകയും അതിന് പുതിയ കെട്ടിടത്തിന് 40 ലക്ഷം രൂപ വകയിരുത്തുകയും ചെയ്‌തു
• സ്വന്തമായി സ്ഥലം ലഭിച്ച എല്ലാ അങ്കണവാടികൾക്കും കെട്ടിടമുണ്ടാക്കി
• മൂന്ന് സബ്സെന്ററുകൾക്കും പുതിയ കെട്ടിടം പണിതു
• ആരോഗ്യ ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം
• വില്ലേജ് ഓഫീസിൽ ശുചിമുറി
• ലൈബ്രറി സാംസ്‌കാരിക നിലയം സ്ഥാപിച്ചു
• പിഎച്ച്സി ലാബിനും ബഡ്‌സ് സ്‌കൂളിനും തറക്കല്ലിട്ടു
• ജലജീവൻ പദ്ധതി നടപ്പാക്കി
• ജിഎൽപി സ്‌കൂൾ ബിപി അങ്ങാടി സ്റ്റേജ് കം ഓഡിറ്റോറിയം
• എൽപി തലത്തിലുള്ള എല്ലാ സ്‌കൂളുകളിലെ കുട്ടികൾക്കും വാട്ടർ ബോട്ടിൽ
• പുല്ലൂർ പൊതുശ്മമശാനം നവീകരണം
• ആനാനിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ്
• ഭവന പദ്ധതിയിൽ ഉൾപ്പെട്ട പെർമിറ്റ് ലഭിച്ച മുഴുവൻ ആളുകൾക്കും വീട്
• വയോജനങ്ങൾക്ക് പോഷക കിറ്റ് വിതരണം
• പൊതു സങ്കേതങ്ങളിലും പൊതുയിടങ്ങളിലും വെള്ളവും വെളിച്ചവും
• ലൈഫ് ഭവന നിർമാണ പദ്ധതിയിൽ അപേക്ഷ നൽകി പെർമിറ്റ് ലഭിച്ച കുടുംബങ്ങൾക്ക് മുഴുവൻ ധനസഹായം ലഭ്യമാക്കി
• എല്ലാവർക്കും ശുദ്ധജലം നൽകാൻ ജലജീവൻ മിഷന്റെ സഹായത്തോടെ എല്ലാ വീടുകളിലും കണക്ഷൻ ഏർപ്പെടുത്തി പൊതു ടാങ്ക് നിർമിക്കാൻ സ്ഥലം നൽകി. പ്രവർത്തനം പുരോഗമിക്കുന്നു.
• ടാർ റോഡുകൾ പരമാവധി കോൺക്രീറ്റ് ചെയ്യാനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പുതിയ നടപ്പാതകൾ നിർമിക്കാനുമായി.
• യുവാക്കളുടെ കായികക്ഷമത ഉറപ്പാക്കാനും ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കാനും കലാ–കായിക മാമാങ്കങ്ങളും ക്യാമ്പയിനുകളും നടപ്പാക്കാനുമായി
• മാലിന്യമുക്ത പഞ്ചായത്ത് 100 ശതമാനം ലക്ഷ്യം കൈവരിച്ചു
• കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി മൈക്രോ സംരംഭങ്ങളും വിപണന കേന്ദ്രങ്ങളും ആരംഭിച്ചു
• നെൽകൃഷിയെ പ്രോത്സാഹിപ്പിച്ചു. ഒറ്റത്തവണ കൃഷി ഇരട്ടിപ്പിച്ചു. തരിശുഭൂമിയെ കാർഷിക ഭൂമിയാക്കി മാറ്റി.
• കവുങ്ങ്, വാഴ, കുരുമുളക്, പൂകൃഷി, വെറ്റില എന്നിവയ്‌ക്ക് സഹായം
• പൂക്കൈത, കട്ടച്ചിറ, തെക്കൻ കുറ്റൂർ സബ് സെന്ററുകൾ സർക്കാർ സഹായത്തോടെ 1.50 കോടി രൂപ ചെലവിട്ട് പൊതുസൗഹൃദവും രോഗീസൗഹൃദവുമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണ സംവിധാനം ഉൾപ്പെടെ ചുരുങ്ങിയ ചെലവിൽ പരിശോധന നടത്താൻ ലാബ് സംവിധാനവും സായാഹ്ന ഒപിയും മരുന്നും ഉൾപ്പെടെ സജ്ജീകരിച്ചു.
• സബ് സെന്ററുകളിൽ ജീവിതശൈലി രോഗികൾക്ക് നിരന്തര പരിശോധന സജ്ജമാക്കി. കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് സംവിധാനം, അർബുദ രോഗികൾക്കും വൃക്ക രോഗികൾക്കും മരുന്നും സാമ്പത്തിക സഹായവും നൽകി.
• സ്കൂളുകൾക്ക് പാചകപ്പുരയും ഭക്ഷണ ഹാളുകളും നിർമിച്ചു. പ്രൈമറി വിദ്യാർഥികൾക്ക് പ്രാതൽ നൽകുന്ന പദ്ധതിക്ക് രൂപം നൽകി.
• പഞ്ചായത്തിലെ കെട്ടിടമില്ലാത്ത അങ്കണവാടികളിൽ പുല്ലൂർ ഒഴികെ എല്ലാ അങ്കണവാടികൾക്കും എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചു.
• അങ്കണവാടികളിൽ പോഷക സമൃദ്ധമായ ഭക്ഷണം
• സാംസ്‌കാരിക നിലയം സ്ഥാപിച്ചു
• ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ ബഡ്‌സ് സ്കൂൾ ആരംഭിക്കാനും 90 ലക്ഷം രൂപ മുടക്കി വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) നിർമിക്കാനും ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി
• പൊതുശ്മശാനങ്ങൾ ആധുനികവൽക്കരിക്കുന്നു










0 comments