ശക്തമായ കാറ്റും മഴയും; എഴുകോണിൽ മരങ്ങൾ റോഡിലേക്ക് മറിഞ്ഞു

എഴുകോൺ
വ്യാഴാഴ്ച പകൽ മൂന്നിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും എഴുകോണിൽ വ്യാപക നാശം. ദേശീയപാതയിലും റെയിൽവേ ട്രാക്കിലും അങ്കണവാടിക്ക് മുകളിലും മരം വീണു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ അമ്പലത്തുംകാല കോളന്നൂരിൽ മൂന്നിടത്താണ് മരം റോഡിലേക്ക് മറിഞ്ഞത്. റെയിൽവേ പുറമ്പോക്കിൽ നിന്ന കൂറ്റൻ മരങ്ങളാണ് ഒടിഞ്ഞും പിഴുതും വീണത്. എഴുകോൺ ഗവ. പോളിയിലെയും സമീപത്തെ സ്കൂളിലെയും വിദ്യാർഥികൾ ഉൾപ്പെടെ ധാരാളം കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നു പോകവെയാണ് മരങ്ങൾ വീണത്. വൻ അപകടമാണ് ഒഴിവായത്. ദേശീയപാതയിൽ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ഇരുമ്പനങ്ങാട് വഴി തിരിച്ചുവിട്ടു. കോളന്നൂർ ഭാഗത്ത് റെയിൽവേ ട്രാക്കിലും മരം ഒടിഞ്ഞുവീണു. കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സും എഴുകോൺ പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. എഴുകോൺ ഗവ. പോളിടെക്നിക് കോളേജ് പുരയിടത്തിൽ നിന്ന വലിയ മരവും കടപുഴകി. കെട്ടിടത്തിനോടും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് സമീപവുമായാണ് മരം വീണത്. ഇവിടെയും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. അമ്പലത്തുംകാല 66-ാം നമ്പർ അങ്കണവാടിക്ക് മുകളിലും മരം വീണു. ഷീറ്റ് മേഞ്ഞ അങ്കണവാടിയ്ക്ക് മുകളിലേക്ക് സമീപത്തെ പുരയിടത്തിൽ നിന്ന് റബർ മരമാണ് ചരിഞ്ഞു വീണത്. അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല.









0 comments