പിരിച്ച പണം ഉടൻ നൽകണം
വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ദുരന്തബാധിതർ

സ്വന്തം ലേഖകൻ കൽപ്പറ്റ ചൂരൽമല–മുണ്ടക്കൈ ഉരുൾ ദുരിതബാധിതർക്കായി വ്യാപാരി വ്യവസായി ഏകോപനസമിതി ജനങ്ങളിൽനിന്ന് സമാഹരിച്ച പണം അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതർ ഏകോപന സമിതി ഓഫീസിലെത്തി പ്രതിഷേധിച്ചു. ബുധൻ രാവിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അറുപതോളം വ്യാപാരികളാണ് കൽപ്പറ്റയിലെ ജില്ലാ കമ്മിറ്റി ഓഫീസായ വ്യാപാര ഭവനിലെത്തി പ്രതിഷേധം അറിയിച്ചത്. എട്ടുകോടി രൂപയോളം ജനങ്ങളിൽനിന്ന് സമാഹരിച്ചിട്ടുണ്ടെന്നും 2.37 കോടിരൂപ മാത്രമേ സഹായമായി നൽകിയിട്ടുള്ളുവെന്നാണ് ആരോപണം. ഒരാഴ്‌ചക്കുള്ളിൽ പണം കൈമാറാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ 28ന് വ്യാപാരഭവൻ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ദുരന്തബാധിതരായ വ്യാപാരികൾ പറഞ്ഞു. ചൂരൽമലയുടെ പേരിൽ മാത്രമല്ല മറ്റ് ദുരിതാശ്വാസത്തിനുമായാണ് പണം സമാഹരിച്ചതെന്നാണ് സംഘടന ഭാരവാഹികളുടെ വിശദീകരണം. ഭാവിയിൽ ദുരന്തമുണ്ടായാൽ വിനിയോഗിക്കാനായി പണം മാറ്റിവച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ ഭരണസംവിധാനം സർക്കാരിന് നൽകിയ ഗുണഭോക്തൃ പട്ടികയിൽ 92 പേരുടെ കച്ചവടസ്ഥാപനങ്ങളാണ് ദുരന്തത്തിൽ നശിച്ചത്. ഇതിൽ 52 പേർ കെട്ടിട ഉടമകളും 40 പേർ വാടകയ്‌ക്ക് കച്ചവടം നടത്തിയവരുമാണ്.










0 comments