ad
Deshabhimani

ടൗൺഷിപ് സന്ദർശിച്ച്‌ കൽപ്പറ്റ ഗവ. എൽപി വിദ്യാർഥികൾ

‘സാറേ 
സൂപ്പറാണല്ലോ’

ടൗൺഷിപ്
വെബ് ഡെസ്ക്

Published on Mar 13, 2026, 12:00 AM | 1 min read

സ്വന്തം ലേഖകൻ കൽപ്പറ്റ ‘സാറേ നമ്മുടെ സ്കൂൾ ഇവിടെയല്ലേ വരുന്നത്, അടിപൊളിയായിരിക്കും അല്ലേ'– കുരുന്നുകളുടെ ചോദ്യത്തിന്‌ കൽപ്പറ്റ ഗവ. എൽപി സ്‌കൂളിലെ അധ്യാപകർക്കും മറ്റൊരു മറുപടി ഉണ്ടായില്ല. വ്യാഴം രാവിലെ മുണ്ടക്കൈ ദുരന്തബാധിതരുടെ കൽപ്പറ്റയിലെ ട‍ൗൺഷിപ്‌ കാണാനെത്തിയതായിരുന്നു വിദ്യാർഥികളും അധ്യാപകരും. ‘വീടുകൾ സൂപ്പറാണല്ലോ. മുഖ്യമന്ത്രി വീട്ടിൽ കയറുന്നത്‌ ടിവിയിൽ കണ്ടിരുന്നു. പത്രത്തിലും ടിവിയിലും കണ്ടപോലെ അടിപൊളിയാണ്‌ എല്ലാം. ഇവിടെ താമസിക്കുന്നവരും നമ്മുടെ സ്‌കൂളിൽ വരുമല്ലോ. അപ്പോൾ അവരും കൂട്ടുകാരാകും.’ എത്ര കണ്ടിട്ടും കുട്ടികൾക്ക്‌ മതിയായില്ല. പിക്‌നിക്‌ മൂഡിലായിരുന്നു എല്ലാവരും. സ്‌കൂൾ എവിടെയാണ് നിർമിക്കുക എന്നറിയാനുള്ള ആകാംക്ഷയുമുണ്ടായിരുന്നു. മുഖ്യമന്ത്രി സന്ദർശിച്ച വീട്ടിനുള്ളിൽ കുട്ടികളും കയറി. സ്‌കൂൾ ട‍ൗൺഷിപ്പിലേക്ക്‌ മാറ്റുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ്‌ കുട്ടികളുമായി അധ്യാപകർ ട‍ൗൺഷിപ്പിലേക്ക്‌ എത്തിയത്‌. ട‍ൗൺഷിപ് ഉദ്‌ഘാടനത്തിലാണ്‌ കൽപ്പറ്റ ഗവ. എൽപി സ്‌കൂൾ ഇവിടേക്ക്‌ മാറ്റുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചത്‌. ഇതിന്‌ നന്ദി പറഞ്ഞ്‌ വിദ്യാർഥികൾ അയച്ച കത്തിന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ മറുപടിയും ലഭിച്ചു. നിലവിൽ പരിമിതമായ സ‍ൗകര്യത്തിലാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്‌. ടൗൺഷിപ്പിലേക്ക്‌ മാറ്റുന്നതോടെ മികച്ച സൗകര്യങ്ങളിൽ പഠിക്കാനാകും. പ്രധാന അധ്യാപിക ബിന്ദു, പിടിഎ പ്രസിഡന്റ് കെ ടി മെഹബൂബ്, അധ്യാപകരായ മുസ്തഫ, നസീമ, ഷരീഫ, മഞ്ജുഷ, നിമ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട‍ൗൺഷിപ്‌ സന്ദർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home