Deshabhimani

ആരോമൽ ചേകവർക്ക്‌ 
ആയുധം സ്‌റ്റെതസ്കോപ്പ്‌

ഡോ.ആരോമല്‍ ചേകവര്‍

ഡോ.ആരോമല്‍ ചേകവര്‍

avatar
സനു കുമ്മിൾ

Published on Sep 15, 2025, 12:49 AM | 1 min read

കടയ്ക്കൽ ​

ആയോധന വിദ്യകൾ ആർജിച്ച് ആദ്യ അങ്കം നേടിയ ആരോമൽ ചേകവരെ മച്ചുനൻ ചന്തു കുത്തുവിളക്കുകൊണ്ട് ചതിയിൽ കൊലപ്പെടുത്തിയ വടക്കൻ കഥയെ മലയാളിക്കറിയൂ. അതുകൊണ്ടാണ് ‘ ഇല്ല, ആരോമൽ ചേകവർ മരിച്ചിട്ടില്ല ’ തലവാചകത്തോടെ നെയിം ബോർഡിനു താഴെ കമന്റുകൾ നിറയുന്നത്. കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിലെ എൻഡ്രോക്രൈൻ സർജൻ ആരോമൽ ചേകവരെക്കുറിച്ചാണ്. കേരളത്തിലെ അറിയപ്പെടുന്ന തൈറോയിഡ് ചികിത്സകനാണ് ആരോമൽ ചേകവർ. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ആശുപത്രി വിവരങ്ങളിലെ പേരിലെ വ്യത്യസ്തത കണ്ടാണ് പലപ്പോഴും വടക്കൻ കഥയെ ഓർമിപ്പിക്കുന്ന കമന്റുകൾ നിറയുന്നത്. 
കൊല്ലം കരിക്കോട് അച്യുതത്തിലെ ഡോ. ആരോമൽ ചേകവർക്ക് പേരൊരിക്കലും പ്രശ്നമായി തോന്നിയിട്ടില്ല. പഠനകാലത്ത് അധ്യാപകർ കൂടുതൽ ശ്രദ്ധ നൽകുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നിപ്പോൾ വല്ലാത്ത അഭിമാനമുണ്ടെന്ന് ഡോ. ആരോമൽ ചേകവർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസോ. പ്രൊഫസറായിരുന്ന എൻ സുരേഷ് ബാബുവിന്റെയും ജി ഗീതയുടെയും ഏക മകനാണ് ആരോമൽ ചേകവർ. 
അമ്മയാണ് ആരോമൽ എന്ന പേര് നിർദേശിച്ചത്. ആരോമലിനൊപ്പം ചേകവർ എന്നുകൂടി അച്ഛൻ ചേർത്തു. അങ്ങനെയാണ് വടക്കൻ കഥയക്ക് പുറത്ത് ആരോമൽ ചേകവർ പിറന്നത്. കോയിക്കൽ സ്കൂൾ, കൊല്ലം എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ്, മംഗലാപുരം കെഎംസിയിൽ നിന്ന് പിജി, ലക്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എൻഡ്രോക്രൈൻ സർജറിയിൽ എംസിഎസ് ബിരുദവും നേടിയ ആരോമൽ ചികിത്സാ രംഗത്തും മിടുമിടുക്കനാണ്. 
ജോലിചെയ്യുന്ന വിവിധ സ്വകാര്യ ആശുപത്രികളിലായി പന്ത്രണ്ടായിരത്തിലധികം തൈറോയ്ഡ് രോഗികളെ ഇതുവരെ ചികിത്സിച്ചിട്ടുണ്ട്. 1600പേർക്ക് ശസ്ത്രക്രിയയും നടത്തി. ബാക്കിയുള്ളവർക്ക് കാൻസറില്ലെന്ന് ഗൈഡഡ് എഫ്എൻഎസി വഴി ഉറപ്പാക്കി ശസ്ത്രക്രിയ ഒഴിവാക്കി​. പേരിലെ വ്യത്യസ്തത ചികിത്സാ രംഗത്തും കൊണ്ടുവരാൻ ആരോമൽ ഡോക്ടറിന് കഴിഞ്ഞിട്ടുണ്ടെന്ന് കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രി ചെയർമാൻ എസ് വിക്രമൻ ദേശാഭിമാനിയോടു പറഞ്ഞു. ഡോ. പേളി ബാലകൃഷ്ണനാണ് ആരോമലിന്റെ ഭാര്യ. മക്കൾ: ഇഷ, ഇഷാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home