നുകരാം ലൈറ്റ് ഹൗസിന്റെ സൗന്ദര്യം

വലിയഴീക്കൽ ലെെറ്റ്ഹൗസ്
സുരേഷ് വെട്ടുകാട്ട്
Published on Apr 08, 2026, 12:41 AM | 1 min read
കരുനാഗപ്പള്ളി
കാഴ്ചയുടെ അഭൗമ സൗന്ദര്യം സഞ്ചാരികൾക്ക് പകർന്നു നൽകുന്ന വലിയഴീക്കൽ ലൈറ്റ് ഹൗസും ഇപ്പോൾ പൊതു ജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ വിനോദ സഞ്ചാരത്തിനു പഞ്ചവർണ പ്രകാശം പരത്തി വലിയഴീക്കലിൽ രാജ്യത്തെ ആദ്യ പെന്റഗൺ ലൈറ്റ് ഹൗസാണ് ജനങ്ങൾക്കായി തുറന്നിരിക്കുന്നത്. 5 വശങ്ങളോടുകൂടിയ ലൈറ്റ് ഹൗസ് കാണാൻ ദിനം പ്രതി നിരവധി സന്ദർശകരാണ് എത്തുന്നത്. അഴീക്കൽ ബീച്ച്, പുലിമുട്ട് എന്നിവിടങ്ങളിൽ നിന്നും ലൈറ്റ് ഹൗസിന്റെ പൂർണ്ണ ദൃശ്യം ലഭ്യമാകും. കടൽകായൽ കാഴ്ചകൾക്കൊപ്പം അറബിക്കടലിന്റെ മനോഹാരിതയും സന്ദർശകർക്കു ലൈറ്റ് ഹൗസ് പകർന്നു നൽകും. കുട്ടികൾക്കും മുതിർന്നവർക്കും 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് നിരക്ക്. ഫോട്ടോ ഗ്രാഫിക്ക് 50 രൂപയും ഇടാക്കും. കൊച്ചി വൈപ്പിനിലേതു കഴിഞ്ഞാൽ ഉയരത്തിൽ കേരളത്തിലെ രണ്ടാമത്തെ ലൈറ്റ് ഹൗസ് (41.6 മീറ്റർ) ആണിത്. വൈപ്പിനിലേതിന് 45 മീറ്ററാണ് ഉയരം.കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രാലയത്തിന്റെ ചുമതലയിൽ 8.49 കോടി രൂപ ചെലവഴിച്ചു 45 സെൻ്റ് സ്ഥലത്ത് 3 വർഷം കൊണ്ടാണു ലൈറ്റ് ഹൗസ് നിർമിച്ചത്. സൗരോർജത്തിലാണു പ്രവർത്തനം. കപ്പലുകളുടെ ദിശ, വേഗം തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കുന്നതിനുള്ള നാഷനൽ ഓട്ടമാറ്റിക് ഐഡിന്റിഫിക്കേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള പ്രകാശം 24 നോട്ടിക്കൽ മൈൽ ദൂരം വരെ ലഭിക്കും. രാത്രി 7 മുതൽ രാവിലെ 6.15 വരെയാണ് ലൈറ്റ് ഹൗസിൻ്റെ പ്രവർത്തനം.ലൈറ്റ് ഹൗസുകളുടെ ചരിത്രം സംബന്ധിക്കുന്ന മ്യൂസിയവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 976 മീറ്റർ നീളമുള്ള വലിയഴീക്കൽ- അഴീക്കൽ ആർച്ച് പാലം കൂടി വന്നതോടെ ലൈറ്റ് ഹൗസും അഴീക്കൽ ബീച്ചും ഉൾപ്പെട്ട തീരദേശം വൻ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.










0 comments