Deshabhimani

ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടു;

എൽഡിഎഫ്‌ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 12:48 AM | 1 min read

​കരുനാഗപ്പള്ളി പതിനഞ്ച് വർഷമായി താലൂക്കാശുപത്രിയിൽ ശുചീകരണ തൊഴിലാളികളായി ജോലിചെയ്തുവരുന്ന കുടുംബശ്രീ പ്രവർത്തകരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും ഒറ്റരാത്രികൊണ്ട് പകരം 12പേരെ നിയമിക്കുകയും ചെയ്ത മുനിസിപ്പല്‍ അധികൃതരുടെ നടപടിക്കെതിരെ എൽഡിഎഫ്‌ പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ നഴ്സിങ്‌ സൂപ്രണ്ട് ഓഫീസിനുമുന്നിൽ എൽഡിഎഫ് പ്രവർത്തകരും തൊഴിലാളികളും പ്രതിഷേധം ശക്തമാക്കി. തുടർന്ന്‌ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിന്റെ ചേമ്പറിൽ നടന്ന ചർച്ചയിലും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ തീരുമാനമാകാത്തതിനാൽ സമരം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം. പ്രഥമ യുഡിഎഫ് മുനിസിപ്പല്‍ ഭരണസമിതിയുടെ നേതൃത്വത്തിലാണ് താലൂക്കാശുപത്രിയിൽ എച്ച്എംസി വഴി കുടുംബശ്രീ പ്രവർത്തകരെ ശുചീകരണ തൊഴിലാളികളായി നിയമിച്ചത്. വർഷങ്ങളായി ജോലിചെയ്‌തിരുന്നവരെ പിരിച്ചുവിട്ട്‌ മുനിസിപ്പൽ കൗൺസിലിലോ എച്ച്എംസിയോ അറിയാതെയും അപേക്ഷ ക്ഷണിക്കാതെയുമാണ്‌ ഒറ്റരാത്രികൊണ്ട്‌ 12പേരെ പിൻവാതിലിലൂടെ നിയമിക്കാൻ തീരുമാനിച്ചത്‌. എന്നാൽ, പ്രഥമ മുനിസിപ്പൽ കൗൺസിൽ നിയമിച്ച തൊഴിലാളികളെ പിന്നീട് 10വർഷം ഭരണത്തിലിരുന്ന എൽഡിഎഫ് ഭരണസമിതി പിരിച്ചുവിടുകയുണ്ടായില്ല. സാധാരണക്കാരായ കുടുംബശ്രീ പ്രവർത്തകർ ജോലിയിൽ തുടരട്ടെ എന്ന നിലപാടാണ് എൽഡിഎഫ് ഭരണസമിതികൾ എടുത്തത്‌. യുഡിഎഫ് അധികാരത്തിൽ വന്നതോടെ രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ട് അഴിമതി നടത്താനാണ്‌ പിൻവാതിലിലൂടെയുള്ള നിയമന ശ്രമമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. വർഷങ്ങളായി ജോലി ചെയ്തുവരുന്ന ഒരു തൊഴിലാളിയേയും പിരിച്ചുവിടാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച 69കോടി രൂപയുടെ വികസന പദ്ധതികൾ താലൂക്കാശുപത്രിയിൽ പൂർത്തിയാവുകയാണ്. 9 നിലയുള്ള ബൃഹത്തായ കെട്ടിടം പൂർത്തിയാകുന്നതോടെ കൂടുതൽ തൊഴിലാളികളെ ആശുപത്രിയിലേക്ക് വേണ്ടിവരും. ഈ സാഹചര്യത്തിൽ നിലവിലുള്ളവരെ സംരക്ഷിക്കാൻ മുനിസിപ്പൽ അധികൃതർ തയ്യാറാകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു തൊഴിലാളികളെ തിരിച്ചെടുക്കാത്ത സാഹചര്യത്തിൽ മുനിസിപ്പാലിറ്റിക്ക് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിന്‌ എൽഡിഎഫ് നേതാക്കളായ ജഗത്ജീവൻലാലി, ജി സുനിൽ, ആർ രവി, എം ശോഭന, പ്രവീൺ മനക്കൽ, ജെ ഹരിലാൽ, ബി എ ബ്രിജിത്, എം സുരേഷ് കുമാർ, സത്യൻ, കോട്ടയിൽ രാജു, അഭിജിത് എന്നിവർ നേതൃത്വം നൽകി. Highlights: താലൂക്ക്‌ ആശുപത്രിയിൽ ഒറ്റരാത്രികൊണ്ട് പകരം നിയമനവും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home