Deshabhimani

ആളിക്കത്തിയ പ്രതിഷേധത്തിൽ തീരദേശം

മീൻപിടിത്തത്തിനിടെ യാനം അപകടത്തിൽപ്പെട്ട്‌ കാണാതായ ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്തുന്നതിൽ സർക്കാരും ഫിഷറീസ്‌ വകുപ്പും കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നീണ്ടകര ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധ 
മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഉദ്‌ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Aug 08, 2026, 01:17 AM | 1 min read

കൊല്ലം

അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള തിരച്ചിൽ നിങ്ങൾ എന്തുകൊണ്ട്‌ ആവശ്യപ്പെട്ടില്ലെന്ന്‌ മകനെ നഷ്ടപ്പെട്ട അമ്മയോട്‌ നീണ്ടകരയിൽ ഫിഷറീസ്‌ ഉദ്യോഗസ്ഥ ചോദിച്ചചോദ്യം തറച്ചത്‌ കടലിന്റെ മക്കളുടെ നെഞ്ചിൽ. അവരുടെ രോഷം വെള്ളിയാഴ്‌ച നീണ്ടകര, ശക്തികുളങ്ങര അഴിമുഖത്ത്‌ പ്രതിഷേധമായി ആളിക്കത്തി. കടലിൽ കാണാതായ പുത്തൻതുറ സ്വദേശി ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്തുന്നതിൽ സർക്കാരും ഫിഷറീസ്‌ വകുപ്പും കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചും ഗ‍ൗതമിനെ കണ്ടെത്താനുള്ള തിരച്ചിൽ ഉ‍ൗർജിതപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിലും വള്ളത്തൊഴിലാളി യൂണിയനും പുത്തൻതുറ അരയ സേവാസമിതിയും സംയുക്തമായും നീണ്ടകരയിൽ നടത്തിയ പ്രതിഷേധം അധികൃതർക്കെതിരെ ശക്തമായ താക്കീതായി. ഡിവൈഎഫ്‌ഐ കലക്ടറേറ്റ്‌ മാർച്ചും സംഘടിപ്പിച്ചു. മീൻപിടിക്കാൻ പോയി വള്ളംമറിഞ്ഞ്‌ കാണാതായ മകൻ ഗ‍ൗതം കൃഷ്‌ണനെ ഏഴുദിവസം കഴിഞ്ഞിട്ടും കണ്ടെത്താത്തതിൽ പ്രതിഷേധിച്ചാണ്‌ അമ്മ രേഷ്‌മ വ്യാഴാഴ്‌ച നീണ്ടകരയിലെ കോസ്റ്റൽ പൊലീസ്‌ സ്റ്റേഷനിലും ഫിഷറീസ്‌ ഓഫീസിലും എത്തിയത്‌. തിരച്ചിലിന്‌ നേവിയുടെ ഉൾപ്പെടെ സഹായം എന്തുകൊണ്ട്‌ തേടിയില്ലെന്നും രേഷ്‌മ ആരാഞ്ഞു. അപ്പോഴാണ്‌ ഗ‍ൗതമിന്റെ അമ്മയോട്‌ വനിതയായ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ ചോദ്യമുയർന്നത്‌: നിങ്ങൾ എന്തുകൊണ്ട്‌ ആവശ്യപ്പെട്ടില്ല എന്ന്‌. ഗൗതമിനെ കാണാതായിട്ട്‌ വെള്ളിയാഴ്‌ച എട്ടുദിവസം പിന്നിട്ടു. വെള്ളിയാഴ്‌ച നീണ്ടകര ഹാർബറും പരിസരവും പ്രതിഷേധത്തിൽ മുങ്ങിയിരുന്നു. രാവിലെ മുതൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തൊഴിലാളികൾ വിവിധ തീരദേശ മേഖലകളിൽനിന്ന്‌ എത്തി. സമരത്തിന്‌ പിന്തുണയുമായി ബഹുജനങ്ങളും അണിചേർന്നു. പ്രതിഷേധത്തെ തുടർന്ന്‌ ഉദ്യോഗസ്ഥരിൽ ഏറെയും നീണ്ടകരയിലെ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ കാര്യാലയത്തിൽ ജോലിക്ക്‌ എത്തിയിരുന്നില്ല. 31നു രാവിലെ ആറിന്‌ നീണ്ടകരയിൽനിന്നു മീൻപിടിക്കാൻപോയ ‘ശ്രീകൃഷ്‌ണഭഗവാൻ കുറുവടിക്കാരന്‍’ ഒ‍ൗട്ട്‌ബോർഡ്‌ ഫൈബർ വള്ളം അപകടത്തിൽപ്പെട്ട്‌ 14 തൊഴിലാളികളാണ്‌ കടലിൽ മുങ്ങിയത്‌. ഇവരിൽ 11 പേരെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത്‌ പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76)മരിച്ചു. ഇദ്ദേഹത്തിന്റെ മരുമകൻ കണാതായ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണന്റെ (47) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണന്റെ മകൻ ആണ്‌ കാണാതായ ഗൗതം കൃഷ്ണൻ (26).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home