‘ഇത് ഞങ്ങളുടെ അഖിലേഷ് നിവാസ്’

കൽപ്പറ്റ ‘ഇത് ഞങ്ങളുടെ അഖിലേഷ് നിവാസാണ്. ഇനി ഇവിടെയാണ് താമസം. എല്ലാം റെഡിയായി’. ടൗൺഷിപ്പിലെ മൂന്നാം സോണിലെ 200–ാം നമ്പർ വീട്ടിൽ പരിശോധന നടത്തി വള്ളിയമ്മയും മാടസ്വാമിയും പറഞ്ഞു. ജീവിതത്തിന്റെ പുതുവെളിച്ചത്തിന്റെ ആഹ്ലാദത്തിലായിരുന്നു ദമ്പതികൾ. ഹാളിൽ കയറിയ ഉടൻ ഫാനിന്റെയും ബൾബുകളുടെയും സ്വിച്ചിട്ടു. മുറികളിലും അടുക്കളയിലും വർക്ക് ഏരിയയിലുമെത്തി സൗകര്യങ്ങൾ മനസ്സിലാക്കി. ഹാളിൽ സ്ഥാപിച്ച വാഷ് ബേസിനിൽ മുഖവും കൈകളും കഴുകി. തൊട്ടുമുകളിലെ കണ്ണാടിയിൽ സംതൃപ്തിയുടെ മുഖം പ്രതിബിംബിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന ഒരുലക്ഷം ഉപയോഗിച്ച് വാങ്ങുന്ന ഫർണിച്ചർ സ്ഥാപിക്കാനുള്ള ഇടങ്ങൾ ആലോചിച്ചുറപ്പിച്ചു. മകൾ രേവതിയ്‌ക്കൊപ്പമാണ് വള്ളിയമ്മയും മാടസ്വാമിയും ടൗൺഷിപ്പിൽ എത്തിയത്. ചൂരൽമല പുതിയ വില്ലേജ് റോഡിൽ അഞ്ച് സെന്റിലെ വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. വീടുൾപ്പെടെ സർവവും ഉരുളെടുത്തു. സംസ്ഥാന സർക്കാർ നൽകുന്ന ജീവനോപാധികൊണ്ടാണ് ജീവിതം. ടൗൺഷിപ്പിലെ വീട്ടിൽ ഉടൻ താമസിക്കണമെന്നാണ് ആഗ്രഹമെങ്കിലും 178 കുടുംബങ്ങൾക്കും ഒരുമിച്ച് താമസം തുടങ്ങണമെന്ന അതിജീവിതരുടെ പൊതുതീരുമാനം ഉള്ളതിനാൽ കുറച്ചുദിവസംകൂടി കാത്തിരിക്കേണ്ടിവരുമെന്നും ഇവർ പറഞ്ഞു.










0 comments