ad
Deshabhimani

ആറാം പ്രവൃത്തിദിന കണക്കെടുപ്പ്‌

ജില്ലയിൽ 14,171 കുട്ടികൾ കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Jun 11, 2026, 01:35 AM | 2 min read

കൊല്ലം

ജില്ലയിലെ സ്‌കൂളുകളിലെ ഒന്നുമുതൽ 10വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ 14,171 കുട്ടികൾ കുറഞ്ഞു. സർക്കാർ, എയ്‌ഡഡ്‌, അംഗീകൃത അൺ എയ്‌ഡഡ്‌ വിഭാഗത്തിൽ സ്‌കൂളുകളിൽ ആറാം പ്രവൃത്തിദിനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കണക്കെടുപ്പിലാണ്‌ കുറവ്‌ കണ്ടെത്തിയത്‌. എല്ലാ ക്ലാസിലും കുറവുണ്ട്‌. മുന്ന്‌ വിഭാഗത്തിലും കുറവുണ്ടെങ്കിലും അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ 510 കുട്ടികൾ മാത്രമാണ്‌ കുറഞ്ഞത്‌. കുടുതലും കൊഴിഞ്ഞ്‌ പോക്കുണ്ടായത്‌ സർക്കാർ സ്‌കൂളിലാണ്‌. ഇതിൽ മുന്നിൽ ആൺകുട്ടികളും. കഴിഞ്ഞ വർഷം 2,14,627 കുട്ടികൾ ഉണ്ടായിരുന്നിടത്ത്‌ ഇത്തവണ 2,00,456ലെത്തി. അഞ്ചാം ക്ലാസിലാണ്‌ എറ്റവുമധികം കുറവുണ്ടായത്‌. 3173 പേർ. ഒന്നാം ക്ലാസിൽ 1986 കുട്ടികളും എട്ടാം ക്ലാസിൽ 2239 കുട്ടികളുമാണ് കുറഞ്ഞത്‌. അഞ്ചിൽ കഴിഞ്ഞവർഷം 20,450 ആയിരുന്നത് ഇത്തവണ 17 ,277ആയി കുറഞ്ഞു. ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷം 14,294 കുട്ടികളുണ്ടായിരുന്നിടത്ത്‌ ഇത്തവണ 12,398 കുട്ടികളാണുള്ളത്‌. എട്ടിലും കുട്ടികളുടെ കുറവ്‌ താരതമ്യേന കുടുതലാണ്‌. 27,410ൽ നിന്ന്‌ 25,171ൽ എത്തി. സർക്കാർ സ്‌കൂളുകളിൽ 7465 കുട്ടികളുടെയും എയ്‌ഡഡിൽ 6196 കുട്ടികളുടെയും കുറവുണ്ടായി. 2025ൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 83,161 കുട്ടികൾ പഠിച്ചിടത്ത്‌ ഇത്തവണ 75,696ആയി കുറഞ്ഞു. ഏറ്റവും കുടുതൽ കുട്ടികൾ പഠിക്കുന്ന എയ്‌ഡഡ്‌ മേഖലയിൽ 2025ൽ 1,14,566 ആയിരുന്നത് 2026ൽ 1,08,370 ആയി. ജില്ലയിൽ ആകെ ആൺകുട്ടികളിൽ 7138പേരും പെണ്‍കുട്ടികളിൽ 7033 പേരും കുറഞ്ഞു. പ്രവേശന സമയത്ത്‌ നൽകുന്ന എസ്‌എസ്‌എ യുണീക്ക്‌ ഐഡി ഉപയോഗിച്ചാണ്‌ വിവരങ്ങളെടുത്തത്‌. കുട്ടികൾ സ്കൂൾ മാറിയാലും ഐഡി മാറില്ല. 429 സർക്കാർ സ്‌കൂളും 436 എയ്‌ഡഡ്‌ സ്‌കൂളും 234 അംഗീകൃത അൺഎയ്‌ഡഡും ഉൾപ്പെടെ 1099 സ്‌കൂളാണ്‌ ജില്ലയിലുള്ളത്‌. ഇതിൽ എൽപി വിഭാഗത്തിൽ 275 സർക്കാർ സ്‌കൂളും 178 എയ്‌ഡഡ്‌ സ്‌കൂളും 34 അൺ എയ്‌ഡഡ്‌ സ്‌കൂളും പ്രവർത്തിക്കുന്നു. യുപി വിഭാഗത്തിൽ 66, 131, 22 ക്രമത്തിലും അൺ എയ്‌ഡഡ്‌ മേഖലയിൽ 88, 127, 19 എന്നിങ്ങനെയുമാണ്‌ സ്‌കൂളുകളുടെ എണ്ണം. മുൻവർഷങ്ങളില്‍ സർക്കാർ സ്‌കൂളിൽ പ്രവേശിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നില്ല. കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്‌ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക തസ്തികകളെയും ബാധിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home