Deshabhimani

ചൂഷണത്തിന്റെ കാറ്റിനെതിരെ പോരാടിയ കാലം

a

സിദ്ദീഖ്

avatar
പി എ സജീഷ്

Published on Oct 01, 2026, 01:27 AM | 1 min read

പൊന്നാനി

പൊന്നാനിയുടെ പഴയ പത്തേമാരിക്കാലം അഴീക്കൽ ചടയൻ കാക്കാനകം സിദ്ദീഖിന്‌ കമ്യൂണിസ്‌റ്റ്‌ പാർടിയിൽനിന്ന്‌ വേർതിരിച്ച്‌ ഓർത്തെടുക്കാനാവില്ല. കൃത്യമായി കൂലി നൽകാത്തത്‌ ചോദ്യംചെയ്‌തതോടെ ഉരുവിൽ കമ്യൂണിസ്‌റ്റുകാരെ കയറ്റാതിരുന്നതും പിന്നീട്‌ കമ്യൂണിസ്‌റ്റുകാർക്കുമാത്രമായി ഉരു കടലിലിറങ്ങിയതും പൊന്നാനിയുടെമാത്രം ചരിത്രം. ആ ചരിത്രത്തിനൊപ്പം തുഴഞ്ഞു, സിദ്ദീഖും.

പത്തേമാരി തൊഴിലാളിയായിരുന്നു സിദ്ദീഖ്. മുളയും മരവും കയറ്റി ബോംബെയിലേക്കാണ് യാത്ര. സാധാരണ നിലയിൽ പത്ത് ദിവസമെടുക്കും. കാലാസ്ഥ എതിരായാൽ ഒരു മാസത്തോളമെടുക്കും ജീവൻ പണയപ്പെടുത്തിയുള്ള യാത്ര. ഒരിക്കൽ കപ്പലിലിടിച്ച്‌ തകർന്ന ഉരുവിൽനിന്ന്‌ രക്ഷപ്പെട്ടത്‌ നടുക്കുന്ന ഓർമ. തുഛമായിരുന്നു കൂലി. ന്യായമായ കൂലി ചോദിച്ചതോടെ മുതലാളിമാർ കണ്ണുരുട്ടി. സംഘടിക്കുമെന്ന്‌ കണ്ടതോടെ കമ്യൂണിസ്‌റ്റുകാരെ ഉരുവിൽ കയറ്റേണ്ടെന്ന്‌ മുതലാളിമാർ തീരുമാനിച്ചു. കമ്യൂണിസ്റ്റുകാരായ തൊഴിലാളികൾ തൊഴിലില്ലാതെ പട്ടിണിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുന്ന സ്ഥിതി. കേണപേക്ഷിച്ചിട്ടും ഫലമില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കമ്യൂണിസ്റ്റ് പാർടി ഇറങ്ങി. ആ ഇടപെടലിൽ കമ്യൂണിസ്‌റ്റുകാർക്കുമാത്രമായി പൊന്നാനിയിൽ ഉരു കടലിലിറങ്ങി. ഇമ്പിച്ചിബാവയുടെ അഭ്യർഥനയെ തുടർന്ന് കമ്യൂണിസ്‌റ്റുകാരനായ ഉസ്മാൻ കുട്ടിക്ക രണ്ട് ഉരു നിർമിച്ചു. നൂർ മഹാലും ജീലാനിയും. മുതലാളിമാരുടെ ചൂഷണം ഒഴിവായതോടെ ഈ പാതയിലേക്ക് കൂടുതൽ തൊഴിലാളികളെത്തി. കൂടുതൽ തൊഴിലാളികൾക്ക് അന്നത്തിന് വകയൊരുക്കാൻ ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ സൊസൈറ്റി രൂപീകരിച്ചു.

എഴുപതുകളിൽ പൊന്നാനി മത്സ്യമേഖലയിൽ സജീവമായപ്പോൾ ഗ്രൂപ്പുകൾക്കും സൊസൈറ്റികൾക്കും ബോട്ടനുവദിച്ചതും ഇമ്പിച്ചിബാവയുടെയും കമ്യൂണിസ്റ്റ് പാർടിയുടെയും ഇടപെടലിലൂടെയാണ്. സൊസൈറ്റികളും സർക്കാരും അമ്പതിലധികം ബോട്ടുകളാണ് മത്സ്യതൊഴിലാളികൾക്ക് നൽകിയത്. ക്ഷേമനിധിയും ആനുകൂല്യങ്ങളും നൽകിയും ഒപ്പംനിന്നു.

മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിലിലായ ഓർമകൾ സിദ്ദീഖിന്റെ മനസ്സിൽ ഇന്നും മായാതെയുണ്ട്‌. 21 പേരെയാണ്‌ അന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെങ്ങിൽ കയറി കൂന്പടക്കം നശിപ്പിച്ചുവെന്നായിരുന്നു കേസ്‌. എന്നാൽ അതിലാർക്കും തെങ്ങുകയറ്റം വശമില്ലായിരുന്നു. പൊന്നാനി സബ്‌ജയിലിലാണ്‌ ഇട്ടത്‌. ജൻമിമാരുടെ നിർദേശമനുസരിച്ച്‌ കിടക്കാൻ പായപോലും നൽകിയില്ല. എല്ലാവരും പ്രതിഷേധിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഇന്പിച്ചിബാവയടക്കമുള്ളവർ ജയിലിലെത്തി. അധികൃതർ ഉറച്ചുതന്നെയായിരുന്നു. പായ അനുവദിക്കാതെ പോകില്ലെന്ന്‌ പ്രഖ്യാപിച്ചതോടെ അധികൃതർക്ക് വഴങ്ങേണ്ടിവന്നു– ഓർമകൾക്ക്‌ ച‍ൂടേറുന്പോൾ 86കാരനായ സിദ്ദീഖിനിപ്പോഴും വിപ്ലവയുവത്വം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home