Deshabhimani

ഉള്ളുനിറയെ ചെന്പട്ടണിഞ്ഞ്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജി രംഗനാഥൻ

Published on Mar 06, 2026, 12:35 AM | 2 min read

കൊട്ടാരക്കര

ഇരുപതുവർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പമാണ്‌ കൊട്ടാരക്കര. ഇക്കുറിയും അത്‌ തുടരും. നിലവിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1200കോടിയുടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,49,552വോട്ടിൽ 68,770 വോട്ടാണ് കെ എൻ ബാലഗോപാൽ നേടിയത്. യുഡിഎഫ് സ്ഥാനാർഥി ആർ രശ്മിക്ക് 57,956 വോട്ടും എൻഡിഎ സ്ഥാനാർഥി വയക്കൽ സോമന് 21,223 വോട്ടും ലഭിച്ചു. 10,814 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ കെ എൻ ബാലഗോപാൽ വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ 45.98 ശതമാനം എൽഡിഎഫും 38.75 യുഡിഎഫും 14.19 ബിജെപിയും നേടി. 2021ൽ ആകെ 2,00,587 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 2026ൽ 1,92, 271 ആയി കുറഞ്ഞു. 8316ന്റെ കുറവ്. 1,01,122 സ്ത്രീകളും 91,149 പുരുഷന്മാരുമുണ്ട്‌. അതിൽ 85 വയസ്സ്‌ കഴിഞ്ഞ 1846 പേരുമുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ്‌ മണ്ഡലത്തിലെ ജനകീയ അടിത്തറ ശക്തിപ്പെടുത്തി. ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നാലും എൽഡിഎഫ് വിജയിച്ചു. 
നെടുവത്തൂർ, വെളിയം ജില്ലാ ഡിവിഷനുകൾ നിലനിർത്തിയപ്പോൾ 10വർഷമായി യുഡിഎഫിന്റെ കൈവശമിരുന്ന കലയപുരം പിടിച്ചെടുത്തു. പുതുതായി രൂപീകരിച്ച കരീപ്ര ഡിവിഷൻ വലിയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്‌. കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. കൊട്ടാരക്കര ബ്ലോക്കിലെ 14ൽ 13 ഡിവിഷനാണ്‌ മണ്ഡലത്തിലുള്ളത്‌. 10ഡിവിഷനിലും എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വെട്ടിക്കവല ബ്ലോക്കിലെ 14ൽ ഏഴുഡിവിഷനാണ് മണ്ഡലത്തിലുള്ളത്. വാളകം ഒഴികെ ആറ്‌ ഡിവിഷനും വിജയിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടി. 30ൽ 17സീറ്റാണ്‌ നേടിയത്‌. പഞ്ചായത്തിൽ കുളക്കട, മൈലം, വെളിയം, കരീപ്ര എന്നിവിടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടി. ഉമ്മന്നൂരിൽ എൽഡിഎഫിനും യുഡിഎഫിനും ഒമ്പതുവീതം സീറ്റാണ് ലഭിച്ചത്. നെടുവത്തൂരിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. മണ്ഡലത്തിൽ ആകെയുള്ള 137 പഞ്ചായത്ത് വാർഡുകളിൽ എൽഡിഎഫ് 70 ഇടങ്ങളിൽ വിജയിച്ചു. 42 വാർഡിൽ യുഡിഎഫും 23 വാർഡിൽ ബിജെപിയും രണ്ട്‌ വാർഡിൽ സ്വതന്ത്രരുമാണ് വിജയിച്ചത്. കൊട്ടാരക്കരയുടെ സർവതോമുഖ പുരോഗതിയും സമഗ്രവികസനവും ലക്ഷ്യമിട്ട്‌ നിരവധി പദ്ധതികൾ നടപ്പാക്കിയ അഞ്ചുവർഷമാണ് പിന്നിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home